ഭാരതം മാനവരാശിക്ക് നല്കിയ അതിമഹത്തായ സംഭാവനകളിലൊന്നാണ് ആയുര്‍വേദം. മനുഷ്യന്റെ മനസ്സിനും ശരീരത്തിനും സൗഖ്യമരുളാന് ഈ ചികിത്സാ സമ്പ്രദായം കരുപ്പിടിപ്പിച്ച മഹര്‍ഷിമാരുടെ നിരയിലാണ് ശതായുസ്സ് പിന്നിട്ടശേഷം ലോകത്തോട് വിടപറഞ്ഞിരിക്കുന്ന മഹാവൈദ്യന് പി.കെ. വാരിയരുടെ സ്ഥാനം. ഒൗപചാരിക വിദ്യാഭ്യാസത്തിനുശേഷം ആയുര്‍വേദ പഠനത്തിലേര്‍പ്പെടുകയും അമ്മാവനായ പി.എസ്. വാരിയരില്‍നിന്ന് പരിശീലനം നേടുകയും ചെയ്താണ് പി.കെ. വാരിയര്‍ ഈ രംഗത്തെ മഹദ്സാന്നിധ്യമാവുന്നത്. ജ്യേഷ്ഠന് പി.എം. വാരിയര്‍ ഒരു വിമാനാപകടത്തില്‍ അകാലമരണമടഞ്ഞതിനെത്തുടര്ന്ന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയായ വാരിയര്‍ നീണ്ട അഞ്ച് പതിറ്റാണ്ടുകാലമാണ് സ്ഥാപനത്തെ നയിച്ചത്. ഇക്കാലത്തിനിടെ മലപ്പുറം ജില്ലയിലെ ചെറിയ പ്രദേശമായ കോട്ടയ്ക്കലിനെ ലോകത്തിന്റെതന്നെ ആയുര്‍വേദ തലസ്ഥാനമായി മാറ്റാന്‍ വാരിയര്‍ക്ക് കഴിഞ്ഞുവെന്ന് ഒട്ടും അതിശയോക്തിയില്ലാതെ പറയാം. ലോകത്ത് നിലവിലുള്ള ഏത് അത്യാധുനിക ചികിത്സാരീതികളും ലഭ്യമായിരുന്നിട്ടും രാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരുമൊക്കെ ആയുര്‍വേദ ചികിത്സ തേടി കോട്ടയ്ക്കലെത്തി. യൂറോപ്പിലും ദക്ഷിണ-പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലുള്ളവരും ചികിത്സക്കായി ആര്യവൈദ്യശാലയിലേക്ക് പ്രവഹിച്ചതോടെയാണ് ലോകത്തിന്റെ ഭൂപടത്തില്‍തന്നെ ഈ പ്രദേശം സ്ഥാനംപിടിച്ചത്.
ഭാരതീയ ദര്‍ശനങ്ങളില്‍ അധിഷ്ഠിതമായ ആയുര്‍വേദത്തിന്റെ മൗലികത നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു ചികിത്സാശാസ്ത്രമെന്ന നിലയ്ക്ക് കാലാനുസൃതമായി വികസിപ്പിക്കാന്‍ കഴിഞ്ഞതാണ് പി.കെ. വാരിയരുടെ നേട്ടം. ഒരു സ്ഥാപനമെന്ന നിലയ്ക്കുള്ള ആര്യവൈദ്യശാലയുടെ വളര്‍ച്ചക്കു മാത്രമല്ല, ആയുര്വേദശാസ്ത്രത്തിന്റെതന്നെ വികാസത്തിനും ഇത് വഴിവച്ചു. പാശ്ചാത്യമായ ആധുനിക വൈദ്യശാസ്ത്രത്തോട് ഏതു നിലയ്ക്കും കിടപിടിക്കാവുന്ന, ചിലപ്പോഴൊക്കെ ഒരുപടി മുന്നില്‍ നില്ക്കുന്ന ശാസ്ത്രശാഖയാണിതെന്ന് തെളിയിക്കാനും വാരിയര്‍ക്ക് കഴിഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന പെയ്ന് ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് കാന്‍സറിനുള്ള ചികിത്സയ്ക്ക് ഒരു കാന്‍സര്‍ റിസര്‍ച്ച് ഇന്സ്റ്റിറ്റിയൂട്ടുതന്നെ കോട്ടയ്ക്കലില്‍ സ്ഥാപിച്ചു. പാശ്ചാത്യ വൈദ്യശാസ്ത്രം പകച്ചുനില്‍ക്കുന്ന പല രോഗങ്ങളുമായി വിദേശനാടുകളില്നിന്നെത്തുന്നവരെ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കിയ നിരവധി സംഭവങ്ങള്‍ വാരിയരുടെ വൈദ്യജീവിതത്തിലുണ്ട്. പാരമ്പര്യത്തിന്റെ വിശുദ്ധിക്കൊപ്പം ശാസ്ത്രവിധികള്‍ പൂര്‍ണമായി അനുസരിക്കുന്ന രീതിയാണ് ഈ ഭിഷഗ്വരന് പിന്തുടര്ന്നത്. ഇതനുസരിച്ച് രോഗിയെ സ്വന്തം മകനെപ്പോലെ കണ്ട് ചികിത്സിക്കാന്‍ മറന്നില്ല. പ്രായമേറെയായപ്പോഴും ചികിത്സിക്കുന്നത് മുടക്കിയതുമില്ല. കൈപ്പുണ്യമുള്ള ഈ വൈദ്യന് ഒന്ന് പരിശോധിച്ചാല്ത്തതന്നെ രോഗികള്‍ക്ക് തൃപ്തിയാവുമായിരുന്നു.
ആയുര്‍വേദ ചികിത്സയെ ഒരു കച്ചവടമായി കാണാന്‍ വാരിയര്‍ കൂട്ടാക്കിയില്ല. അതൊരു സേവനമാണെന്ന ഉറച്ച ബോധ്യം ഒരിക്കലും കൈവിട്ടില്ല. വൈദ്യന് കുറിച്ചുകൊടുക്കുന്ന മരുന്നുകള്‍ അങ്ങാടിയിലെ മരുന്നുവില്പ്പനക്കാര് രോഗികള്‍ക്ക് കൊടുക്കുന്നില്ലെന്ന് അറിഞ്ഞതാണ് കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ തുടക്കംതന്നെ. സ്ഥാപനം വളര്‍ന്നപ്പോഴും നിത്യേന നൂറുകണക്കിനാളുകളെ സൗജന്യമായി ചികിത്സിക്കുന്ന ധര്‍മാശുപത്രിയും, കത്തിടപാടുകളിലൂടെ ചികിത്സ നിര്‍ദ്ദേശിക്കുന്ന രീതിയും കോട്ടയ്ക്കലിന്റെ സേവന മഹത്വം വിളിച്ചോതുന്നു. ആയുര്‍വേദരംഗത്തെ സംഭാവനകളെ മുന്‍നിര്‍ത്തി ദേശീയവും അന്തര്‍ദേശീയവുമായ നിരവധി ബഹുമതികള്‍ വാരിയരെത്തേടിയെത്തിയത് സ്വാഭാവികം. പത്മശ്രീയും പത്മഭൂഷണുമൊക്കെ ഇതില്‍പ്പെടുന്നു. ഇറ്റലിയിലും വാരണാസിയിലും നടന്ന ആയുര്‍വേദ കോണ്‍ഗ്രസിന്റെ ലോകസമ്മേളനങ്ങളില്‍ ആധ്യക്ഷ്യം വഹിച്ചത് ഈ രംഗത്ത് വാരിയര്‍ക്കുള്ള സ്ഥാനം എന്തായിരുന്നുവെന്ന് കാട്ടിത്തരുന്നുണ്ട്. ആയുര്‍വേദ ചികിത്സയെ തപസ്യയായി കൊണ്ടുനടന്നപ്പോഴും കലാ-സാംസ്കാരിക രംഗത്തും സജീവമായ താല്പര്യത്തോടെ ഇടപെട്ടു. നല്ലൊരു കഥകളി ആസ്വാദകന്കൂടിയായിരുന്ന വാരിയരുടെ മാര്‍ഗദര്‍ശനത്തില്‍ കോട്ടയ്ക്കല്‍ പിവിഎസ് നാട്യസംഘം പ്രസിദ്ധിയാര്‍ജിച്ചു. രാഷ്ട്രീയത്തിനുപരിയായി ദേശീയ പ്രസ്ഥാനങ്ങളോട് അന്തസ്സോടെ പെരുമാറിയിരുന്ന ആയുര്വേദാചാര്യന് ജന്മഭൂമിയോടും അനുഭാവം പ്രകടിപ്പിച്ചിരുന്നു. ചരകന്റെയും ശുശ്രുതന്റെയും ധന്വന്തരിയുടെയുമൊക്കെ യഥാര്‍ത്ഥ പിന്മുറക്കാരനായിരുന്ന ഈ വൈദ്യകുലപതിക്ക് ഞങ്ങളുടെ ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: