ഇടുക്കി: കാലവര്‍ഷത്തില്‍ ഇതുവരെ 42% കുറവ് രേഖപ്പെടുത്തിയെങ്കിലും സംസ്ഥാനത്തെ ജലസംഭരണികളില്‍ അവശേഷിക്കുന്നത് മികച്ച ജലശേഖരം. 2018ലെ പ്രളയകാലത്ത് ഇതേ സമയം ഉണ്ടായിരുന്ന ജലനിരപ്പാണ് ഇപ്പോഴും സംഭരണികളിലാകെയുള്ളത്.
കെഎസ്ഇബിയുടെ കീഴിലുള്ള പ്രധാനപ്പെട്ട 13 സംഭരണികളിലായി ആകെ അവശേഷിക്കുന്നത് 45% വെള്ളമാണ്. ഇതുപയോഗിച്ച് 1853.013 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. 2018ല്‍ ഇതേ സമയം 1997.873(47%) മില്യണ്‍ യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം 930.85, 2019ല്‍ 432.027 മില്യണ്‍ യൂണിറ്റും വീതമായിരുന്നു.
ഇത്തരത്തില്‍ ജലനിരപ്പ് ഉയരാന്‍ പ്രധാന കാരണം കൊവിഡിനെ തുടര്‍ന്നെത്തിയ ഉപഭോഗത്തിലുണ്ടായ കുറവും വേനല്‍മഴയുമാണ്. മാര്‍ച്ചിന് ശേഷമെത്തിയ വേനല്‍മഴ ഉപഭോഗം കാര്യമായി തന്നെ കുറച്ചു. കരാര്‍ പ്രകാരമുള്ള പുറം വൈദ്യുതി വാങ്ങിയ ശേഷം സംസ്ഥാനത്ത് നിന്ന് കാര്യമായ ഉത്പാദനം ആ സമയത്ത് വേണ്ടി വന്നതുമില്ല. മെയ് മാസത്തില്‍ തന്നെ ശരാശരി 35% വെള്ളം സംഭരണികളിലുണ്ടായിരുന്നു. ജൂണ്‍ 1ന് 36 ശതമാനമായിരുന്നു ജലനിരപ്പ്.
പമ്പ, കക്കി ഡാമുകളിലാകെ 47% വെള്ളമുണ്ട്. ഷോളയാര്‍- 38, ഇടമലയാര്‍- 37, മാട്ടുപ്പെട്ടി- 30, കുണ്ടള- 26, കുറ്റ്യാടി- 51, തരിയോട്- 27, ആനയിറങ്കല്‍- 28, പൊന്മുടി- 52, നേര്യമംഗലം- 46, പൊരിങ്ങല്‍കുത്ത്- 23, ലോവര്‍ പെരിയാര്‍ 76% എന്നിങ്ങനെയാണ് ജലനിരപ്പ്. 70-72 മില്യണ്‍ യൂണിറ്റാണ് നിലവിലെ ശരാശരി ഉപഭോഗം.
ഇടുക്കിയില്‍ 49% വെള്ളം
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ അവശേഷിക്കുന്നത് 49% വെള്ളം. 2353.52 വെള്ളമാണ് ഇടുക്കിയിലുള്ളത്. പരമാവധി അനുവദനീയമായ സംഭരണ ശേഷി 2403 അടിയാണ്. മൊത്തം സംഭരണികളുടെ പാതിയിലധികവും വെള്ളം വഹിക്കാന്‍ ശേഷിയുള്ളതാണ് ഇടുക്കി.
കാലവര്‍ഷം തിരിച്ചെത്തുന്നു
സംസ്ഥാനത്ത് ചെറിയ ഇടവേളക്ക് ശേഷം തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ തിരിച്ചെത്തുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മുതല്‍ വിവിധ ജില്ലകളില്‍ ശക്തി കുറഞ്ഞ മഴ ലഭിച്ച് തുടങ്ങി. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇത്.
ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. നാളെ ആറ് ജില്ലകളിലും 7ന് ഏഴ് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. 8 മുതല്‍ സംസ്ഥാനത്ത് പൂര്‍ണ്ണമായും മഴ വീണ്ടും വ്യാപിക്കും. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മാത്രമാണ് ശരാശരി മഴ(12-17% വരെ കുറവ്) ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം- 59, പാലക്കാട് 57, കണ്ണൂര്‍ 50 ശതമാനവും വീതം മഴ കുറഞ്ഞു. അതേ സമയം സംസ്ഥാനത്ത് കഴിഞ്ഞ വേനലില്‍ 108% വരെ ശരാശരി മഴ കൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: