തിരുവനന്തപുരം: ഒരു വര്‍ഷം കൊണ്ട് 347 കപ്പലുകളില്‍ ക്രൂ ചേഞ്ചിങ് നടത്തി സര്‍ക്കാരിന് വലിയ രീതിയില്‍ വരുമാനം സ്വരൂപിക്കാന്‍ വിഴിഞ്ഞം തുറമുഖത്തിന് സാധിച്ചതായി തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. കേരള മാരിടൈം ബോര്‍ഡും സ്റ്റീമര്‍ ഏജന്റ് അസോസിയേഷന് വിഴിഞ്ഞം തുറമുഖവും സംയുക്തമായി സംഘടിപ്പിച്ച ക്രൂ ചേഞ്ചിങ്ങിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
2020 ജൂലൈ 15നാണ് വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചേഞ്ചിങ് ആരംഭിച്ചത്. ക്രൂ ചേഞ്ചിങ് നടത്തിയതില്‍ കണ്ടെയ്നര്‍ കപ്പലുകളും ടാങ്കറുകളും ഗ്യാസ് ടാങ്കറുകളും ഉള്‍പ്പെടുന്നു. ക്രൂ ചേഞ്ചിങ്ങിന്റെ ഭാഗമായി വിഴിഞ്ഞത്ത് ഇതുവരെ 2807 പേര് കപ്പലുകളില്‍ ജോലിക്ക് കയറുകയും 2737 പേര് കപ്പലില്‍നിന്ന് ഇറങ്ങുകയും ചെയ്തു. ഈ കാലയളവില്‍ ഒരു കപ്പലിന്റെ മാനേജ്മെന്റ് ചെയ്ഞ്ച് നടന്നു. മൂന്ന് കപ്പലുകളുടെ സാനിറ്റേഷനും നടത്തി.
കേരള മാരിടൈം ചെയര്മാന് അഡ്വ. വി.ജെ. മാത്യു, കൊല്ലം പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ ഹരി അച്യുതവാര്യര്‍, തിരുവനന്തപുരം എഫ്ആര്‍ആര്‍ഒ അരവിന്ദ മേനോന്, കേരള മാരിടൈം ബോര്‍ഡ് മെമ്പര്‍ അഡ്വ. മണിലാല്‍, സ്റ്റീമര്‍ ഏജന്റ് അസോസിയേഷന് വിഴിഞ്ഞം തുറമുഖം പ്രസിഡന്റ് എന്‍.ബി രാജ്മോഹന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: