കോട്ടയം: ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിനായി കേരളം കൈകോര്‍ത്ത വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ കടന്ന് മുഖ്യധാരാ മാധ്യമങ്ങളെ പോലും കയ്യടക്കിയിട്ട് ദിവസങ്ങളായി. ജനിതക തകരാറുമൂലം പതിനായിരത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന, ശ്വസിക്കാന്‍ പോലുമാകാതെ മരണത്തിന് കീഴടങ്ങേണ്ടി വരുന്ന സ്പൈനല്‍ മസ്കുലാര്‍ സിന്‍ഡ്രോമിനുള്ള മരുന്നാണ് 18 കോടി വിലയുള്ള സോള്‍ഗെന്‍സ്മ.
നൊവാര്‍ട്ടിസ് ജീന്‍ തെറാപ്പീസ് എന്ന കമ്പനി നിര്‍മ്മിക്കുന്ന ഈ മരുന്നിന് എന്തുകൊണ്ട് ഇത്രയും വില എന്ന ചോദ്യത്തിന് ഉത്തരമായി അപൂര്‍വ്വ രോഗത്തിന്റെയും രോഗികളുടെ എണ്ണക്കുറവിന്റെയും കഥയാണ് കമ്പനി പറയുന്നത്. ഇവര്‍ ഒരു വര്‍ഷം 100 ഡോഡ് സൗജന്യമായി നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ഏകദേശം പത്തോളം കുട്ടികള്‍ക്കിത് ലഭിച്ചുകഴിഞ്ഞു. കേരളത്തിലും അഞ്ചോളം കുട്ടികള്‍ക്കിത് സൗജന്യമായി ലഭിച്ചു എന്നാണ് കണക്കുകള്‍ പറയുന്നത്. ആദ്യമായി ഈ മരുന്ന് സൗജന്യമായി നല്‍കിയത് കൊച്ചി അമൃത ആശുപത്രിയിലായിരുന്നു എന്നാണ് പീഡിയാട്രിക് ന്യൂറോ വിഭാഗം തലവനായ ഡോ.കെ.പി. വിനയന് സാക്ഷ്യപ്പെടുത്തുന്നത്. പ്രത്യേക പദ്ധതിയുടെ ഭാഗമായി നല്കുന്ന 100 ഡോസിനിപ്പുറം ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നായി ഇത് നിലനില്ക്കുന്നു.
18 കോടി വിലയുടെ പിന്നിലെ കണക്ക്
കൂടുതല്‍ ആവശ്യക്കാരുള്ള രോഗത്തെക്കുറിച്ചും അവയുടെ മരുന്നുകളെപ്പറ്റിയുമുള്ള ഗവേഷണങ്ങളിലേക്ക് മരുന്നു കമ്പനികള്‍ ചുരുങ്ങിയപ്പോള്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് മുന്നോട്ടുവച്ച ഒരു നയമാണ് ഭീമമായ ഈ വിലയ്ക്കു പിന്നിലെ കാരണം. അപൂര്‍വ്വ രോഗങ്ങളെപ്പറ്റി ഗവേഷണം ചെയ്ത് മരുന്നു കണ്ടെത്തുന്ന കമ്പനികള്‍ക്ക് വില നിശ്ചയിക്കാം. മറ്റു മരുന്നുകളില്‍ ഉള്ള അടിസ്ഥാന വില നിര്‍ണയ മാനദണ്ഡങ്ങള്‍ ഇതിലുണ്ടാകില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഇത്തരം അപൂര്‍വ്വ രോഗങ്ങളുടെ മരുന്നുവില നിര്‍ണയത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഇല്ല എന്നര്‍ത്ഥം.
സാധാരണനിലയില്‍ ചെറിയ കമ്പനികള്‍ ഇത്തരം മരുന്നുകളില്‍ ഗവേഷണം നടത്തി വിജയിച്ചാല്‍ വലിയ കമ്പനികള്‍ അതേറ്റെടുക്കുകയും ചെയ്യും. അങ്ങനെയുള്ള ഏറ്റെടുക്കലുകളും ചെറുകമ്പനികളുടെ വളര്‍ച്ചകളും കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍പേര്‍ ഗവേഷണത്തിനു തയാറാകുമെന്നും കാലക്രമത്തില്‍ ഗവേഷണം സാര്‍വ്വത്രികമാകുമ്പോള്‍ വിലകുറയുമെന്നുമുള്ള വാദങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഈ സിദ്ധാന്തത്തെപ്പറ്റിയുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും അന്താരാഷ്ട്രവേദികളിലെ സ്ഥിരം സാന്നിധ്യമാണ്. വിദഗ്ധരുടെ അഭാവവും ഗവേഷണത്തിനുണ്ടാകുന്ന ഭീമമായ ചെലവുമാണ് കമ്പനി വിലയുടെ കാരണമായി പറയുന്നത്.
വില നിര്‍ണയത്തില്‍ രാജ്യത്തിന് പങ്കില്ല
വ്യക്തിഗതമായി അപേക്ഷ നല്കി ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതി ലഭിച്ച് രാജ്യത്തെത്തുന്നതാണ് ഇത്തരം മരുന്നുകള്‍. ഇത് രാജ്യം അംഗീകരിച്ചതല്ല.
മറ്റൊരു രാജ്യം അംഗീകരിച്ച മരുന്ന് ഇവിടത്തെ രോഗിക്കാവശ്യമാണെന്ന ഡോക്ടറുടെ സാക്ഷ്യപത്രമുള്‍പ്പെടെ നല്‍കിയാലെ ഇത് ലഭിക്കുകയുള്ളു. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്യുന്ന ചെലവല്ലാതെ വില നിര്‍ണയത്തില്‍ സര്‍ക്കാരിന് പങ്കില്ല.
സോള്‍ഗെന്‍സ്മ രണ്ടാമന്
സ്പൈനല്‍ മസ്കുലാര്‍ രോഗത്തിനുള്ള രണ്ടാമത്തെ മരുന്നാണ് സോള്‍ഗെന്‍സ്മ. ആദ്യമരുന്ന് സിന്റാസാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും നല്കാവുന്നതെന്ന അംഗീകാരം ലഭിച്ച ആദ്യ മരുന്നിതാണ്. 2016ലാണ് ഇതിന് അനുമതി ലഭിച്ചത്. ഈ ശ്രേണിയിലെ മൂന്നാമനും 2020ല്‍ എത്തിയിരുന്നു.
റിസ്ഡിപ്ലാസം എന്ന ആ മരുന്ന് കഴിക്കാവുന്ന തരത്തിലുള്ളതാണ്. ആവര്‍ത്തിച്ച് ഉപയോഗിക്കേണ്ടിവരുന്ന ഇതിന് വിലയും മറ്റുള്ളതിനേക്കാള് കുറവാണ്. സോള്‍ഗെന്‍സ്മ ഒരു തവണ ഉപയോഗിച്ചാല്‍ പിന്നെ ജീവിതകാലം മുഴുവനും സുരക്ഷ ഉറപ്പു തരുന്നുണ്ട്.
രോഗം, കാരണം, മരുന്ന്, പ്രവര്‍ത്തനം, ദോഷം
ജനിതകമാറ്റം മൂലം നട്ടെലിലെ ന്യൂട്രോണ്‍ നശിച്ച് പേശി ദുര്‍ബലമാകുന്ന രോഗമാണ് സ്പൈനല്‍ മസ്കുലര്‍ സിന്ട്രോം. ചലനശേഷി നല്കുന്ന പ്രോട്ടീന്‍ നിര്‍മിക്കാന്‍ കോശങ്ങള്‍ക്ക് കഴിയാതെ ശ്വസനം പോലും തടസപ്പെട്ടു രോഗി മരിക്കുന്നു. ജനിതകമായി ലഭിക്കുന്ന രോഗമായതിനാല്‍ ഇത് രോഗവാഹകരായ മാതാപിതാക്കളിലൂടെയാണ് കുഞ്ഞുങ്ങളിലെത്തുന്നത് എന്നു പറയാം. ഒരേസമയം അച്ഛനും അമ്മയും രോഗവാഹകരായാല്‍ അവര്‍ക്കുണ്ടാകുന്ന കുട്ടി രോഗിയാകാന്‍ 25 ശതമാനമാണ് സാധ്യത. അല്ലെങ്കില്‍ പതിനായിരത്തിലൊന്നും. 54ല്‍ ഒരാള്‍ രോഗവാഹകരാകാനും സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
സോള്‍ഗെന്‍സ്മ എന്ന മരുന്ന് ഒരു വൈറസ് വെക്ടറിലൂടെ കോശത്തിലെത്തിച്ച് പ്രോട്ടീന്‍ നിര്‍മിക്കുന്ന ഭാഗം നല്‍കുകയാണ് ചെയ്യുന്നത്. അങ്ങനെ നഷ്ടമായ ജീന്‍ ശരീരത്തിലെത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ മരുന്ന് ശരീരത്തിലെത്തുമ്പോള്‍ ചില ദോഷങ്ങളും ഉണ്ടാകുമെന്ന് പറയപ്പെടുന്നുണ്ട്. അതില്‍ പ്രധാനം കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതാണ്.
2019ല്‍ അംഗീകാരം ലഭിച്ച് പരീക്ഷണാര്‍ത്ഥം രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ നല്കി വിജയിച്ച ഈ മരുന്നിന്റെ മറ്റു ദൂഷ്യവശങ്ങള്‍ മരുന്ന് ലഭിച്ച കുട്ടികള്‍ വളര്‍ന്നു വലുതായാലേ പറയാനാകൂ എന്ന് വിദഗ്ധര്‍ പറയുന്നു. കുറവുകള്‍ ഉണ്ടായാലും ഇല്ലെങ്കിലും ജീവന് രക്ഷിക്കാന്‍ ഇതിനു കഴിയുന്നുണ്ട് എന്നത് സത്യമാണ്. ഒപ്പം ഇനിയും രാജ്യത്ത് ആവശ്യക്കാര്‍ ഉണ്ടെന്നുള്ളതും ആശങ്കയുണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: