മുംബൈ : ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെത്തുടര്‍ന്നാണ് അന്ത്യം. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ രാവിലെ ഏഴരയോടെയാണ് അന്ത്യം സംഭവിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അദ്ദേഹം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. രോഗം കടുത്തതോടെ ജൂണ്‍ 30നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. നടി സൈറ ബാനുവാണ് ഭാര്യ.
ബോളിവുഡിലെ എക്കാലത്തെയും സ്വപ്ന നായകനും വിഷാദനായകനുമാണ് ദിലീപ് കുമാര്‍. അതിഭാവുകത്വം നിറഞ്ഞ അഭിനയശൈലിയില്‍ നിന്ന് ഇന്ത്യന്‍ സിനിമയെ മോചിപ്പിച്ച നടന് കൂടിയാണ് അദ്ദേഹം. മഹാനടനെ രാജ്യം പദ്മഭൂഷണും സിനിമാ ലോകം ദാദാ സാഹേബ് ഫാല്‍കേ അവാര്‍ഡും നല്കി ആദരിച്ചിട്ടുണ്ട്. രാജ്യസഭാ അംഗം കൂടിയായിരുന്നു.
1922 സിസംബറില്‍ പാക്കിസ്ഥാനിലെ പെഷവാറില്‍ ലാല ഗുലാം സര്‍വാര്‍ ഖാന്റെ പന്ത്രണ്ടുമക്കളിലൊരാളായാണ് മുഹമ്മദ് യൂസഫ് ഖാന് എന്ന ദിലീപ് കുമാറിന്റെ ജനനം. പഴക്കച്ചവടക്കാരനായ അച്ഛനൊപ്പം എട്ടാം വയസ്സില്‍ മുഹമ്മദ് മുംബൈയിലെത്തി. നാല്പതുകളില് പൂനെയ്ക്കടുത്ത് മിലിട്ടറി ക്യാമ്പില്‍ ക്യാന്റീന് നടത്തവേയാണ് സിനിമാ ലോകത്തേയ്ക്കുള്ള രംഗ പ്രവേശനം. ബോംബെ ടാക്കീസ് ഉടമകളായിരുന്ന നടി ദേവികാ റാണിയും ഭര്‍ത്താവ് ഹിമാന്‍ഷു റായിയുമാണ് മുഹമ്മദ് യൂസഫ് ഖാനെ സിനിമയിലേക്ക് കൊണ്ടുവന്നത്.
1944-ല്‍ ദേവികാ റാണി നിര്‍മ്മിച്ച ജ്വാര്‍ ഭാതയിലെ നായകനായി സിനിമയിലെത്തി. പ്രശസ്ത ഹിന്ദി സാഹിത്യകാരന് ഭഗവതി ചരണ്‍ വര്‍മയാണ് മുഹമ്മദ് യൂസഫ്ഖാന്റെ പേര് ദിലീപ് കുമാര്‍ എന്നാക്കിയത്. ദീദാര്‍, അമര്‍ തുടങ്ങിയ ചിത്രങ്ങളില്‍ വിഷാദനായകനായി തിളങ്ങി. 1955-ല്‍ ബിമല്‍ റോയി സംവിധാനം ചെയ്ത ദിലീപ് കുമാര്‍ ചിത്രം ദേവദാസ് സൂപ്പര്‍ഹിറ്റായി. ഗംഗാജമുന, രാം ഔര്‍ ശ്യാം തുടങ്ങിയ ചിത്രങ്ങളില്‍ ഹാസ്യനടനായി തിളങ്ങി.
‘ഗംഗാജമുന’ എന്ന ചിത്രത്തിലൂടെ സിനിമാ നിര്‍മ്മാതാവായി അദ്ദേഹം. നിരവധി ചിത്രങ്ങളില്‍ ഒപ്പമഭിനയിച്ച തന്നെക്കാള്‍ സൈറാബാനുവിനെ ജീവിതസഖിയാക്കി അദ്ദേഹം. പിന്നീട് അഞ്ചുകൊല്ലത്തോളം സിനിമാലോകത്തുനിന്നും മാറിനിന്ന ദിലീപ് കുമാര്‍ 1981-ല്‍ വീണ്ടും വെള്ളിത്തിരയിലെത്തി. 1998ല്‍ ഡബിള്‍ റോളിലെത്തിയ ക്വിലയാണ് അദ്ദേഹത്തിന്റെ അവസാനചിത്രം.
ഫിലിംഫെയറില്‍ എട്ടു തവണ മികച്ച നടനായി ദിലീപ് കുമാര്‍. 1980-ല്‍ മുംബൈ ഷെരീഫായി നിയമിതനായി. 1997-ല്‍ ആന്ധ്ര സര്‍ക്കാര്‍ എന്‍ടിആര്‍ ദേശീയ പുരസ്കാരവും, 1998-ല്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ നിഷാന്‍ ഇ ഇംതിയാസ് നല്കി പാക്കിസ്ഥാനും ദിലീപ്കുമാറിനെ ആദരിച്ചു. 2014-ല്‍ പാക്കിസ്ഥാന് സര്‍ക്കാര്‍ പെഷവാറിലെ അദ്ദേഹത്തിന്റെ ജന്മഗൃഹം ദേശീയ പൈതൃക മന്ദിരമായി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: