മുട്ടം: കാക്കൊമ്പ്, കുഴിയനാല്‍, കൊല്ലംകുന്ന്, തേന്‍വെട്ടി പ്രദേശങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം രൂക്ഷമെന്ന് വ്യാപക പരാതി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടുപന്നികള്‍ കൂട്ടത്തോടെ എത്തി പ്രദേശത്തെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയാണ്.
പച്ചിലാംകുന്നേല്‍ വിജയന്, നെടുമ്പാറയില്‍ വിഘ്നേശ്വരന്, പുളിക്കല്‍ സിബി, പുളിക്കകുന്നേല്‍ പാപ്പച്ചന് എന്നിവരുടെ കൃഷിയിടത്തിലെ കപ്പ, ചേന, കാച്ചില്, വാഴ, ഇഞ്ചി, മഞ്ഞള്‍, ചീര, മുളക് എന്നിവ വ്യാപകമായി നശിപ്പിച്ചു. കുഴിയനാല്‍ പള്ളി ഭാഗത്ത് പ്രഭാത സവാരിക്ക് ഇറങ്ങുന്നവര്‍, പറമ്പില്‍ പണിക്ക് പോകുന്ന തൊഴിലാളികള്‍, പുല്ലരിയാന്‍ പോകുന്നവര്‍ എന്നിവര്‍ക്ക് നേരെ ആക്രമണ ഭാവത്തില്‍ കാട്ടു പന്നികള്‍ പാഞ്ഞടുക്കുന്ന സംഭവങ്ങളുമുണ്ട്.
ആക്രമണം ഭയന്ന് ടാപ്പിങ് തൊഴിലാളികള്‍ ഏറെ ദിവസങ്ങളായി പണികള്‍ക്ക് പോകുന്നുമില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: