ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് എന്ന പ്രസ്ഥാനം സംഘടിപ്പിച്ച ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ സംഘത്തിന്റെ സര്‍സംഘചാലക് മോഹന്‍ ഭാഗവത് ചെയ്ത പ്രഭാഷണം വലിയ ഒച്ചപ്പാടും കോലാഹലവുമുണ്ടാക്കി. ഖ്വാജാ ഇഫ്ത്തിക്കര്‍ അഹമ്മദിന്റെ ‘മീറ്റിംഗ് ഓഫ് മൈന്‍ഡ്, ഏ ബ്രിഡ്ജിങ് ഇനിഷ്യേറ്റീവ്’ എന്നാണ് പുസ്തകത്തിന്റെ പേര്.
മുസ്ലിം രാഷ്ട്രീയ മഞ്ച് കുറേ വര്‍ഷങ്ങളായി നിലവിലുള്ള പ്രസ്ഥാനമാണ്. മുസ്ലിം ജനവിഭാഗങ്ങളില്‍ ഭാവാത്മക ദേശീയബോധം വളര്‍ത്താനും ഇതര മതവിഭാഗങ്ങളോട് ശത്രുതാബോധമില്ലാതെയിരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള അനൗപചാരിക പ്രസ്ഥാനമായിട്ടാണ് ഒന്നര പതിറ്റാണ്ടു മുന്‍പ് അത് ആരംഭിച്ചത്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കൗതുകവും താല്പര്യവുമുണ്ടായിരുന്ന ഏതാനും പ്രമുഖ ചിന്താശീലരായ മുസ്ലിം ബുദ്ധിജീവികളും യുവചിന്തകരുമാണിതിനു മുന്‍കയ്യെടുത്തത്. സുദര്‍ശന്‍ജി സര്‍സംഘചാലകായിരുന്ന കാലത്ത് ഇത്തരം ആളുകള്‍ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തുകയും, അതിന്റെ പരിണാമമായി ഒരു കൂട്ടായ്മ രൂപപ്പെടുകയും ചെയ്തിരുന്നു. അക്കാലത്ത് ദല്‍ഹിയിലെ ഝണ്ഡേവാലാ കാര്യാലയത്തില്‍ പോയപ്പോള്‍ അദ്ദേഹം ഈ സംരംഭങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി. അതിനടുത്ത ദിവസങ്ങളില്‍ അദ്ദേഹം കേരള സന്ദര്‍ശനത്തിനു വരികയും പാലായ്ക്കടുത്ത് ഓശാന മൗണ്ടിലെ ജോസഫ് പുലിക്കുന്നേലിന്റെ ആഭിമുഖ്യത്തില്‍ നടന്നുവന്ന ക്രൈസ്തവ പഠനകേന്ദ്രത്തില്‍ നടത്തപ്പെട്ട ക്രൈസ്തവസഭാ തലവന്മാരുടെ ഒരു സമാഗമത്തില്‍ പങ്കെടുക്കുകയുണ്ടായി. ഭാരതീയ വിചാരകേന്ദ്രവും പരമേശ്വര്‍ജിയും പുലിക്കുന്നേലുമായി സഹകരിച്ച് ആ പരിപാടിക്കു പശ്ചാത്തലമൊരുക്കിയിരുന്നു. അതിനും പതിറ്റാണ്ടു മുന്‍പുതന്നെ ബാളാസാഹിബ് ദേവറസ് സര്സംഘചാലകായിരുന്നപ്പോള് തിരുവല്ലയിലെ ഒരു സെമിനാരിയിലും ക്രൈസ്തവ പുരോഹിത പ്രമുഖരുമായി ആശയവിനിമയം നടത്തിയിരുന്നു. ആ സംഭവവും ദേശീയരംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഡോ. മോഹന്‍ ഭാഗവതിന്റെ പ്രസംഗം മലയാള മാധ്യമങ്ങള്‍ ആഘോഷിച്ചു കണ്ടില്ല. റിപ്പോര്‍ട്ടു ചെയ്തുവെന്നുമാത്രം. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളും ഉദ്ദേശ്യവും, അതു ന്യൂനപക്ഷ സമുദായങ്ങളില്‍ പ്രമുഖമായ മുസ്ലിം വിഭാഗങ്ങളില്‍ സ്വാഭാവികമായും സൃഷ്ടിക്കുന്ന ആശങ്കകളും അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി. വളരെ വിശദമായിത്തന്നെ അദ്ദേഹം കാര്യങ്ങള്‍ പ്രതിപാദിക്കുകയും അവയെ നീക്കാന്‍ ഉപകരിക്കുകയും ചെയ്തുവെന്നാണ് കരുതേണ്ടത്. എന്നാല്‍ ‘നേരേ വാ നേരേ പോ’ സ്വഭാവക്കാരുടെ ശക്തികള്‍ മാത്രമല്ലല്ലോ രാജ്യത്തു പ്രവര്‍ത്തിക്കുന്നത്. ഏതു നീക്കത്തിലും കക്ഷിരാഷ്ട്രീയങ്ങളും വീക്ഷണങ്ങളും ചികഞ്ഞെടുക്കുന്ന മാധ്യമശക്തികളും രാഷ്ട്രീയക്കാരും കണ്ണിലെണ്ണയുമൊഴിച്ചിരിക്കുകയാണുതാനും.
2018 ല്‍ ദല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ രാഷ്ട്രീയസ്വയംസേവകസംഘം നിലകൊള്ളുന്ന കാര്യങ്ങളെ വിശദീകരിക്കാനായി ഡോ. ഭാഗവത്ജി രണ്ടു ദിവസത്തെ പ്രഭാഷണങ്ങളും, ഒരു ദിവസത്തെ സംവാദവും നടത്തിയത് രാജ്യവ്യാപകമായി മാത്രമല്ല ലോകവ്യാപകമായിത്തന്നെ സംപ്രേഷണം ചെയ്യപ്പെട്ടിരുന്നു. സംഘത്തെക്കുറിച്ചു ഇത്ര സമഗ്രമായൊരു സംവാദപരിപാടി ആദ്യമായാണ് നടന്നതെന്നു തോന്നുന്നു. സംഘത്തിന്റെ അടുക്കും ചിട്ടയും തികഞ്ഞ് പൂര്‍ത്തീകരിച്ച ആ പ്രഭാഷണങ്ങളും, ചോദ്യോത്തരങ്ങളും സംഘപ്രസിദ്ധീകരണമായി പിന്നീട് പുറത്തുവരികയും ചെയ്തു. അതും മാധ്യമങ്ങളുടെയും രാഷ്ട്രീയ സാമൂഹ്യ നിരീക്ഷകരുടെയും കൂലംകഷമായ വിമര്‍ശന, വിശകലനങ്ങള്‍ക്കു വിധേയമായിരുന്നു.
ഗാസിയാബാദ് പ്രഭാഷണത്തെപ്പറ്റി ടൈംസ് ഓഫ് ഇന്ത്യ ഒരു മുഖപ്രസംഗംതന്നെ എഴുതി. രണ്ടു കൊവിഡ് തരംഗങ്ങളുടെ ഉലച്ചിലില്പ്പെട്ടുഴലുന്ന ജനങ്ങള്‍ കരകയറാന്‍ ബദ്ധപ്പെടുന്നതിനെ സഹായിക്കാനാവും ഡോ. ഭാഗവത് ലക്ഷ്യമിട്ടതെന്നാണവര് വിചാരിച്ചത്. സാമ്പത്തിക വളര്‍ച്ചയിലും ദേശീയാന്തസ്സിലും കരുത്തിലും, ജീവിതനിലവാരത്തിലും ഭാരതീയന് അന്തസ്സും അഭിമാനവും നല്കുന്ന ജീവിതമല്ല ഇതുവരെയുണ്ടായിരുന്നത്. അനാവശ്യമായ ഒട്ടേറെ സിവില്‍ നിയമങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഇടയില്‍ ജനങ്ങള്‍ നട്ടംതിരിയുന്നു. അതിലേക്കു ചുഴിഞ്ഞിറങ്ങുന്നതാണ് ഡോ. ഭാഗവതിന്റെ ചിന്തകള്‍ എന്നു ചൂണ്ടിക്കാട്ടുന്നതിനോടൊപ്പം ഇന്ത്യക്കാരുടെയെല്ലാം ഡിഎന്‍എ ഒന്നാണെന്നും, പരസ്പരം കൊല്ലുന്നത് അവസാനിക്കണമെന്നും, അവയ്ക്കു പരിഹാരം നിര്‍ദ്ദേശിക്കുന്നതാണ് അഭിപ്രായമെന്നും പറയുന്നു.
ബിജെപിയുടെ തെരഞ്ഞെടുപ്പു വെല്ലുവിളികളിലേക്കുകൂടി വിരല്ചൂണ്ടുന്നതാണത്രെ പ്രസംഗം. ബംഗാളില്‍ വേണ്ടത്ര വിജയിക്കാത്തതും വരാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പിലേക്ക് കണ്ണുനട്ടുള്ളതുമാണത്രേ അത്. തുടര്‍ന്ന് ചില ശതമാനക്കണക്കുകളും. രാഷ്ട്രീയസ്വയംസേവക സംഘം ഒരു പ്രശ്നത്തെയും കാണുന്നതും കൈകാര്യം ചെയ്യുന്നതും കക്ഷിരാഷ്ട്രീയത്തിന്റെയും സമ്മതിദായക ശതമാനത്തിന്റെയും ദൃഷ്ടിയിലല്ല എന്നുള്ളതും എത്രയായാലുംദേശീയതലത്തിലുള്ള പത്രങ്ങളുടെ മുഖപ്രസംഗമെഴുത്തുകാരുടെ മണ്ടയില്‍ ഉദിക്കുകയില്ല എന്നതാണ് വിചിത്രം. മുസ്ലിങ്ങള്‍ കൂട്ടമായി തന്ത്രപരമായ സമ്മതിദാനപ്രയോഗം നടത്താനുള്ള സാധ്യത കുറയ്ക്കുക എന്ന തന്ത്രമാണ് ടൈംസ് ഓഫ് ഇന്ത്യ കാണുന്നത്.
സംഘം മുസ്ലിം ജനവിഭാഗത്തോടു നവീനമായൊരു അടവെടുക്കുകയാണെന്നാണ് മാധ്യമങ്ങളും രാഷ്ട്രീയതന്ത്രജ്ഞരും വിശദീകരിക്കുന്നത്. പക്ഷേ സംഘം എല്ലാക്കാലത്തും മുസ്ലിം ജനവിഭാഗങ്ങളോട് സംവദിക്കാന്‍ അവസരങ്ങള്‍ ഉപയോഗിച്ചിരുന്നു. അവരെ ഉന്മൂലനം ചെയ്യാന്‍ ഉറച്ചവരാണ് ആര്‍എസ്എസുകാര്‍ എന്ന് ആ ജനവിഭാഗങ്ങളിലേക്കു എല്ലാ മാര്‍ഗങ്ങൡലൂടെയും അടിച്ചുകയറ്റുകയായിരുന്നു, മതനേതൃത്വങ്ങളും ബുദ്ധിജീവി, സാഹിത്യവര്ഗങ്ങളും.
1970-80 കളില്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ വക്താവായിരുന്ന ഡോ. സൈഫുദ്ദീന് ജിലാനി 1971 ജനുവരി 30 ന് ഗുരുജിയുമായി കൊല്‍ക്കത്തയില്‍ നടത്തിയ ദീര്‍ഘമായ സംഭാഷണത്തില്‍ ഇത്തരത്തിലുള്ള മിക്ക പ്രശ്നങ്ങളും പരാമര്‍ശിച്ചിരുന്നു. ഹിന്ദു മുസ്ലിം പ്രശ്നത്തിന് ഉറച്ച പരിഹാരം എന്തെന്ന ഡോ. ജിലാനിയുടെ ചോദ്യത്തിന്, ദേശീയഹിതം മാത്രം മുന്‍നിര്‍ത്തിയുള്ള കാഴ്ചപ്പാടില്‍ രാഷ്ട്രീയത്തെ നോക്കുന്ന സ്ഥിതി വന്നാല്‍ ഇന്നത്തെ പ്രശ്നങ്ങള്‍ കാണെക്കാണെ പരിഹൃതമാകുമെന്നു ഗുരുജി പറഞ്ഞു.
ഹിന്ദുക്കള്‍ അവതാരപുരുഷരും, പൂര്‍വ്വികരുമായി കരുതുന്നവരെ ദേശീയവീരപുരുഷരായി മുസ്ലിങ്ങളും കരുതിക്കൂടേ? ഓരോരുത്തനുംസ്വന്തം മതാചാരമനുസരിച്ച് ഈശ്വരീയ സത്യത്തെ സാക്ഷാത്കരിക്കാനും വിശ്വസിക്കാനും കഴിയില്ലേ? മതനിഷ്ഠയും ഈശ്വരവിശ്വാസവുമായി ബന്ധമില്ലാത്ത എല്ലാ കാര്യങ്ങള്‍ക്കും പൊതുവായ ചട്ടങ്ങള്‍ ഉണ്ടാവട്ടെ. ബഹുഭാര്യാത്വം പോലുള്ള കാര്യങ്ങളില്‍ എന്തിന് ശാഠ്യം പിടിക്കുന്നു തുടങ്ങിയ കാര്യങ്ങളെപ്പറ്റിയുള്ള ദീര്‍ഘ സംവാദം ഗുരുജിസാഹിത്യസര്വസ്വം 87-ാം ഭാഗത്തില്‍ വായിക്കാം. അനവസരത്തിലും ആവശ്യമില്ലാതെയും സംഘത്തിനെ കക്ഷിരാഷ്ട്രീയ ചര്‍ച്ചകളിലേക്കു വലിച്ചിഴക്കുന്ന പ്രവണതയാണിവിടെ നാം കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: