തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം മറ്റെന്നാള്‍ ആരംഭിക്കുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2021-22 വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്ത്ഥനകളില് വിവിധ സബ്ജക്ട് കമ്മറ്റികള്‍ നടത്തിയ സൂക്ഷ്മ പരിശോധനയെത്തുടര്‍ന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളിലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് പ്രധാനമായും സമ്മേളനത്തില്‍ നടക്കുക. ആകെ 20 ദിവസം സമ്മേളിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. നാലു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചിട്ടുണ്ട്. ആ ദിനങ്ങളില്‍ അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുള്ള സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സഭ പരിഗണിക്കും.
2021-22 വര്‍ഷത്തേക്കുള്ള ഉപധനാഭ്യര്‍ത്ഥകളുടെ ചര്‍ച്ചയ്ക്കും ബജറ്റിലെ ധനാഭ്യര്ത്ഥനകളിന്മേലുള്ള ധനവിനിയോഗ ബില്ലിന്റെ പരിഗണനയ്ക്കും വേണ്ടിയും ഓരോ ദിവസങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്. 2021ലെ രണ്ട് കേരള ധനകാര്യ ബില്ലുകളുടെ പരിഗണനയ്ക്കായുള്ള സമയം കൂടി ഈ സമ്മേളനകാലത്ത് കണ്ടെത്തേണ്ടതുണ്ട്. സര്‍ക്കാരിന് അവശ്യം നിര്‍വഹിക്കേണ്ട നിയമനിര്‍മാണം ഏതെങ്കിലും ഉണ്ടെങ്കില്‍ അതിനു വേണ്ടിയും അധികസമയം ആവശ്യമായി വരും. ഇക്കാര്യങ്ങള്‍ കാര്യോപദേശക സമിതി യോഗം ചേര്‍ന്ന് യുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് ആഗസ്റ്റ് 18ന് പിരിയത്തക്ക വിധമാണ് സമ്മേളന കലണ്ടര്‍ തയാറാക്കിയിരിക്കുന്നത്.
മുന്‍ സമ്മേളനങ്ങളില്‍ സ്വീകരിച്ചിരുന്നതുപോലെ സമ്പൂര്‍ണ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇത്തവണയും സമ്മേളന നടപടികള്‍. കൊവിഡ് വാക്സിനേഷന്റെ രണ്ട് ഡോസുകളും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അംഗങ്ങള്‍ക്ക് അതിനായുള്ള സൗകര്യം ഒരുക്കും. ആന്റിജന്‍, ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്കുള്ള സൗകര്യവും സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.
നിയമസഭയുടെ പരമാധികാരി സ്പീക്കറാണെന്നും സാമാജികരുടെ പ്രിവിലേജ് ഒരു കീഴ്വഴക്കമായി നിലനിന്നു പോരുന്നതാണെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അതേക്കുറിച്ച് പറയുന്നില്ല. നവംബര്‍ ഒന്നോടെ കടലാസുരഹിതസഭ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന് നായരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: