‘മനുഷ്യാവകാശവാദിയും ആദിവാസികളുടെ മുന്നണിപോരാളിയും അശരണരുടെ മിശിഹയുമായ’ സ്റ്റാന്‍സാമിയെ സഖാവ് സ്റ്റാന്‍സാമി എന്നു വിളിച്ചത് മറ്റാരുമല്ല, ബഹുമാനപ്പെട്ട കോടതിയാണ്. സ്റ്റാന്‍സാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ വാദപ്രതിവാദങ്ങള്‍ക്കുശേഷം ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി ഇങ്ങനെ പറയുന്നു: It seemed Swami was a member of banned Maoist organisation prima facia it can gathered that the applicant along with other members of the banned organisation hatched a serious conspiracy to create unrest in the entire country. Stan swami is a CPI(Maoist) cadre and was actively involved in its activities. Stan swami and others communicated with were refered to as comrades.
2017 ഡിസംബര്‍ 31ന് മഹാരാഷ്ട്രയില്‍ നടന്ന ഭീമ കൊറെഗാവ് കലാപത്തില്‍ ബുദ്ധിപരമായ പങ്കാളിത്തം കണ്ടെത്തി ഒരു വര്‍ഷത്തിനുശേഷം സ്റ്റാന്‍ സാമിയെ 16-ാമത്തെ പ്രതിയാക്കി പതിനായിരത്തില്പരം പേജുള്ള കുറ്റപത്രം എന്‍ഐഎ കോടതിയില്‍ സമര്‍പ്പിക്കുകയുണ്ടായി. ഭീമ കൊറെഗാവ് കേസിനോടനുബന്ധിച്ച് വെളിയില്‍ വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റ് സംഘടനകളുടെ ആശയത്തിനും ആസൂത്രണത്തിനും അര്‍ബന്‍ നക്സലുകളുടെ പിന്തുണയും സഹകരണവും സാങ്കേതികസ്വാധീനവും ഉണ്ടെന്നു കണ്ടെത്തുകയും ഇവരില്‍ സ്റ്റാന്‍സാമി അടക്കംഏഴ് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്യുകയുമുണ്ടായി. സ്റ്റാന്‍ സാമിയുടെ പക്കല്‍നിന്നും പിടികൂടിയ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. 2018 ഓഗസ്റ്റ് 22നാണ് പൂനെ പോലീസ് സ്റ്റാന്‍സാമിയെ പ്രതിചേര്‍ക്കുന്നത്. അറസ്റ്റ് ഒഴിവാക്കാന്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ അനുകൂല വിധി സമ്പാദിച്ചെങ്കിലും എഫ്ഐആര്‍ ക്വാഷ് ചെയ്യണമെന്ന സ്റ്റാന്‍ സാമിയുടെ ഹര്‍ജി കോടതി തള്ളി. 2020 ഒക്ടോബര്‍-8 ന് എന്‍ഐഎ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്റ്റാന്‍സാമിയെ അറസ്റ്റ് ചെയ്തു. എന്‍ഐഎ പിടിച്ചെടുത്ത 140 ഈമെയില്‍ സന്ദേശങ്ങളും, ഓഡിയോ വീഡിയോ രേഖകളും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാദമുഖങ്ങള്‍ക്ക് ശേഷമാണ് കോടതി ജാമ്യം നിഷേധിച്ചത്.
മനുഷ്യാവകാശക്കാര് എന്ന് കൊട്ടിഘോഷിക്കുന്ന ചിലര്‍ ഇന്ന് ഉയര്‍ത്തുന്ന പ്രധാന വാദം രോഗിയും 84 വയസ്സുള്ള വന്ദ്യവയോധികനുമായ സ്റ്റാന്‍ സാമിക്ക് ജാമ്യം നിഷേധിച്ചത് ഭരണകൂടഭീകരതയും ക്രൂരതയുമാണെന്നും ഇത് ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്നാണ്. സ്റ്റാന്‍സാമിയുടെ വ്യക്തിപരമായ അവകാശങ്ങളെക്കാള്‍ വലുതാണ് ഒരു രാജ്യത്തിന്റെ പരിരക്ഷ എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതി എഴുതുന്നു Collective interest of a community would outweigh Swamis rights to personal liberty. ജാമ്യം നല്‍കുന്നതും തള്ളുന്നതും പരിപൂര്‍ണ്ണമായും കോടതിയുടെ കാഴ്ച്ചപ്പാടിന്റെയും വിധിന്യായത്തിന്റെയും അടിസ്ഥാനത്തിലാണ്. ഭരണകൂടവുമായി ഇതിന് യാതൊരു ബന്ധവുമില്ല. പലരും കേന്ദ്രസര്‍ക്കാറിനെ പഴിചാരാന്‍ ശ്രമിക്കുമ്പോഴും ജയിലില്‍ പാര്‍പ്പിക്കപ്പെട്ടതും ആശുപത്രിയില്‍ ചികിത്സ തേടിയതും മരണം നടന്നതും കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ ഭരിക്കുന്ന മഹാരാഷ്ട്രയിലാണെന്നുള്ള കാര്യം സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു.
സ്റ്റാന്‍സാമി നിഷ്കളങ്കനോ?
ആദിവാസിസമൂഹത്തിന്റെ രക്ഷകനായി അവതരിപ്പിക്കപ്പെടുന്ന സ്റ്റാന്‍സാമി അത്ര നിഷ്കളങ്കനോ വാഴ്ത്തപ്പെട്ടവനോ ആണെന്നുള്ള കാര്യം ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്. അഖണ്ഡത സംരക്ഷിച്ചുകൊണ്ട് ഒരു രാജ്യത്തിന്റെ പുരോഗതിയെ പ്രാപ്തമാക്കുക എന്നതാണ് രാജ്യസ്നേഹികളുടെ ഗവണ്മെന്റിന്റെ ദൗത്യം. രാജ്യത്ത് കലാപം സൃഷ്ടിച്ച് അരാജകത്വം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കേണ്ടത് സാമൂഹ്യ നീതിന്യായ വ്യവസ്ഥയ്ക്ക് അനിവാര്യമാണ്. അങ്ങനെ നോക്കുമ്പോള്‍ സ്റ്റാന്‍ സാമി അടക്കമുള്ള അര്‍ബന്‍ നക്സലുകളുടെ പ്രവര്‍ത്തനം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ കേന്ദ്രസര്‍ക്കാരിനോടുള്ള പകപോക്കലിന്റെ ഭാഗമായി പല മാധ്യമങ്ങളും ഇന്ന് അര്‍ബന്‍ നക്സലുകളെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കേരളത്തിലെ ഒരു പ്രധാന മാധ്യമം എഡിറ്റോറിയലായി സ്റ്റാന്‍ സാമിയുടെ മരണത്തെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്,
”നിശ്ശബ്ദനായ കാഴ്ച്ചക്കാരനല്ല അനീതിയോട് പ്രതികരിക്കുകയും ഭരണകൂടത്തോട് ചോദ്യങ്ങളുയര്‍ത്തുകയും ചെയ്യുന്നവരിലൊരാളാണ് താനെന്ന് അതിന് വിലയെത്രയാണോ അത് കൊടുക്കാന്‍ ഒരുക്കമാണെന്നും അറസ്റ്റിലാവുന്ന ഘട്ടത്തില്‍ ഉറക്കെ പ്രഖ്യാപിച്ച ഫാദര്‍ സ്റ്റാന്‍ സാമി ഒരു മാതൃകയാണ്.” ഈ മുഖപ്രസംഗം എഴുതിയവര്‍ എട്ടു വര്‍ഷം തടവില്‍ കിടന്ന ശേഷം പ്രത്യക്ഷത്തില്‍ കുറ്റപത്രം നില്‍ക്കില്ലെന്ന് കണ്ട് കോടതി വെറുതെവിട്ട പ്രജ്ഞാസിംഗ് ഠാക്കൂറിനെതിരെ മുഖപ്രസംഗമെഴുതി അപവാദം ചമച്ചവരാണ് ഈ മുഖപ്രസംഗം എഴുതിയവരെന്നുള്ള കാര്യം വിസ്മരിക്കാന്‍ കഴിയില്ല.
വാസ്തവത്തില്‍ അനീതി നടത്തി ഭരണകൂടത്തെ വെല്ലുവിളിച്ച് രാജ്യത്ത് അസ്ഥിരതയുണ്ടാക്കാന്‍ ശ്രമിച്ച സ്റ്റാന്‍ സാമി എങ്ങനെ ജനാധിപത്യത്തിന് മാതൃകയാവും? ആദിവാസികളുടെ അവകാശം സംരക്ഷിക്കുവാനാണോ അതോ ആദിവാസികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി രാജ്യത്തെ അസ്ഥിരപ്പെടുത്തുവാനാണോ സ്റ്റാന്‍ സാമി ശ്രമിച്ചത്? ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള മനുഷ്യാവകാശവാദിയാണ് സ്റ്റാന്സാമിയെങ്കില് എന്തിന് ആദിവാസികളെ കൂട്ടത്തോടെ മതം മാറ്റണം? കേന്ദ്രഗവണ്മെന്റ് നിരോധിച്ച സായുധ വിപ്ലവകാരികളായ മാവോയിസ്റ്റുകളുമായി സഖ്യമുണ്ടാക്കിയതെന്തിന്? മാവോയിസ്റ്റുകളുമായി ബന്ധമില്ലെങ്കില്‍ സ്റ്റാന്‍സാമിയുടെ മരണത്തില്‍ പ്രതിഷേധിച്ച് മാവോയിസ്റ്റുകള്‍ പ്രത്യക്ഷ സമരത്തിന് തയ്യാറായതെന്തുകൊണ്ട്? ഇത്തരം നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സ്റ്റാന്‍ സാമിവാദികള്ക്ക് കഴിയാതെ വരുമ്പോള്‍ അവര്‍ ഭരണകൂടഭീകരത എന്ന വൈകാരിക ചോദ്യമുയര്‍ത്തി രക്ഷപ്പെടുന്നു. മഹാരാഷ്ട്രയിലെ ഫല്‍ഗര്‍ ഗ്രാമത്തിലെ ഹിന്ദുസംന്യാസിമാരെ നിഷ്കരുണം കൊന്നപ്പോഴും ഒറീസയിലെ ആദിവാസിമേഖലയില്‍ പ്രവര്‍ത്തിച്ച ലക്ഷ്മണാനന്ദസ്വാമിയെ ക്രൂരമായി കൊലപ്പെടുത്തിയപ്പോഴും മൗനം ഭൂഷണമാക്കിയവരാണ് ഇന്ന് സ്റ്റാന്‍സാമിയുടെ കാര്യത്തില്‍ ഭരണകൂടഭീകരത എന്നു പറഞ്ഞ് വിഷം വമിപ്പിക്കുന്നത്.
ഇന്ത്യയില്‍ നിരോധിച്ച മാവോയിസ്റ്റ് പാര്‍ട്ടിയുടെ കേഡറാണ് സ്റ്റാന്‍ സാമി. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ 1937 ഏപ്രില്‍ 26നു ജനിച്ച സ്റ്റാനി സ്ലോസ് ലൂര്‍ദ് സാമി സ്കൂള്‍ പഠനകാലത്താണ് വിദേശത്തുനിന്ന് മതപരിവര്‍ത്തനത്തിനായി എത്തിയ ജസ്യൂട്ട് പുരോഹിതരുമായി പരിചയപ്പെടുന്നത്. പിന്നീട് പുരോഹിതന്റെ കുപ്പായമണിയാന്‍ തീരുമാനിക്കുന്നു. ഫിലിപ്പിന്‍സില്‍ നിന്നും മതപഠനം കഴിഞ്ഞ് തിരിച്ചുവന്ന സ്റ്റാന്‍സാമി മാവോയിസത്തില്‍ ആകൃഷ്ടനാവുകയും പുരോഹിതനായി തുടരുമ്പോള്‍ തന്നെ മാവോയിസ്റ്റുകളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. ജസ്യൂട്ട് സഭയുടെ കീഴില്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റൂട്ടിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് കൂടെയുണ്ടായിരുന്ന സഹവൈദികര്‍ സ്റ്റാന്‍സാമിയുടെ മാവോയിസ്റ്റ് ബന്ധത്തിനെതിരെ സഭയില്‍ പരാതിപ്പെട്ടിരുന്നു. ദളിത് മേഖലയിലെ ക്രൈസ്തവവത്കരണത്തിന് മാവോയിസ്റ്റ് ബന്ധം അനിവാര്യമാണെന്ന സ്റ്റാന്‍സാമിയുടെ നിലപാടിനോട് യോജിച്ച സഭ സ്റ്റാന്‍ സാമിയെ വടക്കുകിഴക്കന്‍ മേഖലയിലെ ക്രൈസ്തവപ്രവര്ത്തനത്തിന് നിയോഗിക്കുകയും ജാര്‍ഖണ്ഡിലെ റാഞ്ചി ആസ്ഥാനമാക്കുകയും ചെയ്തു.
ഭാരതത്തിന്റെ സംസ്ക്കാരത്തിനും പാരമ്പര്യത്തിനും വിരുദ്ധമായി ആദിവാസികളെ മതപരിവര്‍ത്തനം ചെയ്ത് ക്രൈസ്തവരാക്കുക എന്നതായിരുന്നു സ്റ്റാന്‍ സാമിയുടെ പദ്ധതി. മതത്തിലൂടെയും തോക്കിന്‍കുഴലിലൂടെയും ആദിവാസിസമൂഹത്തെ രാജ്യവിരുദ്ധരാക്കുക എന്ന പദ്ധതിക്കായിരുന്നു സ്റ്റാന്‍ സാമിയുടെ മുന്‍ഗണന. 209 ധാരണാപത്രങ്ങളില്‍ ഒപ്പു വെച്ച മൂന്ന് ലക്ഷം കോടിയുടെ ഇന്‍വെസ്റ്റേഴ്സ് മീറ്റ് അട്ടിമറിക്കാന്‍ ആദിവാസികളെ മുന്‍നിര്‍ത്തി സ്റ്റാന്‍സാമി രംഗത്തുവന്നു. 1996ല്‍ ഖഛഅഞ എന്ന സംഘടനയുണ്ടാക്കി, യുറേനിയം ഖനനത്തെ ഇല്ലാതാക്കാന്‍ അട്ടിമറി സമരങ്ങള്‍ നടത്തി. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തണല്‍ വിരിച്ച സ്റ്റാന്‍ സാമി പെര്‍സിക്യൂട്ടഡ് പേര്‍സണ്‍ സോളിഡാരിറ്റി കമ്മിറ്റി എന്ന മാവോയിസ്റ്റ് സംഘടനയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ചു. ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്് പ്രദേശത്തെ ആദിവാസി സമൂഹത്തെ മാവോയിസ്റ്റുകള്‍ക്ക് കീഴില്‍ കൊണ്ടുവരുന്നതിനും ഈ വനപ്രദേശങ്ങള്‍ സ്വയം ഭരണപ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതുമടക്കമുള്ള പത്തല്‍ഗാഡി മൂവ്മെന്റ് സംഘടിപ്പിച്ചു.
53 വര്‍ഷങ്ങളായി ജസ്യൂട്ട് പുരോഹിതനായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റാന്‍ സാമി ക്രൈസ്തവസഭയിലേക്ക് ആളെ ചേര്‍ക്കുന്ന മതപരിപരിവര്ത്തനവാദിയായിട്ടാണ് ജാര്‍ഖണ്ഡിലെ പല സ്ഥലങ്ങളിലും അറിയപ്പെട്ടിരുന്നത്. 2015ല്‍ പ്രലോഭനങ്ങളിലൂടെ നൂറ് ആദിവാസി ഹിന്ദു കുടുംബങ്ങളെ മതപരിവര്‍ത്തനം ചെയ്ത് ക്രൈസ്തവരാക്കിയതില് ഗവണ്മെന്റ് കേസെടുത്തിട്ടുണ്ട്.
റാഞ്ചിയിലെ ഡെപ്യൂട്ടി കമ്മീഷണന് ദിനേശ് ചന്ദ്രമിശ്ര സ്റ്റാന്‍സാമി അടക്കമുള്ള മതപരിവര്‍ത്തന ലോബിയുടെ ഹിഡണ്‍ അജണ്ട ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2001-2011 കാലഘട്ടത്തില്‍ ആദിവാസിമേഖലയില്‍ ക്രൈസ്തവസഭയുടെ സ്വാധീനം 27% വര്‍ദ്ധിച്ചതായി 2011 ലെ സെന്‍സസില്‍ വ്യക്തമാകുന്നു. റാഞ്ചി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സ്റ്റാന്‍ സാമിയുടെ ലക്ഷ്യം ക്രൈസ്തവവത്കരണമായിരുന്നെങ്കിലും മാര്‍ഗ്ഗം തോക്കിന്‍കുഴലിലെ വിപ്ലവമായിരുന്നു. കലാപമുണ്ടാക്കി സര്‍ക്കാര്‍ നിര്വീര്യമാകുമ്പോള് രാജ്യത്തുണ്ടാകുന്ന അരാജകത്വം മുതലാക്കാന്‍ ദൈവശാസ്ത്രത്തിലധിഷ്ഠിതമായ ക്രൈസ്തവസഭയ്ക്ക് കഴിയണമെന്നായിരുന്നു സ്റ്റാന്‍ സാമിയുടെ കണക്കുകൂട്ടല്‍. മനുഷ്യാവകാശമല്ല, മറിച്ച് മതസ്പര്‍ദ്ധ വളര്‍ത്താനുള്ള മതപരിവര്ത്തനാവകാശമായിരുന്നു സ്റ്റാന്‍ സാമിയുടെ പ്രഖ്യാപിത ലക്ഷ്യം.
84 വയസ്, വന്ദ്യവയോധികന്, പാര്‍ക്കിന്‍സണ്‍സ് രോഗി, കൈകാലുകള്‍ക്ക് സ്വാധീനക്കുറവ് ഇങ്ങനെയുള്ള സാഹചര്യങ്ങളെ കണക്കിലെടുക്കാതെ എന്തുകൊണ്ട് സ്റ്റാന്‍ സാമിക്ക് ജാമ്യംനിഷേധിക്കപ്പെട്ടു എന്നതിന് രാജ്യം ആദ്യം എന്ന ഒരേയൊരു ഉത്തരമേയുള്ളൂ. വ്യക്തിപരമായ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ജനാധിപത്യത്തില്‍ പരമപ്രധാനമാണെങ്കില്‍ പോലും സുപ്രീംകോടതിയുടെ സുപ്രധാനമായ പല വിധി ന്യായങ്ങളിലും പരാമര്‍ശിക്കപ്പെട്ടതു പോലെ അതിനും മേലെയാണ് രാജ്യതാല്പര്യം. മോദിഗവണ്മെന്റിനോടുള്ള പക പോക്കലില്‍ ഈ യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൊണ്ട് വാദിക്കുന്നത് വിനാശകരമായ ബോധവത്കരണമാണ്. രാജ്യമാദ്യം എന്ന ചിന്തയ്ക്ക് പ്രാധാന്യം വരുമ്പോള്‍ സ്റ്റാന്‍ സാമി സഖാവാണോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: