പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അകാലത്തെ വേര്‍പാട് മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്കെന്നപോലെ കേരള സമൂഹത്തിനും വലിയൊരു നഷ്ടമാണ്. കോട്ടയത്തെ ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലും സെറാംപൂര്‍ സര്‍വകലാശാലയിലും പഠനം പൂര്‍ത്തിയാക്കിയ പൗലോസ് ദ്വിതീയന്‍ സഭാധ്യക്ഷനായിരുന്ന മാര്‍ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് കാതോലിക്കാബാവയായി വാഴിക്കപ്പെട്ടത്. ഈ സ്ഥാനത്തെത്തുന്നതിന് മുന്‍പ് മലങ്കര സുറിയാനി അസോസിയേഷന് മെത്രാപ്പോലീത്ത, കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത, നിയുക്ത കാതോലിക്കാ ബാവ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭാ ചരിത്രത്തില്‍ പരുമല തിരുമേനി എന്നറിയപ്പെടുന്ന ഗീവര്‍ഗീസ് ഗ്രിഗോറിയോസിനുശേഷം മെത്രാന് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ റമ്പാനായിരുന്നു പൗലോസ് ദ്വിതീയന്‍. കുന്നംകുളം സ്വദേശിയായ ഈ മതമേധാവി പൗരസ്ത്യ ദേശത്തെ തൊണ്ണൂറ്റിയൊമ്പതാം കാതോലിക്കായും, ഇരുപത്തിയൊന്നാം മലങ്കര മെത്രാപ്പോലീത്തയുമായിരുന്നു. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ പരമാചാര്യന്മാരില് ഒരാളുമായിരുന്നു.
പത്ത് വര്‍ഷക്കാലം കാതോലിക്കാ ബാവയായി തുടര്‍ന്ന പൗലോസ് ദ്വിതീയന്‍ ഉജ്ജ്വലമായ നേതൃത്വമാണ് സഭയ്ക്ക് നല്‍കിയത്. സഭാ കാര്യങ്ങളില്‍ കാര്‍ക്കശ്യത്തോടെയാണ് ഇടപെട്ടതെങ്കിലും സ്നേഹമസൃണമായ പെരുമാറ്റത്തിലൂടെ ഏവരുടെയും സൗഹൃദം നേടിയെടുത്തു. മതപരമായ സങ്കുചിതത്വമൊന്നുമില്ലാതെ പൊതുസമൂഹവുമായി അടുത്തിടപഴകാനും, മതമൈത്രിയുടേതായ അന്തരീക്ഷം നിലനിര്‍ത്താനും ശ്രമിച്ചു. പള്ളികളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി യാക്കോബായ വിഭാഗങ്ങളുമായി പതിറ്റാണ്ടുകള്‍ ഏറ്റുമുട്ടലിന്റെ പാതയില്‍ മുന്നേറിയിരുന്ന സഭാകേസിന് സുപ്രീംകോടതി വിധിയോടെ അന്ത്യം കുറിച്ചത് പൗലോസ് ദ്വിതീയന്റെ കാലത്താണ്. ഒരേസമയം ഇച്ഛാശക്തിയോടെയും ഭാവാത്മകമായുമാണ് സങ്കീര്‍ണവും വൈകാരികവുമായ ഈ പ്രശ്നത്തില്‍ ഇടപെട്ടത്. വിശ്വാസത്തിന്റെ ദാര്‍ഢ്യവും ജീവിത വിശുദ്ധിയും കൈമുതലാക്കി സഭയെ നേര്‍വഴിക്ക് നയിക്കുന്നതില്‍ വിജയിച്ചു. ലളിതമായ ജീവിതരീതിയും സരളമായ സംഭാഷണ ശൈലിയുമായിരുന്നു. ആത്മാര്‍ത്ഥതയും സത്യസന്ധതയും ഒരിക്കല്‍പ്പോലും തെറ്റിച്ചിട്ടില്ല. അത്യുന്നതമായ പദവിയിലായിരിക്കുമ്പോഴും ഭരണകാര്യങ്ങളില്‍ സുതാര്യത നിലനിലനിര്‍ത്തി സഭയുടെയും പൊതുസമൂഹത്തിന്റെയും ആദരവ് നേടിയെടുക്കുന്നതിന് ഈ ഗുണവിശേഷങ്ങളൊക്കെ വേണ്ടുവോളമായിരുന്നു.
ഓര്‍ത്തഡോക്സ് സഭയുടെ ഭരണഘടനയ്ക്കനുസൃതമായി പള്ളികള്‍ ഭരിക്കപ്പെടണമെന്ന സുപ്രീംകോടതി വിധിയില്‍ വെള്ളം ചേര്‍ക്കാന്‍ പൗലോസ് ദ്വിതീയന്‍ കൂട്ടാക്കിയില്ല. തര്‍ക്കം തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതിയോടുപോലും സഹകരിക്കാന്‍ തയ്യാറാവാതിരുന്നത് ഇതിനാലാണ്. രാജ്യത്തെ നിയമത്തിനും കോടതി വിധികള്‍ക്കും വിധേയരാവാന്‍ എല്ലാവരും തയ്യാറായാല്‍ പ്രശ്ന പരിഹാരം സാധ്യമാണെന്ന പ്രഖ്യാപനം ഉറച്ചബോധ്യത്തോടെ ആയിരുന്നു. ലൈംഗികാരോപണങ്ങള്‍ക്ക് വിധേയരായവരെ സഭാ നേതൃത്വത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഇക്കാര്യത്തില്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു. ബന്ധപ്പെട്ടവര്‍ ആത്മപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. സഭ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും, മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളെക്കുറിച്ചും രാജ്യത്തെ ഭരണ നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ യാതൊരു മടിയും പൗലോസ് ദ്വിതീയന്‍ കാണിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ക്രൈസ്തവ സഭാ പ്രതിനിധികള്‍ ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയുടെയും ചര്‍ച്ചയുടെയും ചാലകശക്തിയാവാന്‍ ഈ മതാചാര്യന് കഴിഞ്ഞു. അതേസമയം രാഷ്ട്രീയത്തെ മതവുമായി കൂട്ടിക്കലര്‍ത്താതിരിക്കാന്‍ ശ്രദ്ധിച്ചു. സേവനത്തിന്റെയും അനുകമ്പയുടെയും സമ്പന്നമായ പൈതൃകം അവശേഷിപ്പിച്ചുകൊണ്ടാണ് പൗലോസ് ദ്വിതീയന്‍ വിടപറഞ്ഞിരിക്കുന്നതെന്ന പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍ വളരെ അര്‍ത്ഥപൂര്‍ണമാണ്. കാലം ചെയ്ത ഈ മതമേലധ്യക്ഷന് ഞങ്ങളുടെ ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: