ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ 11ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം നടക്കും. വൈകിട്ട് നാലിന് ലോക്സഭാ സ്പീക്കറും സഭയിലെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. എന്‍ഡിഎ നേതൃയോഗവും ഇന്ന് ചേരുന്നുണ്ട്. ജൂലൈ 19 മുതല്‍ ആഗസ്റ്റ് 13 വരെ നീളുന്ന മണ്‍സൂണ്‍ സെഷനില്‍ 19 ദിവസമാണ് സഭ സമ്മേളിക്കുന്നത്. ഇരുസഭകളും രാവിലെ 11 മുതല്‍ വൈകിട്ട് ആറ് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ലോക്സഭയില്‍ 280 അംഗങ്ങള്‍ക്ക് ചേംബറിലും 259 പേര്‍ക്ക് ഗ്യാലറിയിലുമാണ് ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
സുപ്രധാനമായ 17 ബില്ലുകള്‍ മണ്‍സൂണ്‍ സെഷനില്‍ സഭയുടെ പരിഗണനയില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. വലിയ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ പരമാവധി ബില്ലുകള്‍ പാസാക്കിയെടുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. അഞ്ച് വിഷയങ്ങള്‍ ഉന്നയിച്ച് സഭയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കൊവിഡ്, ചൈനീസ് അതിര്‍ത്തി സംഘര്‍ഷം, കര്‍ഷക സമരം, ഇന്ധന വില തുടങ്ങിയ വിഷയങ്ങളിലാവും പ്രതിപക്ഷ പ്രതിഷേധം.
ഇലക്ട്രിസിറ്റി ഭേദഗതി ബില്‍, മനുഷ്യക്കടത്ത് നിരോധന നിയമം, ബാങ്ക് പാപ്പരത്ത നിയമഭേദഗതി, രാജ്യതലസ്ഥാനത്തെയും സമീപപ്രദേശങ്ങളിലെയും വായൂഗുണമേന്മാ കമ്മീഷന് ബില്‍, ഇന്ത്യന്‍ അന്റാര്‍ട്ടിക്ക ബില്‍, അവശ്യ പ്രതിരോധ സര്‍വ്വീസ് ഓര്‍ഡിനന്‍സ് എന്നിവ സഭയുടെ പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിശദമായ പ്രസ്താവന ഇരുസഭകളിലും നടത്തിയേക്കും. ഇതുസംബന്ധിച്ച തയാറെടുപ്പുകള്‍ ആരോഗ്യ മന്ത്രാലയം പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: