ആഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇത് നമ്മളെ സംബന്ധിച്ചിടത്തോളം വളരെ സൗഭാഗ്യകരമായ ഒന്നാണ്. എന്തെന്നാല്‍, രാജ്യം, നൂറ്റാണ്ടുകളായി കാത്തിരുന്ന സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തിന് സാക്ഷികളാകുവാന്‍ പോവുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കാന്‍ മാര്‍ച്ച് 12ന് ബാപ്പുവിന്റെ സബര്‍മതി ആശ്രമത്തില്‍ അമൃത മഹോത്സവത്തിന് തുടക്കം കുറിച്ചു. ആ ദിവസം തന്നെ ബാപ്പുവിന്റെ ദണ്ഡിയാത്രയുടെ സ്മരണകളും പുനരുജ്ജീവിപ്പിച്ചു. അന്നു മുതല്‍ രാജ്യം മുഴുവനും അമൃത മഹോത്സവവുമായി ബന്ധപ്പെട്ട പരിപാടികള്‍ നടന്നുവരികയാണ്.
നിരവധി സംഭവങ്ങള്‍, സ്വാതന്ത്ര്യ സമരസേനാനികളുടെ പോരാട്ടം, അവരുടെ ജീവത്യാഗം ഒക്കെ മഹത്തരമാണ്. പക്ഷേ അതൊന്നും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് ആളുകള്‍ അവരെക്കുറിച്ചും അറിയുകയാണ്. ഇപ്പോള്‍ നിങ്ങള്‍ മൊയിറാങ് ദിവസത്തെക്കുറിച്ച് ചിന്തിക്കൂ. മണിപ്പൂരിലെ ചെറിയ പ്രദേശമാണ് മൊയിറാങ്. ആ സ്ഥലം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി, അതായത് ഐ എന്‍ എയുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു. അവിടെ സ്വാതന്ത്ര്യത്തിനു മുന്‍പേ ഐ എന്‍ എയുടെ കേണല്‍ ഷൗക്കത്ത് മാലിക് പതാക ഉയര്‍ത്തി. അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 14 ന് അതേ മൊയിറാങ്ങില്‍ വെച്ച് വീണ്ടും ഒരിക്കല്‍ കൂടി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. അങ്ങനെ എത്രയെത്ര സ്വാതന്ത്ര്യസമരസേനാനിമാരും മഹാപുരുഷന്മാരും – അവരെയെല്ലാം അമൃതമഹോത്സവത്തിലൂടെ രാജ്യം ഓര്‍മിക്കുകയാണ്.
സര്‍ക്കാരും സാമൂഹിക സംഘടനകളും ചേര്‍ന്ന് ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള ഒരു പരിപാടി ആഗസ്റ്റ് 15 ന് നടക്കാന്‍ പോവുകയാണ്. സാംസ്കാരിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഒട്ടനവധി ഭാരതീയര്‍ ചേര്‍ന്ന് ദേശീയഗാനം ആലപിക്കുക എന്നതാണിത്. ഇതിനായി ഒരു വെബ്സൈറ്റ് തയ്യാറായിട്ടുണ്ട്, ”രാഷ്ട്രഗാന്‍ ഡോട്ട് ഇന്‍.” ഈ വെബ്സൈറ്റിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ദേശീയഗാനം പാടി അത് റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. അങ്ങനെ ഈ ഉദ്യമത്തില്‍ പങ്കുചേരാം. ഈ മഹത്തായ യജ്ഞത്തില്‍ എല്ലാവരും പങ്കുചേരും എന്ന് പ്രതീക്ഷിക്കുന്നു.
ഇത്തരത്തിലുള്ള അനേകം പ്രവര്‍ത്തനങ്ങളും പരിശ്രമങ്ങളും വരുംദിവസങ്ങളില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അമൃത മഹോത്സവം സര്‍ക്കാരിന്റെയോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയല്ല. കോടിക്കണക്കിന് ഭാരതീയരുടെ ഒത്തുചേരലാണ്. സ്വതന്ത്രനും കൃതജ്ഞതയുള്ളവനുമായ ഓരോ ഭാരതീയനും സ്വാതന്ത്ര്യസമര സേനാനികളെ പ്രണമിക്കലാണത്. ഈ മഹോത്സവത്തിന്റെ ആശയം വളരെ വിശാലമാണ്. സ്വാതന്ത്ര്യസമര സേനാനികളുടെ മാര്‍ഗത്തിലൂടെ സഞ്ചരിക്കുക, അവരുടെ സ്വപ്നങ്ങളിലെ രാഷ്ട്രത്തെ സൃഷ്ടിക്കുക എന്നതാണ് നമ്മുടെ കടമ. രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാനായി സ്വാതന്ത്ര്യസമരസേനാനികള്‍ ഒന്നുചേര്‍ന്നതുപോലെ നമുക്കും ദേശത്തിന്റെ വികാസത്തിനായി ഒന്നുചേരേണ്ടതുണ്ട്. നാം രാജ്യത്തിനു വേണ്ടി ജീവിക്കണം. രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കണം. ചെറിയ ചെറിയ പ്രവര്‍ത്തനങ്ങളും പരിശ്രമങ്ങളും പോലും വലിയ ഫലങ്ങള്‍ നേടിത്തരും. നിത്യേനയുള്ള ജോലികളോടൊപ്പം തന്നെ നമുക്ക് രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: