ആലപ്പുഴ: വനവിഭവങ്ങള്‍ കൊള്ള ചെയ്യാന്‍ രൂപീകരിച്ചതാണ് വനം വകുപ്പ് എന്ന് പ്രമുഖ പ്രകൃതി ശാസ്ത്രജ്ഞന് ഡോ മാധവ് ഗാഡ്ഗില്‍. ബ്രിട്ടീഷുകാരാണ് വനം വകുപ്പ് രൂപീകരിച്ചത്. വനത്തെ ചൂഷണം ചെയ്യാനായി വനനിയമങ്ങള്‍ കൊണ്ടുവന്ന് സാധാരണക്കാരെ വനത്തിനെതിരാക്കി. വന സംരക്ഷണമല്ല, വനം കണ്ടുകെട്ടലാണ് അവര്‍ നടത്തിയത്. ബാലഗോകുലം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു
വന നിയമത്തിന്റെ പേരു പറഞ്ഞ് ഗ്രാമീണര്‍ കൈകാര്യം ചെയ്തിരുന്ന ഭൂമി പിടിച്ചെടുത്തു. വിഭവങ്ങള്‍ സംരക്ഷിച്ചിരുന്ന കര്‍ഷകരേയും ആദിവാസികളേയും വനനിയമങ്ങളുടെ പേരു പറഞ്ഞ് അകറ്റി. ബ്രിട്ടീഷുകാര്‍ പോയിട്ടും അവര്‍ കൊണ്ടുവന്ന നിയമങ്ങളാണ് ഇപ്പോഴും. വകുപ്പിന്റെ മനോഭാവത്തിലും വലിയമാറ്റമില്ല. ഭരണഘനാ വിരുദ്ധമായ നിയമങ്ങള്‍ പോലുമുണ്ട്.
വനവും പ്രകൃതിയും സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകണം. ജനങ്ങള്‍ തന്നെയാണ് വനത്തിന്റെ സംരക്ഷകരാകേണ്ടതും. സര്‍ക്കാരോ വനം വകുപ്പോ ഒന്നുമില്ലങ്കിലും പ്രകൃതി സംരക്ഷിക്കപ്പെടുമെന്ന പ്രതിജ്ഞ എടുക്കാന്‍ കുട്ടികള്‍ക്ക് കഴിയണം.മാധവ് ഗാഡ്ഗില്‍ പറഞ്ഞു.
ഭാരതത്തിന്റെ വനത്തോടും പ്രകൃതിയോടുമുള്ള സമീപനം ധര്മ്മാധിഷ്ടിതമായിരുന്നു. ഉപനിഷത്തുകള്‍ പ്രകൃതിയുടെ മഹത്വം പറയുന്നു. പ്രകൃതിയെ പൂജിക്കാനാണ് ശ്രീകൃഷ്ണന് ആഹ്വാനം ചെയ്തത്. എന്നാല്‍ പ്രകൃതിയോട് മല്ലിട്ട് പുരോഗതി നേടുക എന്നതാണ് പാശ്ചാത്യ നിലപാട്. മനിഷ്യനാണ് വലിയവനെന്നും പ്രകൃതി അവന് കീഴ്പെടണമെന്നുമാണ് ബൈബിളും മറ്റും നല്കുന്ന സന്ദേശം. ഭാരതത്തിന്റെ കാഴ്ചപ്പാട് പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നതാണ്. ആല്‍മരത്തെ നമ്മുടെ പൂര്‍വികര്‍ മഹത്വമാര്‍ന്ന വൃക്ഷമായി കണ്ടിരുന്നു. ആധുനിക ശാസ്ത്രവും ആല് മരത്തിന്റെ പ്രാധാന്യം ഇപ്പോള്‍ എടുത്തു പറയുന്നു. ഇക്കോ ടൂറിസം എന്ന പേരില്‍ ഇപ്പോള്‍ മറ്റൊരു രീതിയില്‍ പ്രകൃതി ചൂഷണം നടക്കുകയാണ്. ഗാഡ്ഗില്‍ പറഞ്ഞു.
ശാസ്ത്രത്തോടൊപ്പം ആത്മീയതയും ഒരുമിച്ചുകൊണ്ടുന്ന സമൂഹം ഉണ്ടാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ വി എസ് എസ് സി ഡയറക്ടര്‍ എസ് സോമനാഥ് പറഞ്ഞു. പുതിയ തലമുറ കൂടുതല്‍ ശാസ്ത്ര ബോധം ഉള്ളവരായി മാറണം. ശാസ്ത്രത്തോടൊപ്പം ആത്്മീയതയും ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന സമൂഹം ഉണ്ടാകണം.ധര്‍മ്മത്തെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയുന്ന കുട്ടികളാണ് വളര്‍ന്നുവരേണ്ടത് സോമനാഥ് പറഞ്ഞു.
ആര് പ്രസന്നകുമാര്‍ അധ്യക്ഷം വഹിച്ചു.എം.എ. കൃഷ്ണന്, നടി പ്രവീണ, കെ എന്‍ സജികുമാര്‍, ഡോ.എന്‍. ഉണ്ണികൃഷ്ണന് , സി. അജിത്, ഡി രമേശ്്, വി അതുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതിനിധി സഭയില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി എന്‍ ഈശ്വരന് മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ സി എന്‍ പുരുഷോത്തമന് അധ്യക്ഷം വഹിച്ചു. ഡി നാരായണ ശര്‍മ്മ, എ. രഞ്ജു കുമാര്‍ ഡോ. ആശാ ഗോപാലകൃഷ്ണന്, കെ. ബൈജു ലാല്‍ എന്നിവര്‍ സംസാരിച്ചു. ആര് എസ് എസ് സഹപ്രചാരക്പ്രമുഖ് റ്റി.എസ്. അജയകുമാര്‍ സമാപന പ്രസംഗം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: