മലപ്പുറം: കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.കെ. വാര്യര്‍(100) അന്തരിച്ചു. കഴിഞ്ഞ മാസമാണ് 100-ാം ജന്മദിനം ആഘോഷിച്ചത്. 1999ല്‍ പത്മശ്രീയും 2010ല്‍ പത്മഭൂഷണും നല്കി രാജ്യം ആദരിച്ചു. 1997ല്‍ ഓള് ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് ‘ആയുര്‍വേദ മഹര്‍ഷി’ സ്ഥാനം അദ്ദേഹത്തിനു സമര്‍പ്പിക്കുകയുണ്ടായി.
മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ ഒരു ഇടത്തരം കുടുംബത്തില്‍ കോടിതലപ്പണ ശ്രീധരന് നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ചി വാരസ്യാരുടെയും മകനായി 1921 ജൂണ്‍ അഞ്ചിനാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാര്യര്‍ എന്ന പി.കെ. വാര്യരുടെ ജനനം. കോട്ടക്കല്‍ രാജാസ് ഹൈസ്കൂളിലായിരുന്നു പഠനം. വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്നം പി.എസ്.വാര്യര്‍ ആയുര്‍വേദ കോളേജിലും. അമ്മാവനായ വൈദ്യരത്നം ഡോ.പി.എസ്. വാര്യരാണ് ഗുരുവും വഴികാട്ടിയും.
1902 ല്‍ പി.എസ്. വാര്യരാണ് കോട്ടക്കല്‍ ആര്യവൈദ്യശാലക്ക് തുടക്കം കുറിച്ചത്. ആദ്യത്തെ മാനേജിംഗ് ട്രസ്റ്റിയായി 1944 ല്‍ ചുമതലയേറ്റത് ഡോ.പി.കെ. വാര്യരുടെ ജ്യേഷ്ഠനായ പി.മാധവവാര്യരായിരുന്നു. 1953ല്‍ നാഗ്പൂരില്‍ വെച്ചുണ്ടായ വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചു. അതിന് ശേഷമാണ് ഡോ.പി.കെ. വാര്യര്‍ ആര്യവൈദ്യശാലയുടെ ചുമതലയിലേക്കെത്തിയത്.
.സഹസ്രാബ്ദങ്ങളിലേക്കു നീളുന്ന ഭാരതത്തിന്റെ അഭംഗുരമായ ആയുര്‍വേദ പാരമ്പര്യത്തിലെ തിളങ്ങുന്ന കണ്ണിയാണ് വൈദ്യകുലപതി ഡോ. പി.കെ. വാര്യര്‍. അദ്ഭുത സിദ്ധികള്‍ ആവാഹിക്കുന്ന ഒരു ശാസ്ത്രശാഖയെന്ന നിലയ്ക്ക് ആയുര്‍വേദത്തിന്റെ വളര്‍ച്ചയ്ക്ക് നിസ്തുലമായ സംഭാവനകളാണ് ഈ ആചാര്യനില്‍നിന്നുണ്ടായത്.
കേരളത്തിനകത്തും പുറത്തും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയെന്ന സ്ഥാപനം ശാഖോപശാഖകളായി വളര്‍ന്നതിന്റെയും, അതിന്റെ പ്രശസ്തി വിശ്വ ചക്രവാളം തൊട്ടതിന്റെയും ബഹുമതി ഈ ആയുര്‍വേദ മഹര്‍ഷിക്ക് അവകാശപ്പെട്ടതാണ്. കര്‍മനിരതവും ലക്ഷ്യപൂര്‍ണവുമായ തന്റെ ജീവിതത്തിലൂടെ ആയുര്‍വേദത്തെ ജനകീയമാക്കുകയും, പാശ്ചാത്യമായ ആധുനിക വൈദ്യശാസ്ത്രത്തോട് കിടപിടിക്കുന്ന സ്ഥിതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്ത ഈ മഹാവ്യക്തിത്വം കോട്ടയ്ക്കല്‍ എന്ന പ്രദേശത്തെ ലോകത്തിന്റെ ഭൂപടത്തില്‍ പ്രതിഷ്ഠിച്ചു. ജീവിച്ചിരിക്കുന്ന മഹദ്വ്യക്തികളില്‍ ഏറെ ആദരിക്കപ്പെടുന്ന വൈദ്യകുലപതിയെ തേടിയെത്തിയിട്ടുള്ള അംഗീകാരങ്ങളും ബഹുമതികളും നിരവധിയാണ്. ലജന്റ് ഓഫ് കേരള അവാര്‍ഡ് നല്കി ജന്മഭൂമിയും ഈ ആയുര്‍വേദ ശാസ്ത്രജ്ഞനെ ആദരിക്കുകയുണ്ടായി.
ആയുര്‍വേദം ഒരു ചികിത്സാരീതി മാത്രമല്ല. അതില്‍ ജീവിതത്തിന്റെ പ്രകാശമുണ്ടെന്ന് കരുതുന്ന കര്‍മനിരതനായ വ്യക്തി. ആയുര്‍വേദം ജനകീയമാക്കിയ വൈദ്യകുലപതി. നിരവധി വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സാരീതികള്‍ക്ക് വ്യക്തമായ പങ്കുണ്ട്.കേരളത്തിലെ ആയുര്‍വേദ മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമായത് ഇദ്ദേഹത്തിന്റെ നിസ്വാര്‍ഥ സേവനത്തിലൂടെയാണ്. ആയുര്‍വേദത്തിലെ ഭാരതീയ ചികിത്സാ സമ്പ്രദായത്തിന് പി.കെ വാര്യര്‍ നല്കിയ സംഭാവനകള്‍ മാനിച്ചും ആറ് ദശാബ്ദക്കാലത്തെ നിസ്തുല സേവനം മുന്‍നിര്‍ത്തിയും ആറളം വനപ്രദേശത്തു കണ്ടെത്തിയ പുതിയ ഇനം സസ്യത്തിന് പി.കെ വാര്യരുടെ പേര് നല്കിയിരിക്കുന്നു
ഏഴു ദശാബ്ദം നേതൃത്വം നല്കി നൂറാം വയസില്‍ വിടവാങ്ങിയപ്പോള്‍ 2000 പേര്‍ക്ക് തൊഴിലും നല്കുന്ന മഹാപ്രസ്ഥാനമായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയെ മാറ്റിയെടുക്കാന്‍ സാധിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലൂടെ സൗഖ്യം നേടിയത്. ചികിത്സക്ക് പണം തടസ്സമാകരുത് എന്ന ചിന്തയോടെ ആയുര്‍വേദത്തിന്റെ സിദ്ധികളെ അദ്ദേഹം സമൂഹത്തിന്റെ താഴേതലത്തില്‍ വരെയെത്തിച്ചു. രാഷ്ട്രത്തലവന്മാര് മുതല്‍ അഗതികള്‍ വരെ അദ്ദേഹത്തെ ചികിത്സ തേടി സമീപിച്ചു.
ധന്വന്തരി പുരസ്കാരം, സംസ്ഥാന സര്‍ക്കാരിന്റെ അഷ്ടാംഗരത്നം പുരസ്കാരം, ഡോ.പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, പതഞ്ജലി പുരസ്കാരം, സി.അച്യുതമേനോന് അവാര്‍ഡ്, കാലിക്കറ്റ്, എംജി സര്‍വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി.കെ.വാര്യരെത്തേടിയ ബഹുമതികളില്‍ ചിലതുമാത്രം. കേരള ആയുര്‍വേദ മണ്ഡലം, അഖിലേന്ത്യാ ആയുര്‍വേദ കോണ്‍ഗ്രസ് എന്നിവയുടെ അദ്ധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്മൃതിപര്‍വമെന്ന പേരില്‍ രചിച്ച ആത്മകഥ സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി. കവി പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കള്‍: ഡോ. കെ.ബാലചന്ദ്രന് വാര്യര്‍, പരേതനായ കെ.വിജയന് വാര്യര്‍, സുഭദ്ര രാമചന്ദ്രന്. മരുമക്കള്‍: രാജലക്ഷ്മി, രതി വിജയന് വാര്യര്‍, കെ.വി.രാമചന്ദ്രന് വാര്യര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: