ന്യൂദല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ രാജ്യസഭയില്‍ ഫലപ്രദമായി മറുപടി നല്കുന്ന ഐടി മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിടാനാവാതെ പ്രതിപക്ഷം പാര്‍ലമെന്റില്‍ കുഴങ്ങുന്നു.
പെഗസസ് ഫോണ്‍ചോര്‍ത്തല്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന് മറുപടി പറയാന്‍ എഴുന്നേറ്റ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക എന്ന തന്ത്രം പ്രതിപക്ഷം പയറ്റിയത് ഇത് കൊണ്ടാണ്. അശ്വിനി വൈഷ്ണവിന്റെ കയ്യിലുണ്ടായിരുന്ന പേപ്പറുകള്‍ തട്ടിപ്പറിച്ച് വാങ്ങി, ചീന്തി രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗിനെതിരെ വലിച്ചെറിയുകയായിരുന്നു തൃണമൂല്‍ എംപി ശന്തനു സെന്‍.
കഴിഞ്ഞ ദിവസങ്ങളില്‍ പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശബ്ദമുണ്ടാക്കിയ പ്രതിപക്ഷത്തെ ഒന്നടങ്കം ബുദ്ധിപരമായ മറുപടികള്‍ കൊണ്ട് നിശ്ശബ്ദമാക്കുകയായിരുന്നു അശ്വിനി വൈഷ്ണവ്. ഇത് പ്രതിപക്ഷത്തിന് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതോടെയാണ് അശ്വിനി വൈഷ്ണവിനെ ശാരീരികമായി ആക്രമിക്കുക എന്ന തന്ത്രം പ്രതിപക്ഷം പുറത്തെടുത്തത്.
തൃണമൂല്‍ എംപിയുടെ സഭയിലെ അതിക്രമത്തോട് ബിജെപി എംപി സ്വപന് ദാസ്ഗുപ്തയുടെ പ്രതികരണം ഇതാണ്: ‘ഐടി മന്ത്രി ഒരു പ്രസ്താവന നടത്തുകയായിരുന്നു. മന്ത്രിയുടെ മറുപടിക്ക് ശേഷം അദ്ദേഹത്തെ ചര്‍ച്ചയില്‍ ചോദ്യം ചെയ്യുന്നതിന് പകരം ഗുണ്ടായിസമായിരുന്നു കാണിച്ചത്.’ ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ കൂട്ടബലാത്സംഗവും കൊലപാതകവുമുള്‍പ്പെടെയുള്ള അതിക്രമത്തോടാണ് രാജ്യസഭയിലെ തൃണമൂല്‍ എംപിയുടെ ഗുണ്ടായിസത്തെ ബിജെപി എംപി മഹേഷ് പൊഡ്ഡാര്‍ താരതമ്യം ചെയ്തത്. ‘ എതിരാളികളെ കൊല്ലാമെങ്കില്‍, അവര്‍ക്ക് എന്തും ചെയ്യാനാകും,’ മഹേഷ് പൊഡ്ഡാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ബുദ്ധിപൂര്‍വ്വമായ മറുപടികളിലൂടെ ഫലപ്രദമായാണ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് എതിര്‍ത്തത്. പെഗാസസ് ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് വയര്‍ മാസിക ഉള്‍പ്പെടെയുള്ളവ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളെ മന്ത്രി വൈഷ്ണവ് സഭയില്‍ പൊളിച്ചടുക്കിയിരുന്നു.
‘മുമ്പ് ഇന്ത്യയില്‍ വാട്സാപില്‍ പെഗാസസ് ഉപയോഗിച്ചതായി പരാതി ഉയര്‍ന്നിരുന്നു. വ്യക്തിളുടെ പോലും ഡേറ്റ ചോര്‍ത്തുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍ ആ റിപ്പോർട്ടുകൾക്ക് വസ്തുതാപരമായ അടിസ്ഥാനമില്ലെന്ന് പിന്നീട് തെളിഞ്ഞു. സുപ്രീം കോടതി ഉൾപ്പെടെ എല്ലാ കക്ഷികളും ഇത് നിഷേധിച്ചിരുന്നു. വാട്സാപ് പോലും പിന്നീട് സുപ്രീംകോടതിയില്‍ ഈ ആരോപണം നിഷേധിച്ചു.’- അശ്വിനി വൈഷ്ണവിന്റെ ഈ വാദം പ്രതിപക്ഷത്തിന്റെ വായടപ്പിച്ചിരുന്നു.
‘പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം സംബന്ധിച്ച വാർത്തകൾ സെൻസേഷലൈസേഷന്റെ ഭാഗം ആണെന്നും ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.2021 ജൂലൈ 18 ലെ പത്ര റിപ്പോർട്ടുകൾ ഇന്ത്യൻ ജനാധിപത്യത്തെയും അതിന്റെ സ്ഥാപിതമായ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് തോന്നുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഒരു ദിവസം മുമ്പാണ് പെഗാസസ് ഫോണുകള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നത് യാദൃശ്ചികമായി കാണാനാവില്ലെന്നും ആസൂത്രിത മാധ്യമ-രാഷ്ട്രീയ നീക്കത്തെ തുറന്നുകാണിച്ചുകൊണ്ട് അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.
“പെഗാസസ് ഡാറ്റാബേസില്‍ 50,000 ഫോണ്‍ നമ്പര്‍ ചോര്‍ന്നിട്ടുണ്ടായിരുന്നുവെന്നാണ് മാധ്യമഗ്രൂപ്പ് ആരോപിക്കുന്നത്. ഈ ഫോണ്‍ നമ്പറുകളുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ചോര്‍ത്തിക്കൊണ്ടിരിക്കുന്നു എന്നാണ് ആരോപണം. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു ഡേറ്റ ബേസില്‍ ഫോണ്‍നമ്പറുകള്‍ ഉള്ളതുകൊണ്ട് മാത്രം ആ ഫോണ്‍ നമ്പറുകളെ പെഗാസസ് ബാധിച്ചുവെന്ന് പറയാനാവില്ലെന്നു. ഈ ഫോണുകള്‍ സാങ്കേതിക വിശകലനത്തിന് വിധേയമാക്കിയാല്‍ മാത്രമേ ഇതിലെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ. അതുകൊണ്ട് ഫോണ്‍നമ്പറുകളുടെ സാന്നിധ്യം ഒന്ന് കൊണ്ട് സ്നൂപ്പിംഗ് (രഹസ്യമായ നിരീക്ഷണത്തിലൂടെ വിവരം ചോര്‍ത്തല്‍) നടന്നുവെന്ന് അവകാശപ്പെടാനാവില്ല,” -അശ്വിനി വൈഷ്ണവിന്റെ മറ്റൊരു വാദമുഖം ഇതായിരുന്നു.
“17 മാധ്യമങ്ങള്‍ സംയുക്തമായി പുറത്തുവിട്ട രാജ്യങ്ങളുടെ പട്ടികയിലെ പല രാജ്യങ്ങളും ഞങ്ങളുടെ ക്ലയന്റുകള്‍ പോലുമല്ല എന്നും തങ്ങളുടെ ക്ലയന്റുകളിൽ ഭൂരിഭാഗവും പാശ്ചാത്യ രാജ്യങ്ങളാണെന്നും എന്‍എസ്ഒ അവരുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. അതായത് എൻഎസ്ഒയും റിപ്പോർട്ടിലെ അവകാശവാദങ്ങളെ വ്യക്തമായി തള്ളിക്കളഞ്ഞിട്ടുണ്ടെന്ന് വ്യക്തമാണ്,“ വൈഷ്ണവിന്റെ ഈ പ്രത്യാരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പെഗസസ് നിര്‍മ്മിച്ച ഇസ്രായേലിലെ എന്‍എസ്ഒ എന്ന കമ്പനിയുടെ തന്നെ വിശദീകരണം. പെഗസസിന്റെ ലിസ്റ്റില്‍ ഫോണ്‍ നമ്പറുകള്‍ ഉള്ളതുകൊണ്ട് മാത്രം ആ ഫോണ്‍ ചോര്‍ത്തി എന്ന് പറയാനാവില്ലെന്നാണ് എന്‍എസ്ഒ വിശദീകരിച്ചത്. തൊട്ടുപിന്നാലെ ഈ വാദം അംഗീകരിച്ചുകൊണ്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്ന എന്‍ജിഒയും രംഗത്തെത്തി. മാധ്യമങ്ങള്‍ പറഞ്ഞ 50,000 ഫോണ്‍ നമ്പറുകള്‍ മുഴുവന്‍ പെഗസസ് വഴി ചോര്‍ത്തിയെന്ന് പറയാനാവില്ലെന്നായിരുന്നു ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ വിശദീകരണം.
ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന വൈഷ്ണോ യുഎസിലെ പ്രമുഖ മാനേജ്മെന്റ് കോളെജായ വാര്‍ട്ടനില്‍ നിന്നും കാണ്‍പൂര്‍ ഐഐടിയില്‍ നിന്നും ബിരുദം നേടിയ വ്യക്തിയാണ്. ഒട്ടേറെ പ്രശസ്ത ടെക് കമ്പനികളില്‍ ജോലി ചെയ്ത അനുഭവ പരിചയം കൂടിയുള്ള അശ്വിനി വൈഷ്ണവിന്റെ അദ്ദേഹത്തിന്റെ മിടുക്ക് പരിഗണിച്ചാണ് പ്രധാനമന്ത്രി ഐടി മന്ത്രിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: