കൊല്ലം: ജില്ലയില്‍ ക്രിമിനല്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. കൊട്ടാരക്കര ആയൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് സമീപത്തായി അജയന്‍പിള്ള എന്ന ലോറി ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അറുപതിലധികം ക്രിമിനല്‍ കേസുകള്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലത്തിലുള്ളവര്‍ ഉള്‍പ്പെടുന്ന കേസുകള്‍ക്ക് പുറമെ കുടുംബപ്രശ്നങ്ങളും സൗഹൃദ വിഷയങ്ങളുമൊക്കെ ക്രിമിനല്‍ കേസുകളായി മാറുന്നത് ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. കൊലപാതക കേസുകളില്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ പല പ്രതികളെയും പിടികൂടാന്‍ സാധിച്ചിട്ടില്ലെന്നതും എടുത്തു പറയേണ്ടതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയായവരില്‍ മിക്കവരും മദ്യം, മറ്റ് ലഹരികള്‍ എന്നിവ ഉപയോഗിച്ചിരുന്നു.
കഴിഞ്ഞ ദിവസം ജില്ലയില്‍ വ്യാപകമായി നടത്തിയ റെയ്ഡില്‍ മുന്‍കേസുകളില്‍ പ്രതികളായ ആറോളം പേരെയാണ് ഒറ്റദിവസം മാത്രം പോലീസ് പിടികൂടിയത്. പുതിയ കേസുകളില്‍ പിടികൂടിയവരുടെ എണ്ണവും കുറവല്ല. ക്രിമിനല്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരെയും കുറ്റവാളികളെയും പ്രത്യേകമായി നിരീക്ഷിക്കാനും തീരുമാനമുണ്ട്. ഇവരുടെ താവളങ്ങളും പോലീസ് നിരീക്ഷണത്തിലായിലിരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: