പ്രഹഌദന്റെ പൗത്രനും വിരോചനന്റെ പുത്രനുമാണ് ബലി എന്ന മഹാബലി. പ്രഹഌദന്റെ പാരമ്പര്യവും സംസ്‌കാരവും ബലി കാത്തുസൂക്ഷിച്ചു. എത്ര നല്ലവനാണെങ്കിലും കാലംകൊണ്ട് ഭൂമി വിടണം. അതിനു ചില നിമിത്തവും വേണം. ദേവന്മാരുടെ അപേക്ഷ വിഷ്ണു നിമിത്തമായി അംഗീകരിച്ചു.
ശുക്രാചാര്യര്‍ മഹാബലിയെക്കൊണ്ട് വിശ്വജിത്‌യാഗം കഴിപ്പിച്ചു. കൂടാതെ ‘ശതക്രതു’ എന്ന ഇന്ദ്രപട്ടത്തിനും യോഗ്യനാക്കി. അസുരന്മാരുടെ കര്‍മ്മഭൂമി പാതാളമാണ്. എന്നാല്‍ മഹാബലിയുടെ പരാക്രമം അദ്ദേഹത്തെ ത്രിലോകാധിപതിയാക്കി. ദേവന്മാര്‍ക്ക് ദേവലോകം നഷ്ടമായി.
ദേവന്മാരുടെ അപേക്ഷയനുസരിച്ച് ദേവമാതാവായ അദിതിയില്‍ ഇന്ദ്രാനുജനായി അവതരിക്കാന്‍ വിഷ്ണു നിശ്ചയിച്ചു. അദിതി പയോവ്രതധാരിയായി. മീനമാസത്തിലെ ശുക്ലപക്ഷ പ്രഥമ മുതല്‍ ദ്വാദശി വരെയുള്ള പന്ത്രണ്ട് ദിവസങ്ങളില്‍ അനുഷ്ഠിക്കുന്ന വ്രതമാണിത്. അല്‍പമായ പാല്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ ആഹാരം. രാവിലെ കുളിക്കുന്നതിന് എണ്ണയും താളിയുമില്ല. പണികുത്തിയിളക്കിയ മണ്ണ് ദേഹാസകലം
പുരട്ടി ദേഹശുദ്ധി വരുത്തണം. മന്ത്രജപത്തോടെ വേണം കുളിയും. കുളി കഴിഞ്ഞ് വിഷ്ണുപൂജ നടത്തണം. അതിനുശേഷം ഉമാമഹേശ്വര പൂജയും വേണം. ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന ദ്വാദശാക്ഷരീമന്ത്രം ജപിക്കണം.
പയോവ്രതപൂര്‍ത്തിവരുത്തിയ അദിതി ഗര്‍ഭവതിയായി. പ്രകൃതിയും ദിക്കുകളും ഗര്‍ഭവളര്‍ച്ചക്കനുസരിച്ച് പ്രശോഭിതമായി. ചിങ്ങമാസത്തിലെ ശുക്ലദ്വാദശി ദിവസം തിരുവോണം നക്ഷത്രത്തില്‍ ഭഗവാന്‍ വാമനമൂര്‍ത്തി അവതാരം ചെയ്തു. ഉത്രം നക്ഷത്രം അവസാന പതിനഞ്ചു നാഴികയും തിരുവോണം നക്ഷത്രത്തിലെ ആദ്യ
പാദത്തിലെ ആറു നാഴികയും ചേര്‍ന്ന ശുഭമുഹൂര്‍ത്തത്തെ അഭിജിത് മുഹൂര്‍ത്തം എന്നാണത്രെ പറയുന്നത്. ഈ അഭിജിത് മുഹൂര്‍ത്തം തന്നെ വാമനാവതാര സമയം.
അദിതിക്ക് തന്റെ വിശ്വരൂപം പ്രദര്‍ശിപ്പിച്ചശേഷം ആത്മരൂപം അപ്രത്യക്ഷമാക്കി. മായാവടുവായ വാമനനായി മാറി. കശ്യപന്‍ മഞ്ഞക്കയറും ബൃഹസ്പതി പൂണുനൂലും ധരിപ്പിച്ചു. ബ്രഹ്മാവ് കമണ്ഡലുവും സരസ്വതി ജപമാലയും സമ്മാനിച്ചു.
നര്‍മ്മദയുടെ ഉത്തരതീരത്ത് ഭൃഗുകച്ഛം എന്നു പേരുള്ള ഒരു ക്ഷേത്രഭൂമിയുണ്ട്. അവിടെയാണ് ശുക്രാചാര്യരുടെ നേതൃത്വത്തില്‍ ബലി യാഗം നടത്തിയിരുന്നത്. ഈ യാഗശാലയിലേക്കാണ് വാമനന്‍ ബ്രാഹ്മണബാലവേഷത്തില്‍ പ്രവേശിച്ചത്.
ബ്രാഹ്മണഭക്തനായ ബലി വാമനനെ യഥോചിതം സ്വീകരിച്ചാനയിച്ചു. പാദപൂജ നടത്തി ഇരിപ്പിടം നല്‍കി. മഹാബലി പറഞ്ഞു: ‘അങ്ങ് മഹാനാണെന്ന് ഞാനറിയുന്നു. അവിടുത്തെ ആഗമനോദ്ദേശ്യമെന്തെന്നരുളിയാലും.’ പശുക്കളോ ധനമോ ഗൃഹമോ ഗ്രാമമോ എന്തു ചോദിച്ചാലും ഞാന്‍ തരാം.
മഹാബലിയുടെ ഈ പ്രഖ്യാപനമാണ് മഹാബലിക്ക് ആപത്തായത്. പ്രപഞ്ചം മുഴുവനും മഹാബലിയടക്കം ഈശ്വരനും ഈശ്വരന്റേതുമാകുമ്പോള്‍ പശുക്കളും ധനവും ‘എന്റേ’താകുന്നതെങ്ങനെ? ഇൗ അജ്ഞാനത്തെയാണ് അഹംകാരം എന്നു പറയുന്നത്. നാം ‘ഞാന്‍’ എന്നും ‘എന്റേത്’ എന്നും കല്‍പ്പിക്കുന്നത് വാസ്തവത്തില്‍ ഈശ്വരനും ഈശ്വരന്റേതുമാണ്. വാസ്തവത്തില്‍ നമുക്കു സ്വന്തം എന്നു പറയാവുന്നത് ഈ ‘അഹങ്കാരബോധം മാത്രമാണ്. ഈ അഹങ്കാരത്തെ ബോധ്യപ്പെടുത്താനായിരുന്നു വാമനാവതാരം.
ബലിയുടെ ചോദ്യത്തിനു മറുപടിയായി വാമനന്‍ ആവശ്യപ്പെട്ടത് മൂന്നടി മണ്ണു മാത്രമാണ്. ത്രിലോകാധിപതിയായ എന്നോട് ഇത്രയും കുറച്ചു ചോദിക്കുന്നതെന്തിന് എന്നു മഹാബലി ചോദിച്ചു. അതിനു വാമനന്‍ പറഞ്ഞ മറുപടി നാമും അറിയേണ്ടതുണ്ട്.
വാമനന്‍ പറഞ്ഞു: ‘ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനറിയാത്തവന്ന് ലോകം മുഴുവന്‍ കിട്ടിയാലും തൃപ്തി വരില്ല.’ വാമനന്‍ പറഞ്ഞതു ശരിയാണെന്ന് ബലിതന്നെ തെളിയിക്കുകയും ചെയ്യുന്നു.
പൗരുഷംകൊണ്ടു മൂന്നു ലോകവും കീഴടക്കി ഭരിക്കുന്നവനാണ് ബലി. എനി ലോകത്തു എന്തു നേടാനാണ് ഈ പുതിയ യാഗം?
വാദപ്രതിവാദങ്ങള്‍ക്കുശേഷം മൂന്നടി മണ്ണ് വാമനനു നല്‍കാന്‍ ബലി തീരുമാനിച്ചു. വാമനന്റെ യഥാര്‍ത്ഥ രൂപവും ലക്ഷ്യവും തിരിച്ചറിഞ്ഞ ശുക്രാചാര്യര്‍ ബലിയുടെ വാഗ്ദാനത്തെ എതിര്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ സത്യനിഷ്ഠനായ ബലി വാക്കില്‍ ഉറച്ചുനിന്നു. ബലിയുടെ ഐശ്വര്യം മുഴുവന്‍ നഷ്ടമാകട്ടെ എന്ന് ശുക്രാചാര്യര്‍ ശപിക്കുകയും ചെയ്തു.
ഭൂദാനത്തിനു കിണ്ടിയില്‍നിന്നു ജലമെടുക്കാന്‍ ശ്രമിച്ച ബലിക്ക് വെള്ളം കിട്ടിയില്ല. സര്‍വ്വജ്ഞനായ വാമനന്‍ ഒരു ദര്‍ഭമുനകൊണ്ട് കിണ്ടിയുടെ നാളത്തില്‍ ഒരു കുത്തു വെച്ചുകൊടുത്തു. ജലപ്രവാഹം തടയാന്‍ കിണ്ടിയുടെ മരലില്‍ തവളയായിരുന്ന ശുക്രാചാര്യരുടെ കണ്ണിലാണ് ദര്‍ഭ കൊണ്ടത്. ശുക്രാചാര്യരുടെ ആ കണ്ണു കാഴ്ചയില്ലാതായി. ശുക്രാചാര്യര്‍ നാണിച്ചു പുറത്തുചാടുകയും ചെയ്തു. ശേഷം ഭൂദാനം ക്രമപ്രകാരം നടന്നു.
ഭിക്ഷ നേടിയ വാമനന്‍ നോക്കിനില്‍ക്കെ വാനോളവും അതിനപ്പുറവും വളര്‍ന്നു. സ്വപാദത്തിന്റെ രണ്ടടികൊണ്ട് ത്രിലോകവും സ്വന്തമാക്കി വാമനന്‍. മൂന്നാമത്തെ അടിയെവിടെ വെക്കണമെന്ന വാമനന്റെ ചോദ്യത്തിന് സ്വന്തം ശിരസ്സു നീട്ടിക്കൊടുക്കുവാന്‍ മഹാബലിക്കു ഒരു മടിയും ഉണ്ടായിരുന്നില്ല. മഹാബലിയുടെ എല്ലാ അഹങ്കാരവും അസ്തമിച്ചിരുന്നു. ഭഗവദനുഗ്രഹത്തിന് ഈ അഹങ്കാരം മാത്രമായിരുന്നു തടസ്സമായി നിന്നത്. അതുകൂടി നീക്കി ഭക്തനെ അനുഗ്രഹിക്കുക എന്നതായിരുന്നു യഥാര്‍ത്ഥ വാമനാവതാര ലക്ഷ്യം. വാമനന്‍ പറഞ്ഞു: ‘ഹേ, മഹാബലേ, അങ്ങയുടെ ഈ ജന്മത്തിലേയും മന്വന്തരത്തിലേയും ദൗത്യം തീര്‍ന്നിരിക്കുന്നു. അങ്ങയെ ഇതിലും മഹത്തായ മറ്റൊരു ദൗത്യം കാത്തിരിക്കുന്നു. അടുത്ത മന്വന്തരത്തിലെ ദേവേന്ദ്രസ്ഥാനം അങ്ങക്കുള്ളതാണ്. ആ കാലംവരെ അങ്ങു വൈകുണ്ഠതുല്യമായ സുതലത്തില്‍ വൈകുണ്ഠ സമീപത്തുതന്നെ വസിച്ചാലും. അങ്ങക്കു സദാ എന്റെ ദര്‍ശനഭാഗ്യം ഉണ്ടായിരിക്കുന്നതാണ്. അങ്ങേക്ക് മംഗളം ഭവിക്കട്ടെ.’ ഭഗവാന്റെ ലീലയ്‌ക്കു സാക്ഷിയാകാന്‍ ദേവന്മാരും പ്രഹഌദവിരോചനന്മാരും ആകാശത്ത് അണിചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: