അഴിമതി ഭക്ഷിച്ചു ജീവിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ഓരോ ദിവസവും അധികാധികം വ്യക്തമാവുകയാണല്ലോ. നേതൃത്വത്തിന്റെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി, പാര്‍ട്ടി പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ വികൃതരൂപമാണ് സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍നിന്ന് പുറത്തുവരുന്ന കോടാനുകോടി രൂപയുടെ പണം തട്ടിപ്പുകള്‍. പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സഹകരണ ബാങ്കില്‍ മാത്രം 300 കോടി രൂപയുടെ പണം തട്ടിപ്പ് നടന്നിരിക്കുന്നുവെന്നതില്നിന്നു തന്നെ ഈ അഴിമതിയുടെ വലിപ്പം ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. സിപിഎം നിയന്ത്രിക്കുന്ന പല സഹകരണ ബാങ്കുകളില്‍നിന്നും ഇത്തരം ബഹുകോടികളുടെ അഴിമതി പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വം കുറ്റകരമായ മൗനത്തിലാണ്. പാര്ട്ടിനേതൃത്വത്തിലിരിക്കുന്നവരാണ് അഴിമതി നടത്തിയിരിക്കുന്നത്. ഉന്നതനേതാക്കളുടെ അറിവും ഒത്താശയും ഈ അഴിമതികള്ക്കുണ്ട് എന്ന കാര്യവും അനിഷേധ്യമാണ്. പരസ്പര ധാരണ പ്രകാരം ചില നേതാക്കളെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്റ് ചെയ്തും, കേസുകള്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലും നടന്നതായി സംശയിക്കുന്നതിനാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം വരുമെന്ന് ഭയന്നാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിച്ചത്.
മുട്ടിലേതുള്പ്പെടെ പുറത്തു വന്നത് സംസ്ഥാന വ്യാപകമായ വനംകൊള്ളയാണെന്ന് വ്യക്തമായതിന് തൊട്ടുപിന്നാലെയാണ് സഹകരണക്കൊള്ളയുടെ നടുക്കുന്ന വിവരങ്ങളും വെളിപ്പെട്ടത്. ചില ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി വനംകൊള്ളയ്ക്കു പിന്നിലെ രാഷ്ട്രീയ നേതാക്കളെ രക്ഷപ്പെടുത്താനുള്ള തന്ത്രമാണ് പിണറായി സര്‍ക്കാര്‍ പയറ്റുന്നത്. കുണ്ടറ പീഡനക്കേസ് സത്യപ്രതിജ്ഞ ലംഘിച്ച് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണമുയര്‍ന്ന ഇപ്പോഴത്തെ വനം മന്ത്രി എ.കെ. ശശീന്ദ്രനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാതെ സംരക്ഷിക്കുന്നതുപോലും വനംകൊള്ളയുടെ അണിയറ രഹസ്യങ്ങള്‍ മന്ത്രിക്ക് അറിയാവുന്നതിനാലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മന്ത്രി ശശീന്ദ്രന് തെറ്റൊന്നും ചെയ്തിട്ടില്ല എന്നു പ്രഖ്യാപിച്ചതിനു പുറമെ, പീഡനക്കേസ് ചീറ്റിപ്പോയെന്ന് പറയാനും മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് സിപിഎം നേതാക്കളുടെ മടിയില്‍ കനമുള്ളതുകൊണ്ടാണെന്ന് കരുതേണ്ടിയിരിക്കുന്നു. അഴിമതിക്കാരെ രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ഈ കള്ളക്കളി ഹൈക്കോടതി കണ്ടുപിടിച്ചിരിക്കുകയാണ്. വനംകൊള്ളയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കേസുകളെടുത്തിട്ടും ഒരാളെപ്പോലും അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടാണെന്ന കോടതിയുടെ ചോദ്യം, അഴിമതിക്കെതിരാ സര്‍ക്കാരെന്ന അവരുടെ അവകാശവാദം അസത്യമെന്ന് തെളിയിക്കുന്നതാണ്. കൊവിഡ് കാരണമാണ് പ്രതികളെ അറസ്റ്റു ചെയ്യാത്തതെന്ന സര്‍ക്കാരിന്റെ വിശദീകരണം പരിഹാസ്യമാണ്. അഴിമതിക്കാരെ സംരക്ഷിക്കാന്‍ കൊവിഡിനെ സര്‍ക്കാര്‍ മറയാക്കുന്നു എന്നതാണ് സത്യം.
ഇങ്ങനെയൊരു സര്‍ക്കാര്‍ അഴിമതിവിരുദ്ധമാണെന്നോ അഴിമതിരഹിതമാണെന്നോ പറഞ്ഞാല്‍ ഒരാളും വിശ്വസിക്കില്ല. ഞങ്ങള്‍ അഴിമതിക്കാരാണെങ്കില്‍ നിങ്ങളും അഴിമതിക്കാരാണെന്നു വരുത്തുകയാണ് പിന്നെച്ചെയ്യാനുള്ളത്. മുഖ്യമന്ത്രിതന്നെ ആരോപണവിധേയനായ, ഒന്നാം പിണറായി സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ശക്തമായി സമരത്തിന് ഇറങ്ങിയത് ബിജെപിയാണ്. നിയമസഭയില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ്സിനെയല്ല, ജനങ്ങള്‍ക്കിടയില്‍ നില്ക്കുന്ന ബിജെപിയെയാണ് ഇക്കാര്യത്തില്‍ നേരിടേണ്ടതെന്ന് മുഖ്യമന്ത്രിക്കറിയാം. അതാണ് കൊടകരക്കവര്ച്ചാ കേസില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം. കേസിലെ സാക്ഷികളും പ്രതികളാവാമെന്നായിരുന്നു അത്. അഴിമതിക്കേസുകളിലും കൊലപാതക്കേസുകളിലും സിപിഎമ്മുമായി ഒത്തുകളിച്ചതിന്റെ ദീര്‍ഘകാല ചരിത്രമുള്ള കോണ്‍ഗ്രസ്സ് വിഷയത്തില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നത് സര്‍ക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്. കൊടകര കേസില്‍ ബിജെപിക്ക് ബന്ധമില്ലെന്നാണ് തുടക്കം മുതല്‍തന്നെ ആ പാര്‍ട്ടി പറഞ്ഞുവന്നിരുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അത് വ്യക്തമാവുകയും ചെയ്തു. ഒരു ബിജെപി നേതാവും പ്രതിയല്ല. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അടക്കമുള്ളവര്‍ സാക്ഷികളാണ്. ഇത് മനസ്സില്‍ വച്ചുകൊണ്ടാണ് സാക്ഷികളും പ്രതികളാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പോലീസിന് കൊടുക്കുന്ന നിര്‍ദ്ദേശമായേ ഇതിനെ കണക്കാക്കാനാവൂ. രാഷ്ട്രീയ പ്രേരിതമായി, കേസില്‍ കുടുക്കും എന്നാണിതിന്റെ സൂചന. എല്ലാ സാധ്യതകളും ഉപയോഗിച്ച് അഴിമതി നടത്തുകയും, ചോദ്യം ചെയ്യുന്നവരെ കേസില്‍ കുടുക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കുന്നതാണ് സര്‍ക്കാരിന് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: