അജ്ഞാനമാകുന്ന ഇരുട്ടില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് നമ്മെ നയിക്കാന്‍ ശ്രമിക്കുന്നവരെല്ലാം നമ്മുടെ ഗുരുക്കന്മാരാണ്. അവര്‍ നമ്മുടെ അകക്കണ്ണ് തുറപ്പിക്കുന്നു. വിദ്യയുടെയെന്നപോലെ വിദ്യാദാതാക്കളായ ഗുരുക്കന്മാരുടെയും പ്രാധാന്യത്തെക്കുറിച്ച് രാമായണം ഓര്മിപ്പിക്കുന്നുണ്ടണ്ട്. ദൃഢവും കളങ്കരഹിതവുമായ ഗുരുശിഷ്യബന്ധം വിദ്യാസാഫല്യത്തിന് അനിവാര്യമാണ്. അറിവു പകരുന്നതിനൊപ്പം ശിഷ്യരില്‍ നന്മകള് വളര്‍ത്തുന്നതിനും മാതൃകാധ്യാപകര്‍ ശ്രദ്ധിക്കും. സ്വഭാവസംസ്കരണത്തിനുതകാത്ത വിദ്യാഭ്യാസം നിരര്‍ഥകമെന്ന് അവര്‍ക്കറിയാം.
പഠനമികവും സ്വഭാവമഹിമയുമുള്ള ശിഷ്യര്‍ക്കേ ഗുരുപ്രസാദം ലഭിക്കൂ. ജീവിതയാത്രയില്‍ അവര്‍ക്കത് താങ്ങും തണലുമാകും. ഉത്തമരായ ശിഷ്യരെ കിട്ടുമ്പോള്‍ ഗുരുക്കന്മാരും ധന്യരാകുന്നു.
‘സകലചരാചരഗുരുവായ് മരുവീടും
ഭഗവാന് തനിക്കൊരു ഗുരുവായ് ചമഞ്ഞീടും
സഹസ്രപത്രോത്ഭവപുത്രനാം വസിഷ്ഠന്റെ
മഹത്ത്വമേറും ഭാഗ്യമെന്തു ചൊല്ലാവതോര്‍ത്താല്‍!’
ശ്രീരാമന്റെ ഗുരുവായ് ചമയാന്‍ കഴിഞ്ഞതിലൂടെ വസിഷ്ഠനുണ്ടണ്ടായ ഭാഗ്യമോര്‍ത്ത് രാമായണ കര്‍ത്താവ് ആത്മഹര്‍ഷം കൊള്ളുന്നു. സകലചരാചരങ്ങളുടെയും ഗുരുവായ ശ്രീരാമന് തന്റെ ‘ഗുരു’വായ വസിഷ്ഠനെ ആദരം കൊണ്ടണ്ട് വീര്‍പ്പു മുട്ടിക്കുന്നു. ഗുരുവും ഗുരുവായ ശിഷ്യനും ഇവിടെ സകലചരാചരങ്ങള്‍ക്കും വേണ്ടണ്ടി ഉത്തമമായ ഗുരുശിഷ്യബന്ധത്തിന് മാതൃകയാവുകയാണ്.
ആദ്യകാലത്ത് വഴിവിട്ട ജീവതം നയിച്ച രത്നാകരന് (വാല്മീകി) സപ്തര്‍ഷികളുടെ മുന്നില്‍ പശ്ചാത്താപ വിവശനാകുന്നു. ആ ഋഷിവര്യന്മാര് രത്നാകരന് മോക്ഷമാര്‍ഗം ഉപദേശിക്കുന്നു. ഉത്തമശിഷ്യന്റെ ഭാവത്തോടെ അതു സ്വീകരിച്ച രത്നാകരന് പരബ്രഹ്മജ്ഞാനം ലഭിച്ച് വാല്മീകിയായിത്തീരുന്നു.
തന്റെ മുന്നിലെത്തിയിരിക്കുന്നത് ശ്രീരാമനാണെന്നറിഞ്ഞപ്പോള്, താപസിയായ ശബരി തന്റെ ഗുരുഭൂതന്മാരെ ആദരവോടെ സ്മരിക്കുന്നു.
‘എന്നുടെ ഗുരുഭൂതന്മാരായ മുനിജനം
നിന്നെയും പൂജിച്ചനേകായിരത്താണ്ടണ്ടു വാണാര്‍
അന്നു ഞാനവരെയും ശുശ്രൂഷിച്ചിരുന്നിതു
പിന്നെപ്പോയ് ബ്രഹ്മപദം പ്രാപിച്ചാരവര്‍കളും
എന്നോടു ചൊന്നാരവരേതുമേ ഖേദിയാതെ
ധന്യേ! നീ വസിച്ചാലുമിവിടെത്തന്നെ നിത്യം’
തനിക്കു ശ്രീരാമനെ കാണാന്‍ സാധിച്ചത് ഗുരുപ്രസാദത്താലാണെന്നും ശബരി പറയുന്നുണ്ട്.
‘വന്നിതല്ലോ ഗുരുഭാഷിതം സത്യമല്ലോ’
ദശരഥന്റെ ചരമവും ശ്രീരാമന്റെ വനയാത്രയുമറിഞ്ഞ് ഖിന്നനായ ഭരതനെ കര്മ്മോന്മുഖനാക്കാനുതകുന്ന പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നത് വസിഷ്ഠനാണ്. ആ ദേശികന്റെ ദേശകാലോചിതമായ വാക്കുകള്‍ ഭരതന്റെ വിഷാദമകറ്റുന്നു.
‘ഒന്നൊഴിയാതെ ഗുണങ്ങള്‍ നരന്മാര്‍ക്കു
വന്നു കൂടുന്നു ഗുരുപ്രസാദത്തിനാല്’
എന്ന വസിഷ്ഠ വചനം എല്ലാവര്ക്കും മാര്‍ഗദര്‍ശകമാണ്. അന്ധമായ ഗുരുഭക്തിയല്ല, ഗുരുവചനങ്ങളുടെ അന്തസ്സത്ത മനസ്സിലാക്കിയുള്ള പ്രവര്‍ത്തനമാണ് വേണ്ടണ്ടത്. ഗുരുശിഷ്യബന്ധം ഇന്ന് പൊതുവെ ശിഥിലമായിക്കൊണ്ടിരിക്കുന്നു. രണ്ടണ്ടു കൂട്ടരും അതിന്റെ ദുഷ്ഫലങ്ങള്‍ അനുഭവിക്കുന്നുണ്ടണ്ട്. ഇന്നത്തെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രാമായണത്തിലെ ഗുരുശിഷ്യബന്ധം നല്ലൊരു പാഠമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: