ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ പരോള്‍ ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളി. അസുഖ ബാധിതനായ അച്ഛന് കോടിയേരി ബാലകൃഷ്ണനെ കാണുന്നതിനായി രണ്ടു ദിവസത്തേക്കെങ്കിലും പരോള്‍ നല്കാന് ബിനീഷ് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു, ഇതിനേത്തുടര്‍ന്ന് കോടതിയും ബിനീഷിന്റെ ആവശ്യം തള്ളി.
കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ ജാമ്യാപേക്ഷ പുതിയ ബെഞ്ചാണ് ഇനിമുതല്‍ പരിഗണിക്കുക. ഇതുവരെ വാദം കേട്ട ജഡ്ജ് അവധിയില്‍ പോകുന്ന സാഹചര്യത്തിലാണ് കേസ് പുതിയ ബെഞ്ചിനെ ഏല്‍പ്പിക്കുന്നത്. കേസില്‍ ഇത്രയും നാള് വിശദമായി വാദം കേട്ട ബെഞ്ച് തന്നെ തുടര്‍ന്നും വാദം കേള്‍ക്കണമെന്നും ബിനീഷിന്റെ അഭിഭാഷകന് കോടതിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും ശ്രമം വിഫലമായി.
അതേസമയം, ഏത് ബെഞ്ചിന്റെ മുന്‍പിലാണെങ്കിലും കേസ് അവതരിപ്പിക്കാമെന്നും, അതില്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന് ലേഖി കോടതിയെ ബോധിപ്പിച്ചു. പഴയ ബെഞ്ച് തന്നെ തുടര്‍ന്നും ഈ കേസില്‍ വാദം കേള്‍ക്കണമെങ്കില്‍ പുതിയ ബെഞ്ച് അനുവദിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി ബിനീഷിന്റെ അഭിഭാഷകനോട് നിര്‍ദേശിച്ചു.
കേസില്‍ ഈഡിയുടെ വാദമാണ് പുരോഗമിക്കുന്നത്. ബിനീഷിന്റെ ജാമ്യഹര്‍ജിയില്‍ ഇയാളുടെ അഭിഭാഷകന്റെ രണ്ടാം ഘട്ട വാദം ജൂലൈ 14നു അവസാനിച്ചിരുന്നു. തുടര്‍ന്ന് ജൂലൈ 16നാണ് ഇഡിയുടെ വാദം ആരംഭിച്ചത്. നിലവില്‍ ഇതേ കേസ് ജൂലൈ 26നു പുതിയ ബെഞ്ച് പരിഗണിക്കും. പതിനാറാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യഹര്‍ജി കര്‍ണാടക ഹൈക്കോടതിക്ക് മുന്‍പിലെത്തുന്നത്. 2020 ഒക്ടോബറില്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലായിട്ട് ഒന്‍പത് മാസം പിന്നിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: