ന്യൂദല്‍ഹി: ലോക്ഡൗണ്‍ കാലത്ത്, തെരുവില്‍ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളുടെ പരിചരണം ഏറ്റെടുത്ത മുന്‍ സൈനിക ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈന്യത്തില്‍ നിന്ന് മേജറായി വിരമിച്ച, രാജസ്ഥാനിലെ കോട്ട സ്വദേശി പ്രമീള സിങ്ങിനെത്തേടിയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അഭിനന്ദനക്കത്ത് എത്തിയത്.
ലോകം മുഴുവന്‍ പ്രതിസന്ധിയിലായ കൊവിഡ് കാലത്ത് തെരുവില്‍ അലയുന്ന മൃഗങ്ങളുടെ വേദന മനസിലാക്കി അവരെ സഹായിക്കാനായി ഇറങ്ങിത്തിരിച്ചവരാണ് മേജര്‍ പ്രമീള സിങ്ങും അവരുടെ അച്ഛന് ശ്യാംവീര്‍ സിങ്ങും. അവര്‍ മൃഗങ്ങള്‍ക്ക് ആഹാരം നല്‍കുകയും ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. ഇവരുടെ പ്രവൃത്തി സമൂഹത്തിന് പ്രചോദനമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രവചനാതീതമായ സാഹചര്യത്തെയാണ് നമ്മള് നേരിടുന്നത്. ഇനിയുള്ള ജീവിതത്തില്‍ ജനങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത കാലഘട്ടമാണിത്. മനുഷ്യര്‍ക്ക് മാത്രമല്ല അവരെ ആശ്രയിച്ച് കഴിയുന്ന മൃഗങ്ങള്‍ക്കും വളരെ ദുരിത പൂര്‍ണമായ സമയമാണിത്. ഇത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍, തെരുവിലലയുന്ന മൃഗങ്ങളെ പരിപാലിച്ച പ്രമീള സിങ്ങിന്റെ പ്രവൃത്തി എടുത്തു പറയേണ്ടതാണെന്ന് പ്രധാനമന്ത്രിയുടെ കത്തില്‍ പറയുന്നു.
ഇത്തരത്തില്‍ ഈ പ്രതിസന്ധി കാലത്ത് നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവയൊക്കെ കാണുമ്പോള്‍ മനുഷ്യരാശിയില്‍ അഭിമാനം കൊള്ളുന്നു. പ്രമീള സിങ്ങും അച്ഛനും സമൂഹത്തെ ബോധവത്കരിച്ചുകൊണ്ട് ഈ പ്രവൃത്തി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ലോക്ഡൗണിന്റെ ആരംഭത്തില്‍ തുടങ്ങിയ ഈ സേവനം ഇപ്പോഴും തുടരുന്നതായി നേരത്തെ പ്രമീള സിങ് കത്തിലൂടെ മോദിയെ അറിയിച്ചിരുന്നു. കൂടുതല്‍ ആളുകള്‍ മൃഗങ്ങളെ സഹായിക്കാനായി കടന്നുവരണമെന്നും കത്തില്‍ പ്രമീള സിങ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: