മൂലമറ്റം: ഇടുക്കി സംഭരണിയുടെ ഭാഗമായ കുളമാവ് ജലാശയത്തില്‍ മീന്‍ പിടിക്കുവാന്‍ പോയി കാണാതായ സഹോദരങ്ങളില്‍ മൂത്തയാളുടെ മൃതദേഹവും കണ്ടെത്തി. കുളമാവ് ചക്കിമാലി കോയിപ്പുറത്ത് ബിനു(36) വിന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ വേങ്ങാനം തലയ്ക്കല്‍ ഭാഗത്ത് നിന്ന് കണ്ടെത്തിയത്.
മൃതദേഹം വെള്ളത്തില്‍ പൊങ്ങിയ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ബിനുവും സഹോദരന് ബിജുവും കൂടി മീന്‍ പിടിക്കാന്‍ കെട്ടിയ വല അഴിക്കാനായി കഴിഞ്ഞ 21ന് വള്ളത്തില്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്. സാധാരണ തിരിച്ചെത്തുന്ന സമയം കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നാണ് അപകടത്തെ കുറിച്ച് സൂചന കിട്ടിയത്. ജലാശയത്തില്‍ എല്ലാ സംവിധാനവും ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ബിജുവിന്റെ മൃതദേഹം 5 ദിവങ്ങള്‍ക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ബിജുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇടുക്കി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബിനുവിന്റെ മൃതദേഹം 8 ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. ബിജു അവിവാഹിതനാണ്. ബിനുവിന്റെ ഭാര്യ: സുജ. മക്കള്‍: അബിനു, അരുണിമ. ബിനുവിന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രണ്ട് മൃതദേഹങ്ങളും തൊടുപുഴ ശാന്തിതീരം വൈദ്യുത ശ്മശാനത്തില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: