തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരില്‍ നിന്നും വാക്സിന് കൃത്യമായി ലഭിക്കുകയാണെങ്കില്‍ ഇപ്പോള്‍ കേരളം വാക്സിന് വിതരണം ചെയ്യുന്ന വേഗതയില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ 60 ശതമാനം പേര്‍ക്കെങ്കിലും വാക്സിന് നല്കാന് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കേരളത്തില്‍ 2021ലെ ജനസംഖ്യാടിസ്ഥാനത്തില്‍ 35.51 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 14.94 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും കൂടുതലാണ്.
ആകെ 4,99,000 വാക്സിനാണ് നിലവില്‍ ബാക്കിയുള്ളത്. ശരാശരി രണ്ടുമുതല്‍ രണ്ടര ലക്ഷം ഡോസ് വാക്സിന് ഒരു ദിവസം കൊടുക്കുന്നുണ്ട്. ആ നിലയ്ക്ക് നോക്കിയാല്‍ കയ്യിലുള്ള വാക്സിന് ഇന്നും നാളെയും കൊണ്ട് തീരും. മുഖ്യമന്ത്രി പറഞ്ഞു
പുതിയ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രോഗം വന്നു ഭേദമായവരുടെ എണ്ണവും കൂടിയിട്ടുണ്ട്. അങ്ങനെ രോഗം വന്നു ഭേദമായവരുടെ എണ്ണവും, മേല്പറഞ്ഞ രീതിയില്‍ വാക്സിന് വിതരണം ചെയ്യാന്‍ സാധിച്ചാല്‍ അതു ലഭിക്കുന്നവരുടെ എണ്ണവും ഒരുമിച്ച് കണക്കിലെടുത്താല്‍ നമുക്ക് സാമൂഹിക പ്രതിരോധ ശേഷി അധികം താമസിയാതെ കൈവരിക്കാന്‍ സാധിക്കേണ്ടതാണ്. പക്ഷേ, സാമൂഹിക പ്രതിരോധ ശേഷി കൈവരിച്ചാല്‍ പോലും കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ നമുക്ക് പെട്ടെന്ന് പിന്‍വലിക്കാന്‍ സാധിക്കില്ല. വാക്സിനെടുത്തവരിലും രോഗം വന്നു ഭേദമായവരിലും വീണ്ടും രോഗം പിടിപെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് വാക്സിന് എടുത്തവരും മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. മുഖ്യമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: