നെടുങ്കണ്ടം: തമിഴ്നാട്ടില്‍ നിന്നും വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ചെക്കുപോസ്റ്റു വഴി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച കേസില്‍ 4 പേര് അറസ്റ്റില്‍. ഉത്തമപാളയം സ്വദേശികളായ സതീഷ് കുമാര്‍, മുരുകന്, കമ്പം നോര്‍ത്ത് സ്വദേശി വിജയകുമാര്‍, പന്നൈപ്പുറം സ്വദേശി വേല് മുരുകന് എന്നിവരാണ് പിടിയിലായത്. രണ്ട് പേരെയാണ് ചെക്ക് പോസ്റ്റില്‍ വെച്ച് കമ്പംമെട്ട് പൊലീസ് ആദ്യം പിടികൂടിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്കുന്ന രണ്ടുപേരെ കമ്പം, തേവാരത്തിന് സമീപം പന്നൈപുറം എന്നീ സ്ഥലങ്ങളില്‍ നിന്ന് കമ്പംമെട്ട് എസ്എച്ച്ഒ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ചെക്ക് പോസ്റ്റു വഴി ആളുകള്‍ കടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഓരോ പാസും പരിശോധന നടത്തി മാത്രമാണ് ഇപ്പോള്‍ ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്ക് കടത്തി വിടുന്നത്. ഇതറിയാതെ എത്തിയവരാണ് പോലീസിന്റെ വലയില്‍ കുടുങ്ങിയത്.
എസ ഐ അശോകന്, ഉദ്യോഗസ്ഥരായ സജി കുമാര്‍, വിനോദ്, ജയേഷ്, സജുരാജ്, അന്‍ഷാദ്, ഹോം ഗാര്‍ഡ് സുധാകരന് തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. ഇത്തരത്തില്‍ തട്ടിപ്പ് നടത്തി തമിഴ്നാട്ടില്‍ നിന്ന് തൊഴിലാളികള്‍ കേരളത്തിലേക്ക് എത്തുന്നത് വലിയ ദൂഷ്യം ചെയ്യുമെന്ന് നാട്ടുകാരും പറയുന്നു. അതേ സമയം ഒരിടവേളക്ക് ശേഷം ജില്ലയില്‍ രോഗവ്യാപനം രൂക്ഷാമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: