കൊല്ലം: ഉത്ര കൊലപാതക ക്കേസില്‍ പ്രതിഭാഗം വാദം നടക്കുന്ന കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് ജഡ്ജി എം. മനോജ് മുമ്പാകെ ഇന്നലെ പ്രതി സൂരജിനെ ഹാജരാക്കി. വാദത്തിനൊടുവില്‍ സൂരജിനെ നേരില്‍ കൊണ്ടുവരണ്ട എന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി നടപടികളില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു. തനിക്കൊന്നും പറയാനില്ലെന്നും പോലീസുമായി പൂര്‍ണമായി സഹകരിക്കുമെന്നും കോടതിവളപ്പില്‍ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിക്ക് വാദി അണലിയെ കൊടുത്തത് കൃഷിയിടത്തില്‍ എലിയെ പിടിക്കുന്നതിനാണെന്നുള്ള ഒന്നാം സാക്ഷി ചാവര്‍കാവ് സുരേഷിന്റെ മൊഴി വിശ്വസനീയമല്ലെന്നും എലിയെ പിടിക്കുന്നതിന് ആരും പാമ്പിനെ വാങ്ങുകയില്ലെന്നും അതിനാല്‍തന്നെ പ്രതി സൂരജിന് അണലിയെ വിറ്റു എന്ന സുരേഷിന്റെ മൊഴി അംഗീകരിക്കരുതെന്നും പ്രതിഭാഗം അഭിഭാഷകന് അജിത് പ്രഭാവ് വാദിച്ചു. കൊലപാതകത്തിന് ആണെങ്കില്‍ പോലും ആരും അക്കാരണം പറഞ്ഞ് വിഷമുള്ള പാമ്പിനെ വാങ്ങുകയില്ലെന്നും അവിശ്വസനീയമായ കാരണങ്ങള്‍ പാമ്പുവില്പനക്ക് പറയുന്നു എന്നത് തന്നെയാണ് ഇതില്‍ പ്രസക്തം എന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മറുവാദമുന്നയിച്ചു.
ഉത്രയ്ക്ക് പാമ്പുകടിയേറ്റതല്ല എന്നും ആശുപത്രിയില്‍ പാമ്പുവിഷത്തിന് നല്കിയ മരുന്നിന്റെ മറുഫലമാണ് ഉത്രക്ക് ചികിത്സ തേടാനുണ്ടായ കാരണമെന്നും പ്രതിഭാഗം വാദിച്ചു. 2020 ഫെബ്രുവരി 18ന് ചാത്തന്നൂരില്വച്ചും ഏപ്രില്‍ 24ന് ഏനാത്ത് വച്ചും പ്രതിയും സുരേഷും തമ്മില്‍ കണ്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച ഫോണ്‍ രേഖകള്‍ തെളിവായി സ്വീകരിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. വാദം ഇന്നും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: