രണ്ടാം മോദിസര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ പുനഃസംഘടന നടന്നിരിക്കുന്നു. മന്ത്രിസഭാ പുനഃസംഘടന ഉടന്‍ എന്ന രീതിയില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. ചില മാധ്യമങ്ങള്‍ സ്വന്തം നിലയ്ക്ക് പലതവണയായി ‘മന്ത്രിസഭാവികസനം’ നടത്തുകയും ചെയ്തിരുന്നു! എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് സംഭവിച്ചപ്പോഴാകട്ടെ, സ്വയം പ്രഖ്യാപിത രാഷ്ട്രീയ വിശാരദന്മാരുടെ കണക്കുകൂട്ടലുകളും ഊഹാപോഹങ്ങളുമൊക്കെ പാടെ തെറ്റിപ്പോയതിന്റെ ജാള്യത അവര്‍ക്ക് മറച്ചുപിടിക്കാനുമാവുന്നില്ല. മുന്‍കാലത്ത്, പ്രത്യേകിച്ച് കോണ്‍ഗ്രസ്സ് അധികാരത്തിലിരുന്നപ്പോഴൊക്കെ മന്ത്രിസഭാ പുനഃസംഘടന എപ്പോഴുണ്ടാകും, ആര്‍ക്ക് ഏതു വകുപ്പുകള്‍ എന്നുവരെ ചില മാധ്യമപ്രവര്‍ത്തകര്‍ പ്രവചിക്കുമായിരുന്നു. ഇത് വലിയ തോതിലൊന്നും തെറ്റാറില്ല. ഇന്ദ്രപ്രസ്ഥത്തിലെ അധികാരത്തിന്റെ ഇടനാഴിയില്‍ നിന്ന് ഇതു സംബന്ധിച്ച വിവരങ്ങള്‍ അവര്‍ക്ക് നിര്‍ബാധം ചോര്‍ന്നു കിട്ടുന്നതാണ് ഇതിന്റെ രഹസ്യം. ഇത്തരം എസ്ക്ലുസീവുകളും സ്കൂപ്പുകളും മോദി ഭരണകാലത്ത് ലഭിക്കാത്തതില്‍ ചില മാധ്യമങ്ങള്‍ നിരാശരാണ്. ഭരണ രഹസ്യങ്ങള്‍ രഹസ്യങ്ങളായി തുടരുന്നു. ഇപ്പോഴത്തെ മന്ത്രിസഭാ വികസനം തെളിയിക്കുന്നതും മറ്റൊന്നല്ല.
മന്ത്രിസഭാ വികസനത്തിനുവേണ്ടിയുള്ള മന്ത്രിസഭാ വികസനമല്ല പ്രധാനമന്ത്രി മോദി നടത്തിയിരിക്കുന്നത്. കഴിവും സാമൂഹ്യ പ്രാതിനിധ്യവും പ്രാദേശിക സന്തുലനവുമൊക്കെ കണക്കിലെടുത്ത് 36 പുതുമുഖങ്ങളെ മന്ത്രിസഭയിലെടുത്തിരിക്കുന്നു. ഏഴ് പേരെ ക്യാബിനറ്റ് പദവി നല്കി ഉയര്‍ത്തിയപ്പോള്‍ 12 പേരെയാണ് മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയത്. ഓരോ മന്ത്രിയും കൈകാര്യം ചെയ്തിരുന്ന വകുപ്പുകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സഹകരണ മേഖലയ്ക്ക് ചരിത്രത്തിലാദ്യമായി പുതിയൊരു മന്ത്രാലയം രൂപീകരിക്കുകയും, ഈ രംഗത്ത് ഏറെ അനുഭവ സമ്പത്തുള്ള അമിത്ഷായ്ക്ക് അതിന്റെ ചുമതലയും നല്കിയിരിക്കുന്നു. വെറുമൊരു പുനഃസംഘടനയല്ല, വന്‍തോതിലുള്ള അഴിച്ചുപണി തന്നെയാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് ഭരണകാലത്തെപ്പോലെ സ്ഥാനമോഹികളെ തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള വീതം വയ്പ്പല്ല മന്ത്രിസഭാ വികസനമെന്ന് മോദി ലോകത്തിനു കാണിച്ചുകൊടുത്തിരിക്കുന്നു. കോണ്‍ഗ്രസ്സില്‍നിന്ന് ബിജെപിയിലേക്കു വന്ന ജ്യോതിരാദിത്യ സിന്ധ്യ ആ ആഴ്ച തന്നെ മന്ത്രിയാകുമെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഏറെക്കാലം കഴിഞ്ഞിട്ടും ഇത് സംഭവിക്കാതിരുന്നപ്പോള് സിന്ധ്യ തിരിച്ചുപോകുമെന്നുവരെ വാര്‍ത്തകള്‍ വന്നു. ഇപ്പോള്‍ സിന്ധ്യ മന്ത്രിയായിരിക്കുന്നു. ഗൗരവമുള്ള വകുപ്പും ലഭിച്ചിരിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദത്തിനു കീഴടങ്ങിയല്ല ഭരണകാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന മാതൃകയാണ് മോദി കാണിച്ചിരിക്കുന്നത്.
മന്ത്രിസഭ വികസനത്തിലൂടെ മോദി സര്‍ക്കാര്‍ മുഖംമിനുക്കിയിരിക്കുകയാണെന്ന് ചിലര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ ആരും മുഖവിലയ്ക്കെടുക്കില്ല. എന്തെങ്കിലും മിനുക്കുപണിയല്ല, പുനഃസംഘടനയിലൂടെ പുതിയൊരു മന്ത്രിസഭയെന്ന പ്രതിച്ഛായയാണ് ലഭിച്ചിരിക്കുന്നത്. മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിലും വകുപ്പുകള്‍ നല്കിയിരിക്കുന്നതിലും കഴിവ് മാനദണ്ഡമാക്കിയിരിക്കുന്നു. കൊവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളിയായ മന്‍സൂഖ് മാണ്ഡവ്യയ്ക്ക് ആരോഗ്യവകുപ്പ് ലഭിച്ചിരിക്കുന്നതും, സഹമന്ത്രിയായി ഗോത്രവിഭാഗത്തില്‍പ്പെടുന്ന ഒരു ഡോക്ടറെ തന്നെ നിയമിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്. ആഗോളതലത്തില്‍ പ്രശംസിക്കപ്പെട്ട പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് അക്കാദമിക് രംഗത്തുള്ളയാളെ ക്യാബിനറ്റ് മന്ത്രിയായും ഒരു ടെക്നോക്രാറ്റിനെ സഹമന്ത്രിയായും നിയമിച്ചിരിക്കുന്നു. ശാസ്ത്ര സാങ്കേതികം, ഭൗമ ശാസ്ത്രം, ബഹിരാകാശം, ആണവോര്‍ജം എന്നീ വകുപ്പുകള്‍ ഒരൊറ്റ മന്ത്രിക്ക് കീഴില്‍ കൊണ്ടുവന്നിരിക്കുന്നതും സുചിന്തിതമായ തീരുമാനമാണ്. പ്രധാനമന്ത്രിയുടെ മേല്‍നോട്ടമുള്ള ഈ വകുപ്പിന് ക്യാബിനറ്റ് മന്ത്രിക്കു പുറമെ സഹമന്ത്രിയെയും നല്കിയിരിക്കുന്നു. താരതമ്യേന യുവാക്കളും വിദ്യാസമ്പന്നരുമാണ് പുതുതായി മന്ത്രിമാരായിരിക്കുന്നത്. ഇത് ഭരണത്തിന്റെ വേഗതയും കാര്യക്ഷമതയും വര്‍ധിപ്പിക്കും. ഇതുപോലെ തന്നെയാണ് സാമൂഹ്യനീതി ശാക്തീകരണ വകുപ്പുകളുടെ ചുമതലയില്‍ ഗോത്രവിഭാഗങ്ങളില്‍നിന്നുള്ള നാലു പേര് എത്തിയിരിക്കുന്നത്. ചുരുക്കത്തില്‍ ഇപ്പോഴത്തെ മന്ത്രിസഭാ വികസനം സമഗ്രവും ഫലപ്രദവുമാണെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: