കോഴിക്കോട്: റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്‌ട്ര നിലവാരത്തിലാക്കാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ മന്ദഗതിയില്‍. സംസ്ഥാനത്തിന്റെ അനാസ്ഥയാണ് ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്.
സ്വകാര്യ പങ്കാളിത്തത്തോടെ റെയില്‍വേ സ്റ്റേഷന്‍ വിമാനത്താവള മാതൃകയില്‍ വികസിപ്പിക്കുന്നതിന് കോഴിക്കോട് സ്റ്റേഷനെയാണ് കേരളത്തില്‍ ആദ്യം തിരഞ്ഞെടുത്തത്. എന്നാല്‍, 2017 ജനുവരിയില്‍, കോഴിക്കോടിനൊപ്പം പണി തുടങ്ങിയ ഗുജറാത്തിലെ ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണം പൂര്‍ത്തിയാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. കേരളത്തില്‍ തുടങ്ങിയിടത്തുതന്നെയാണ് പ്രവൃത്തി ഇപ്പോഴും. ഇവിടത്തെ സര്‍ക്കാരിന്റെ പിടിപ്പുകേടും സംവിധാനത്തിലെ തകരാറുകളുമാണ് തടസം നില്‍ക്കുന്നത്.
കേരളത്തില്‍ നിന്ന് വിവിധ സ്റ്റേഷനുകള്‍ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ഒരിടത്തും നടപടികള്‍ മുന്നോട്ടുപോയിട്ടില്ല. വിമാനത്താവളങ്ങളിലേതുപോലെ മാതൃകയില്‍ യാത്രക്കാര്‍ക്കു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണു പദ്ധതി. പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളൊരുക്കി വാണിജ്യസാധ്യതകളും ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. റെയില്‍വേ ഭൂമി പാട്ടത്തിനു നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
എന്നാല്‍ കോഴിക്കോട് വിവിധ രാഷ്‌ട്രീയ സംഘടനകളുടെ യൂണിയനുകളുടെ എതിര്‍പ്പും സമരവും കാരണം പദ്ധതി മുന്നോട്ടുപോയില്ല. റെയില്‍വേ ഭൂമി സ്വകാര്യ കമ്പനികള്‍ക്ക് ലീസിനു കൊടുക്കുന്നതിനെതിരെയാണ് എതിര്‍പ്പുയര്‍ന്നത്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലാണ് വികസനം ആസൂത്രണം ചെയ്തത്. എന്നാല്‍ തുടക്കത്തിലേ, ഈ പദ്ധതിക്കെതിരേ പ്രതിഷേധിച്ച് ഇറങ്ങിയത് സിപിഎം നേതാവും മുന്‍ എംപിയുമായ കെ. ചന്ദ്രന്‍പിള്ളയും കോണ്‍ഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡനുമായിരുന്നു. എറണാകുളം സൗത്തിനു പുറമേ കൊല്ലം, തിരുവനന്തപുരം എറണാകുളം ടൗണ്‍, പാലക്കാട് തുടങ്ങിയ സ്റ്റേഷനുകളും പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നും സമയ ബന്ധിതമായി തുടങ്ങുന്നതിനോ പൂര്‍ത്തിയാക്കുന്നതിനോ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ല.
790 കോടിരൂപ ചെലവഴിച്ചാണ് ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയത്. ഗുജറാത്ത് സര്‍ക്കാരിന്റെ ഗാന്ധിനഗര്‍ റെയില്‍വേ ആന്‍ഡ് അര്‍ബര്‍ ഡെവലപ്‌മെന്റ് കമ്പനിയുമായി സഹകരിച്ചായിരുന്നു നിര്‍മാണം. ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പിലാക്കിയത്. റെയില്‍വേ സ്റ്റേഷനുമുകളില്‍ 318 മുറികളുള്ള ഹോട്ടലാണ് നിര്‍മ്മിച്ചത്. 11 നിലകളുള്ള രണ്ടു ടവറുകളും ഒമ്പത് നിലകളിലുള്ള ഒരു ടവറും ഉള്ളതാണ് ഹോട്ടല്‍ കോംപ്ലക്‌സ്. റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന് 254 കോടി രൂപ ചെലവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: