മലപ്പുറം : കള്ളപ്പണമെന്ന് ചൂണ്ടിക്കാട്ടി എആര്‍ നഗര്‍ സഹകരണബാങ്കില്‍ നിന്നും കണ്ടുകെട്ടിയ കള്ളപ്പണത്തില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന് ഹാഷിഖിന്റെ നിക്ഷേപവും. ഇതുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ബാങ്കിന് നല്കിയ ഉത്തരവിന്റെ പകര്‍പ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വ്യക്തമായ രേഖകകളില്ലാത്ത പണമാണ് ഇത്തരത്തില്‍ കണ്ടുകെട്ടിയിട്ടുള്ളത്.
മെയ് മാസം 25നാണ് ആദായനികുതിവകുപ്പ് കോഴിക്കോട് വിഭാഗം എആര്‍ നഗര്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ നിന്നും കള്ളപ്പണം കണ്ടുകെട്ടിയത്. 53 പേരുടെ നിക്ഷേപങ്ങളാണ് ഇത്തരത്തില്‍ കണ്ടുകെട്ടിയത്. പട്ടികയിലെ ഒന്നാം പേരുകാരന് പ്രവാസി ബിസിനസുകാരന് കൂടിയായ ഹാഷിഖ് പാണ്ടിക്കടവത്താണ്. എന്നാല്‍ എത്ര തുകയാണ് ആദായ നികുതി വകുപ്പ് കണ്ടു കെട്ടിയതെന്ന് ഉത്തരവിലില്ലെങ്കിലും മൂന്നരക്കോടിയുടെ സ്ഥിരനിക്ഷേപവും അതിന്റെ പലിശയനിത്തില്‍ ഒന്നരക്കോടിയുമെന്നാണ് ബാങ്ക് വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. കള്ളപ്പണം കണ്ടുകെട്ടിയിട്ടും എആര്‍ നഗര്‍ ബാങ്കിനെതിരെയുള്ള നടപടി വൈകുന്നത് രാഷ്ട്രീയ സ്വാധീനം കാരണമാമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ അനധികൃത നിക്ഷേപവും കണ്ടെത്തിയ ബാങ്കിലുള്ള ഈ നിക്ഷേപത്തെക്കുറിച്ച് കുഞ്ഞാലിക്കുട്ടിയില്‍ നിന്നും വിശദീകരണം തേടി. തുക മകന്റെ പേരിലുണ്ടായിരുന്ന എസ്ബിഐ അക്കൗണ്ടില്‍ നിന്ന് മാറ്റി നിക്ഷേപിച്ചതാണെന്നും കള്ളപ്പണമല്ലെന്നുമാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. രേഖകള്‍ ആദായനികുതി വകുപ്പ് മുമ്പാകെ ചാര്‍ട്ടേഡ് അക്കൊണ്ടന്റ് മുഖേന ഹാജരാക്കിയിട്ടുണ്ട്. നേര്‍വഴിയിലൂടെയുള്ള മണി ട്രാന്‍സ്ഫറാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തുക കണ്ടുകെട്ടും മുമ്പ് തന്നെ എല്ലാ നിക്ഷേപകര്‍ക്കും രേഖകള്‍ ഹാജരാക്കി പണം തിരികെ കൈപ്പറ്റാന്‍ അവസരം ഒരുക്കിയിരുന്നു. ഇത്തരത്തില്‍ രേഖകള്‍ ഹാജരാക്കിയ നിക്ഷേപകരുടെ ഏഴ് കോടിയോളം രൂപ തിരികെ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹാഷിഖ് മതിയായ രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും അതിനാലാണ് നിക്ഷേപം കണ്ട് കെട്ടിയതെന്നുമാണ് ആദായനികുതി വകുപ്പ് വിശദീകരണം നല്‍കിയിരിക്കുന്നത്.
2021 മാര്‍ച്ചിലാണ് മലപ്പുറം വേങ്ങരക്കടുത്ത് എആര്‍ നഗറിലെ ബാങ്കില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി 110 കോടി രൂപയുടെ അനധികൃതനിക്ഷേപം കണ്ടെത്തിയത്. അന്ന് തന്നെ ബാങ്കില്‍ പ്രമുഖര്‍ക്ക് നിക്ഷേപമുള്ളതായി സൂചനയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: