കുണ്ടറയിലെ സ്ത്രീപീഡന കേസ്ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട വനം മന്ത്രി എ. കെ. ശശീന്ദ്രന് രാജിവയ്ക്കുകതന്നെയാണ് വേണ്ടത്. രാജി ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നിലപാട് ഞെട്ടലുളവാക്കുന്നതും അപലപനീയവുമാണ്. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ അച്ഛനെ ഫോണില്‍ വിളിച്ചു, കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി നിര്‍ബന്ധിക്കുന്ന ശബ്ദരേഖ പുറത്തുവന്നുകഴിഞ്ഞു. പിന്നീട് മന്ത്രി നല്കിയ വിശദീകരണം മുഖ്യമന്ത്രിക്ക് തൃപ്തികരമായി തോന്നിയതിനാലാണത്രേ രാജി വേണ്ടെന്നു വച്ചിരിക്കുന്നത്.ഇരയെ മന്ത്രി അപമാനിച്ചിട്ടില്ലെന്ന സിപിഎമ്മിന്റെ നിലപാട് അംഗീകരിക്കാനാവില്ല. ഇത് തീരുമാനിക്കേണ്ടത് പരാതി പരിശോധിക്കുന്ന കോടതിയാണ്. വിഷയത്തില്‍ എന്‍സിപിയാണ് തീരുമാനമെടുക്കേണ്ടതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ. വിജയരാഘവന് നേരത്തെ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി രാജിവയ്ക്കാത്തതെന്ന് എന്‍സിപി നേതൃത്വവും പറയുന്നു. വിഷയത്തില്‍ ഇവരെല്ലാവരും ഒത്തുകളിക്കുകയാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. മന്ത്രിയുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവു മാത്രമാണ് സംഭവിച്ചതെന്നു പറഞ്ഞ് പ്രശ്നത്തെ ലഘൂകരിക്കാനുള്ള ശ്രമം വിലപ്പോവില്ല. കേസ് ഒത്തുതീര്‍ക്കാന്‍ തന്നെയാണ് മന്ത്രി ഇടപെട്ടതെന്ന് ശബ്ദരേഖയില്‍ നിന്ന് തെളിയുന്നുണ്ട്.
പീഡനക്കേസില്‍ ആരോപണവിധേയനായി ഒന്നാം പിണറായി സര്‍ക്കാരില്‍നിന്ന് രാജിവയ്ക്കേണ്ടിവന്ന മന്ത്രിയാണ് എ.കെ. ശശീന്ദ്രന്. കൊല്ലത്തു തന്നെ സ്വന്തം പാര്‍ട്ടി നേതാവിനെ മറ്റൊരു സ്ത്രീ പീഡനക്കേസില്‍നിന്ന് രക്ഷിക്കാന്‍ മന്ത്രി ഇടപെട്ടിട്ടുള്ളതായും ആക്ഷേപമുണ്ട്. സമാനമായ ഇടപെടലാണ് മന്ത്രി ഇപ്പോഴും നടത്തിയിരിക്കുന്നത്. ഇതേ മന്ത്രിയുടെ വാക്കുകള്‍ മുഖവിലയ്ക്കെടുത്ത് പീഡന കേസിനെ പാര്‍ട്ടിയിലെ ഉള്‍പ്പോരായി ചിത്രീകരിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. സ്ത്രീപീഡനങ്ങളെ പാര്‍ട്ടി പ്രശ്നമായെടുക്കുന്ന സിപിഎമ്മിന്റെ നയം പാലക്കാട്ടെ ഒരു പ്രമുഖ നേതാവിന്റെ കാര്യത്തില്‍ കണ്ടതാണല്ലോ. വേട്ടക്കാരനെ രക്ഷിക്കാന്‍ ഇരകളെ നിര്‍ബന്ധിക്കുന്ന രീതിയാണിത്. സിപിഎമ്മുകാര്‍ക്ക് പോലീസും കോടതിയുമൊക്കെ പാര്‍ട്ടിയാണെന്ന് ഈ പ്രശ്നവുമായി ബന്ധപ്പെട്ട് അന്നത്തെ വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. പിന്നീട് പരാതിക്കാരിയായ ഒരു സ്ത്രീയെ ഫോണിലൂടെ അപമാനിച്ചതിന്റെ പേരില്‍ ഈ വനിതാ കമ്മീഷന് അധ്യക്ഷയ്ക്ക് സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. ഈ വനിതാ നേതാവ് ചെയ്തതിനെക്കാള്‍ ഗുരുതരമായ കുറ്റമാണ് മന്ത്രി ശശീന്ദ്രന് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. എന്നിട്ടും സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സിപിഎം ജനങ്ങളോട് സമാധാനം പറയേണ്ടി വരും.
ഒറ്റ ഫോണ്‍കോളിലൂടെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന അവകാശവാദം മുഴക്കുന്ന പിണറായി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ അവര്‍ അനുഭവിക്കുന്ന ദുരവസ്ഥയ്ക്ക് തെളിവാണ് കുണ്ടറയിലെ പീഡനം. തന്നെ അപമാനിച്ചതിനെതിരെ രണ്ടുതവണയാണ് യുവതി കുണ്ടറ പോലീസിലും സിറ്റി പോലീസിലും പരാതി നല്‍കിയത്. ഒരു നടപടിയുമുണ്ടായില്ല. ഇതാണ് പല സംഭവങ്ങളിലും നടക്കുന്നത്. സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനങ്ങളും, അവര്‍ക്കെതിരായ മറ്റു തരത്തിലുള്ള അതിക്രമങ്ങളും സമീപകാലത്ത് സംസ്ഥാനത്ത് പെരുകാനുള്ള കാരണവും ഇതാണ്. താന്‍ വഹിക്കുന്ന പദവിയുടെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയും സത്യപ്രതിജ്ഞാ ലംഘനവുമാണ് മന്ത്രി നടത്തിയിരിക്കുന്നത്. അതിനാല്‍ ഈ സ്ഥാനത്ത് തുടരാനുള്ള നിയമപരവും ധാര്‍മികവുമായ അവകാശം മന്ത്രി ശശീന്ദ്രന് നഷ്ടപ്പെട്ടിരിക്കുന്നു. രാജിവയ്ക്കുകയാണ് വേണ്ടത്. അതിന് സന്നദ്ധനായില്ലെങ്കില്‍ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. രണ്ടിലൊന്ന് സംഭവിച്ചില്ലെങ്കില്‍ കൂടുതല്‍ ജനരോഷം ക്ഷണിച്ചുവരുത്തുകയാവും ഫലം. നിയമസഭാ സമ്മേളനം തുടങ്ങിയതോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവുകയും ചെയ്യും. ഗത്യന്തരമില്ലാതെ മന്ത്രിക്ക് അപമാനിതനായി തല്‍സ്ഥാനത്തുനിന്ന് ഇറങ്ങിപ്പോകേണ്ടി വരും. ഇതു വേണോയെന്ന് മുഖ്യമന്ത്രിയും മന്ത്രിയും സ്വയം തീരുമാനിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: