തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് അഴിമതിക്കാരെ വയ്ക്കില്ലെന്നും വിജിലന്‍സ് ക്ലിയറന്‍സ് ഉള്ളവരെ മാത്രമേ നിയമിക്കൂവെന്നുള്ള വ്യവസായ മന്ത്രി പി.രാജീവ് ഉറപ്പ് പാഴ്വാക്കായി. പൊതുമേഖലാസ്ഥാപനങ്ങളുടെ നടത്തിപ്പിന്റെ മേല്‍നോട്ടമുള്ള റിയാബിന്റെ തലപ്പത്തിരിക്കുന്നത് നാല് വിജിലന്‍സ് കേസുകളില്‍ പ്രതിയും അഴിമതിക്കേസില്‍ ജയിലില്‍ കഴിഞ്ഞയാളും.
ഓരോ പൊതുമേഖലാ സ്ഥാപനത്തിനും പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കുന്നതിനും അവയുടെ സാങ്കേതിക വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ മേല്‍നോട്ടവും റിയാബിനാണ്. മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ പത്ത് ദിവസം ജയില്‍ വാസം അനുഭവിച്ച പദ്മകുമാറാണ് വിവാദ ഉദ്യോഗസ്ഥന്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ ആക്ഷേപങ്ങളുയര്‍ന്ന വിഷയത്തില്‍ പുതിയ വ്യവസായ മന്ത്രി അധികാരമേറ്റിട്ടും വിവാദത്തില്‍പ്പെട്ട ഉദ്യോഗസ്ഥന് തന്നെ തുടരുന്നത് പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള ഇദ്ദേഹത്തിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നത്.
റിയാബ് സെക്രട്ടറിയുടെ യോഗ്യതെ ചോദ്യം ചെയ്ത് 2016ല്‍ ഐഎന്‍ടിയുസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഏത് നിലയ്ക്കാണ് പദ്മകുമാര്‍ റിയാബ് സെക്രട്ടറിയായതെന്നറിയണമെന്നും നിയമപരമല്ലാത്ത രീതിയില്‍ റിയാബ് സെക്രട്ടറിയായ പദ്മകുമാറിനെ നീക്കം ചെയ്യണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
2016 ല്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും ചേര്‍ന്ന ബെഞ്ച് 2021 ഫെബ്രുവരി 4 ന് തള്ളിയിരുന്നു. ഈ സമയത്ത് പദ്മകുമാര്‍ റിയാബ് സെക്രട്ടറിയല്ലെന്ന കാരണത്താലാണ് ഹര്‍ജി കോടതി തള്ളിയത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് ഫെബ്രുവരി 12ന് പദ്മകുമാറിനെ വീണ്ടും റിയാബ് സെക്രട്ടറിയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മലബാര്‍ സിമന്റ്സിലെ എംഡി ആയിരിക്കേയാണ് പദ്മകുമാറിനെ അഴിമതിക്കേസില്‍ 2016 സെപ്തംബര്‍ 5ന് അറസ്റ്റ് ചെയ്യുന്നത്. നാല് വിജിലന്‍സ് കേസുകള്‍ പദ്മകുമാറിനെതിരെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: