കട്ടപ്പന: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നലെ പ്രഖ്യാപിച്ച ലോക് ഡൗണ്‍ ഇളവുകള്‍ വ്യാപാര മേഖലയ്ക്ക് ആശ്വാസമാകും. നിലവില്‍ ജില്ലയില്‍ എ വിഭാഗത്തില്‍ 13, ബി വിഭാഗത്തില്‍ 25, സി വിഭാഗത്തില്‍ 12, ഡി വിഭാഗത്തില്‍ നാല് തദ്ദേശസ്ഥാപനങ്ങളുമാണുള്ളത്.
കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി രോഗ സ്ഥിരീകരണ നിരക്കിന്റെ (ടിപിആര്‍) അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണിത്. ഇതില്‍ ഡി വിഭാഗത്തില്‍പ്പെട്ട ട്രിപ്പിള്‍ ലോക്ക് ഡൗണുള്ള മാങ്കുളം, കഞ്ഞിക്കുഴി, പെരുവന്താനം, ആലക്കോട് പഞ്ചായത്തുകളില്‍ തിങ്കളാഴ്ച ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കടകള്‍ തുറക്കാന്‍ അനുമതി നല്‍കും.
ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബിയിലും 10 മുതല്‍ 15 വരെയുള്ളവ സി വിഭാഗത്തിലുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 15 ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡിയില്‍ ആയിരിക്കും.
ഇലക്ട്രോണിക് കടകളും ഇലക്ട്രോണിക് റിപ്പയര്‍ കടകളും വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകളും എ, ബി വിഭാഗങ്ങളില്‍പ്പെടുന്ന പ്രദേശങ്ങളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
എ, ബി വിഭാഗങ്ങളില്‍പ്പെടുന്ന പ്രദേശങ്ങളില്‍ മറ്റു കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടിപാര്‍ലറുകളും ബാര്‍ബര്‍ഷോപ്പുകളും ഒരു ഡോസ് വാക്സിനേഷനെങ്കിലും എടുത്ത സ്റ്റാഫുകളെ ഉള്‍പ്പെടുത്തി മുടിവെട്ടാനായി മാത്രം തുറക്കാം. എ വിഭാഗത്തില്‍പ്പെടുന്ന മൂന്നാര്‍, കാന്തല്ലൂര്‍, വട്ടവട, കാഞ്ചിയാര്‍, കാമാക്ഷി, പീരുമേട്, വണ്ടിപ്പെരിയാര്‍, മുട്ടം, ബൈസണ്‍വാലി, ഇരട്ടയാര്‍, ചിന്നക്കനാല്‍, ശാന്തമ്പാറ, ഇടമലക്കുടി എന്നീ പഞ്ചായത്തുകളിലും ബി വിഭാഗത്തില്‍പ്പെടുന്ന പള്ളിവാസല്‍, വെള്ളത്തൂവല്‍, മറയൂര്‍, ദേവികുളം, വാഴത്തോപ്പ്, അയ്യപ്പന്‍കോവില്‍, കൊന്നത്തടി, കട്ടപ്പന, വാത്തിക്കുടി, മരിയാപുരം, ഏലപ്പാറ, ഉപ്പുതറ, കൊക്കയാര്‍, കുമളി, കോടിക്കുളം, അറക്കുളം, കരിങ്കുന്നം, തൊടുപുഴ, ഉടുമ്പന്നൂര്‍, പുറപ്പുഴ, ചക്കുപള്ളം, ഉടുമ്പഞ്ചോല, കരുണാപുരം, വണ്ടന്മേട്, രാജാക്കാട് എന്നീ തദ്ദേശസ്ഥാപനങ്ങളിലുമാണ് ഈ ഇളവുകള്‍ ലഭിക്കുക. ഡി വിഭാഗത്തിന് നല്കിയ ഇളവുകള്‍ സി വിഭാഗത്തില്‍പ്പെട്ട അടിമാലി, വെള്ളിയാമറ്റം, മണക്കാട്, കുമാരമംഗലം, വണ്ണപ്പുറം, ഇടവെട്ടി, കരിമണ്ണൂര്‍, കുടയത്തൂര്‍, രാജകുമാരി, പാമ്പാടുംപാറ, നെടുങ്കണ്ടം, സേനാപതി എന്നീ തദ്ദേശസ്ഥാപനങ്ങള്‍ക്കും ലഭിക്കും.
ജില്ലയില്‍ 310 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 7.06% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 189 പേര് കോവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അടിമാലി സ്വദേശിനി(70, മറയൂര്‍ സ്വദേശി(35), വെള്ളത്തൂവല്‍ കല്ലാര്‍കുട്ടി സ്വദേശിനി(56), അറക്കുളം കുളമാവ് സ്വദേശിനി(16), നെടുങ്കണ്ടം സ്വദേശിനി(45), പീരുമേട് കരടിക്കുഴി സ്വദേശികള്‍ (33, 50).
പ്രതികരിക്കാൻ ഇവിടെ എഴുതുക: