കോഴിക്കോട്:വൈദ്യുതി ബന്ധം വിച്ഛേദിച്ച് കാരയ്‌ക്കാമല കോൺവെന്‍റ് അധികൃതർ തന്നെ ദ്രോഹിക്കുന്നുവെന്നാരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര നിരാഹാര സമരം തുടങ്ങി. അധികം വൈകാതെ പൊലീസെത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതോടെ സിസ്റ്റര്‍ ലൂസി നിരാഹാരം പിന്‍വലിച്ചു.
തന്റെ കോൺവെന്‍റിലെ റൂമിന് പുറത്തുള്ള വരാന്തയിലെ വൈദ്യുതി വിച്ഛേദിച്ചതിനെതിരെയായിരുന്നു ലൂസി കളപ്പുരയുടെ നിരാഹാര സമരം. കാരയ്‌ക്കാമല എഫ്‌സിസിക്ക് മുൻപിലാണ് ലൂസി കളപ്പുര നിരാഹാര സമരം നടത്തുന്നത്.
മഠത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലൂസി കളുപ്പര സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ ലൂസി കളപ്പുരയ്‌ക്ക് അനുകൂലമായ വിധി ഉണ്ടായി. കോൺവെന്‍റിൽ നിന്ന് ലൂസി ഇറങ്ങി പോകണമെന്ന് ഉത്തരവിടാൻ സാധിക്കില്ലെന്നായിരുന്നു ഹൈക്കോടതി വിധിച്ചത്. കോൺവെന്‍റിലെ താമസവുമായി ബന്ധപ്പെട്ട ഹർജി എത്രയും വേഗം തീർപ്പാക്കണമെന്ന് മുൻസിഫ് കോടതിയോട് ഹൈക്കോടതി നിർദേശിച്ചു.
ഇതിന് പിന്നാലെയാണ് കാരയ്‌ക്കാമല കോൺവെന്‍റ് തന്റെ മുറിയുടെ വരാന്തയിലെ ലൈറ്റ് കട്ട് ചെയ്തുവെന്നാരോപിച്ച് സിസ്റ്റർ ലൂസി രംഗത്തെത്തിയിരിക്കുന്നത്. സഭാ ചട്ടങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചെന്നാരോപിച്ച് ലൂസി കളപ്പുരയെ മഠത്തിൽ നിന്ന് പുറത്താക്കിയ എഫ്‌സിസി സന്യാസിനി സമൂഹത്തിന്റെ നടപടി വത്തിക്കാൻ ശരിവച്ചെന്നാണ് മഠത്തിന്റെ വാദം. എന്തു വന്നാലും മഠത്തിൽ നിന്ന് ഇറങ്ങില്ലെന്നാണ് ലൂസി കളപ്പുരയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: