സുപ്രീംകോടതി വിധിയുടെ പേരില്‍ ബലം പ്രയോഗിച്ച് വനിതകളെ പ്രവേശിപ്പിച്ച് ശബരിമലയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഇടതുമുന്നണി സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന്റെ മറവിലും തീര്‍ത്ഥാടനം അട്ടിമറിക്കുന്നു. വ്രതശുദ്ധിയോടെ മലചവിട്ടാനെത്തുന്ന അയ്യപ്പന്മാര്ക്ക് അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും, ആചാരാനുഷ്ഠാനങ്ങള്‍ വിലക്കുകയുമാണ്. ഭക്തര്‍ക്കു വേണ്ട ക്രമീകരണങ്ങളൊന്നും ദേവസ്വം ബോര്‍ഡ് ഒരുക്കുന്നില്ല. പമ്പാ സ്നാനം, പിതൃതര്‍പ്പണം, എരുമേലി പേട്ടതുള്ളല്‍, നെയ്യഭിഷേകം, പറകൊട്ടിപ്പാട്ട്, പുള്ളുവന്‍പാട്ട്, ഭസ്മക്കുള സ്നാനം, ശയനപ്രദക്ഷിണം തുടങ്ങിയവയ്ക്കൊന്നും അയ്യപ്പഭക്തരെ അനുവദിക്കുന്നില്ല. പമ്പയില്‍നിന്ന് നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, ശരംകുത്തി വഴി മലചവിട്ടാനും അനുവാദമില്ല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയിട്ടും ഭക്തരെ പമ്പാസ്നാനത്തിന് അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. അതേസമയം ഇതേ പമ്പാനദിയില്‍ തന്നെ മറ്റിടങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുമില്ല. തീര്‍ത്ഥാടനത്തിന്റെ അവിഭാജ്യഘടകവും, ഭക്തര്‍ ഏറെ പവിത്രമായി കാണുകയും ചെയ്യുന്ന പമ്പാ സ്നാനം മുടക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് കരുതേണ്ടിയിരിക്കുന്നു. ഒന്നര വര്‍ഷമായി ഇതേ സ്ഥിതി തുടരുകയാണ്. ജലത്തിലൂടെ കൊവിഡ് പകരുമെന്ന് ഇതുവരെ ഒരു പഠനവും കണ്ടെത്തിയിട്ടില്ലെന്നിരിക്കെ തീര്‍ത്ഥാടനം അട്ടിമറിക്കുകയെന്ന ദുഷ്ടലാക്കാണ് ദേവസ്വം ബോര്‍ഡിനുള്ളതെന്നു പറയാതെ വയ്യ. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ രാജ്യത്തെ മറ്റൊരിടത്തും പുണ്യസ്നാനത്തിന് വിലക്കില്ല. അവിടങ്ങളിലൊന്നും ഇക്കാരണത്താല്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നുമില്ല.
ശബരിമലയില്‍ പ്രവേശിക്കാന്‍ വനിതകള്‍ക്ക് വിലക്കില്ല എന്നുമാത്രമായിരുന്നു സുപ്രീംകോടതിയുടെ ഭൂരിപക്ഷ ബഞ്ചിന്റെ വിധി. ഇതിന്റെ പേരില്‍ അധികാരത്തിന്റെ ശക്തിയില്‍ ഭക്തരെ അടിച്ചമര്‍ത്തി ബലംപ്രയോഗിച്ച് യുവതികളെ സന്നിധാനത്തെത്തിക്കാനാണ് ഇടതുമുന്നണി സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിച്ചത്. അയ്യപ്പ ഭക്തരോ ഈശ്വരവിശ്വാസികളോ അല്ലാത്ത ചില സ്ത്രീകളെ പോലീസിനെക്കൊണ്ട് സന്നിധാനത്തെത്തിച്ചത് തങ്ങളുടെ വലിയ നേട്ടമായി സര്‍ക്കാര്‍ ചിത്രീകരിക്കുകയും ചെയ്തു. ശബരിമല യുവതീ പ്രവേശന വിധിക്കു മുന്‍പും പിന്‍പും ഇതരമതസ്ഥരുടെ ആരാധനാലയവുമായി ബന്ധപ്പെട്ട കോടതിവിധികള്‍ നടപ്പാക്കാന്‍ യാതൊരു താല്‍പ്പര്യവും കാണിക്കാതിരുന്നവരാണ് ശബരിമലയില്‍ വിധി നടപ്പാക്കാനെന്ന പേരില്‍ തേര്‍വാഴ്ച നടത്തിയത്. ഇതിനുശേഷം മൂന്ന് പൊതു തെരഞ്ഞെടുപ്പുകള്‍ നടന്നു. ലോക്സഭാ തെരഞ്ഞെടുപ്പും പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും. ഈ അവസരങ്ങളിലൊക്കെ, തങ്ങള്‍ക്ക് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും, ഭക്തരുടെ വികാരങ്ങള്‍ വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നുമൊക്കെ സര്‍ക്കാരിനെ നയിക്കുന്നവര്‍ ക്ഷമാപണ സ്വരത്തില്‍ പറയുകയുണ്ടായി. വോട്ടര്‍മാരില്‍ നിന്ന് ഉണ്ടാകാനിടയുള്ള തിരിച്ചടി ഭയന്നായിരുന്നു ഇങ്ങനെയൊരു അടവുനയം പുറത്തെടുത്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മാറ്റിപ്പറയുകയും ചെയ്തു. കഴക്കൂട്ടത്ത് മത്സരിച്ച മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇക്കൂട്ടരില്‍പ്പെടുന്നു.
കേസ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിനു വിട്ടതോടെ യുവതീപ്രവേശന വിധിയുടെ അന്തിമ സ്വഭാവം മാറിയിരിക്കുകയാണ്. ഫലത്തില്‍ ഈ വിധി അസ്ഥിരപ്പെട്ടിരിക്കുന്നു. ഇതോടെ സര്‍ക്കാരും സ്വരം മാറ്റുകയുണ്ടായി. ശബരിമലയുമായി ബന്ധപ്പെട്ട് ഭാവിയില്‍ ഉണ്ടാകുന്ന ഉത്തരവുകള്‍ ഭക്തജനങ്ങളുമായും മറ്റും ആലോചിച്ചശേഷമേ നടപ്പാക്കൂ എന്നാണ് പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയാണ് കൊവിഡ് കാലത്തെ മറയാക്കി ആചാരങ്ങള്‍ വിലക്കി തീര്‍ത്ഥാടനം അട്ടിമറിക്കുന്നതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. ഭക്തജനങ്ങളെ വഞ്ചിക്കലാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കര്‍ക്കടക മാസ പൂജയ്ക്ക് അഞ്ച് ദിവസം നട തുറന്നപ്പോള്‍ വളരെ കുറച്ച് ഭക്തര്‍ക്ക് മാത്രമാണ് ദര്‍ശനം നടത്താനായത്. സര്‍ക്കാര്‍ ആഗ്രഹിക്കുന്നതും ഇതാണ്. കൊവിഡ് കാലത്ത് ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പലതവണ വ്യക്തമായതാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് അയ്യപ്പഭക്തന്മാര്ക്ക് അറിയാം. പക്ഷേ യുക്തിസഹമല്ലാത്ത വിധത്തിലും, അനാവശ്യമായും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനെയാണ് ഹൈന്ദവ സംഘടനകള്‍ ചോദ്യം ചെയ്യുന്നത്. വിശ്വാസത്തിന്റെയും ആചാരങ്ങളുടെയുമൊക്കെ പ്രശ്നമായതിനാല്‍ നിയന്ത്രണങ്ങള്‍ എന്തൊക്കെ വേണമെന്ന കാര്യത്തില്‍ ഇത്തരം സംഘടനകളുമായി സര്‍ക്കാരിന് ആശയവിനിമയമോ ചര്‍ച്ചകളോ നടത്താവുന്നതാണ്. എന്നാല്‍ അതിനൊന്നും നില്‍ക്കാതെ ഏകപക്ഷീയമായി നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ അയ്യപ്പഭക്തരെ ആചാരങ്ങള്‍ അനുഷ്ഠിക്കാനും, അങ്ങനെ തീര്‍ത്ഥാടനം സുഗമമാക്കാനുമുള്ള നടപടികള്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. ഇതിനു പകരം കൊവിഡിന്റെ മറവില്‍ ആചാരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെങ്കില്‍ ശക്തമായ പ്രതിഷേധം ഉയരുമെന്ന കാര്യം ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: