തിരുവനന്തപുരം: ഓഫീസില്‍ പതിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വലിച്ചു കീറിയ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥക്കെതിരായ അന്വേഷണം പാതി വഴില് ഉപേക്ഷിച്ചു. ആക്ഷേപകരമായ വാക്കുകള്‍ പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിയുടെ ചിത്രം കീറിയ തിരുവനന്തപുരം സര്‍ക്കിളിലെ ബൈനി ക്രിസ്റ്റഫര്ക്കെതിരെയാണ് അന്വേഷണം നടന്നത്. സംഭവം വിവാദമാകുകയും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുകയും ചെയ്തപ്പോളായിരുന്നു പ്രാഥമിക അന്വേഷണത്തിന് കമ്മീഷനെ വെച്ചത്. പൊതു സ്ഥലത്ത് പ്രധാനമന്ത്രിയെ അപമാനിച്ചത് ഗൗരവമുള്ള കുറ്റമാണെന്ന് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഉണ്ണി, അസിസ്റ്റന്റ് മാനേജര്‍ മുരളി എന്നിവരടങ്ങിയ കമ്മീഷന് കണ്ടെത്തുകയും നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. മേജര്‍ പെനാല്‍റ്റി നല്‍കണമെന്നായിരുന്നു ശുപാര്‍ശ.
ഇതിന്മേല് നടപടി എടുക്കുന്നതിനു പകരം ബൈനി ക്രിസ്റ്റഫറിനെ കുറ്റവിമുക്തയാക്കിക്കൊണ്ട് കേസ് അവസാനിപ്പിച്ചു. ഔദ്യോഗിക നടപടി ക്രമങ്ങള്‍ പാലിക്കാതെയും വിജിലന്‍സ് വിംഗിന്റേയും ലീഗല്‍ സെല്ലിന്റേയും അനുമതിയില്ലാതെ ചീഫ് ജനറല്‍ മാനേജര്‍ ഏകപക്ഷീയമായി തീരുമാനം എടുക്കുകയായിരുന്നു.
ബൈനി ക്രിസ്റ്റഫര്‍ക്ക് മുന്നറിയിപ്പ് നല്കി കേസ് അവസാനിപ്പിക്കകയായിരുന്നു എന്നാണ് സിജെഎം സി വി വിനോദ് പറയുന്നത്. ബി എസ് എന്‍ എല്‍ ഓഫീസ് പൊതു സ്ഥലമല്ലന്നും ജീവനക്കാര്‍ തമ്മിലുള്ള ഈഗോയാണ് പ്രശ്നകാരണമെന്നുമാണ് അദ്ദേഹത്തിന്റെ ന്യായം. മോദിയെ അപമാനിച്ച ഉദ്യോഗസ്ഥയെ രക്ഷപ്പെടുത്തിയെങ്കിലും പരാതി നല്കിയ ബിഎംഎസ് യൂണിയന് ജീവനക്കാര്‍ക്കെതിരെ നടപടി തുടങ്ങി. ഇല്ലാത്ത കാരണം പറഞ്ഞ് ഓരോരുത്തര്‍ക്കായി കാരണം കാണിക്കല്‍ നോട്ടീസ് അയയക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: