തൊടുപുഴ: പ്രവചനാതീതമായ കാലാവസ്ഥയെ അതിജീവിക്കാന്‍ കര്ഷകന് തുണയായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കൃഷി ഇന്‍ഷുറന്‍സ് പദ്ധതികള്‍. കേന്ദ്രസര്‍ക്കാരിന്റെ ഖാരിഫ് കാലത്തേക്കുള്ള ഇന്‍ഷുറന്‍സിന്റെ വിജ്ഞാപനം കഴിഞ്ഞ മാസം ഇറങ്ങി. ജൂലൈ 31 ആണ് അവസാന തീയതി.
സംസ്ഥാനത്ത് ഏതാനും കുറച്ച് വര്‍ഷങ്ങളായി കാര്‍ഷിക മേഖലയില്‍ വ്യാപക നാശമാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ചും ഇടുക്കി ജില്ലയിലെ വിവിധ കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ആവര്‍ത്തിച്ച് പലപ്പോഴും ഉണ്ടാകുന്നത്. കൃഷി രീതികള്‍ കൂടുതല്‍ പഠിക്കുന്നതോടൊപ്പം ഇന്‍ഷുറന്‍സ് പദ്ധതി കൂടി അറിഞ്ഞില്ലെങ്കില്‍ നഷ്ടക്കണക്ക് കൂട്ടേണ്ടിവരും.
കടം വാങ്ങിയും സ്വര്‍ണ്ണം പണയപ്പെടുത്തിയുമാണ് പലപ്പോഴും കര്‍ഷകര്‍ കൃഷിയിറക്കുക. ഇത് അപ്രതീക്ഷിതമായി വീശിയടിക്കുന്ന കാറ്റിലും ശക്തമായ മഴയിലും തകരുന്ന കാഴ്ച ജില്ലയില്‍ പതിവായി മാറിയിരിക്കുകയാണ്. ഇതിന് സംരക്ഷണമൊരുക്കുകയും കര്‍ഷകര്‍ക്ക് സഹായകമാവുകയുമാണ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ ചെയ്യുന്നത്. കനത്തമഴയും കൊവിഡും മൂലം സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് നട്ടം തിരിയുകയാണ് ജില്ലയിലെ കര്‍ഷകര്‍. ഇത്തരത്തിലുള്ളവരെ സംരക്ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് കൃഷി ഇന്‍ഷുറന്‍സ്.
ജില്ലയില്‍ പ്രധാനമായും ഏലം കര്‍ഷകരെയാണ് ഇന്‍ഷുറന്‍സ് പദ്ധതി ലക്ഷ്യം വെക്കുന്നത്. വിവിധ വിളകളുടെ കാലാവധി അനുസരിച്ചാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക.
പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന (പിഎംഎഫ്ബിവൈ).
പിഎംഎഫ്ബിവൈ പ്രകാരം ജില്ലയിലെ കര്‍ഷകര്‍ക്ക് വാഴ, കപ്പ എന്നിവയ്ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക.
1. കപ്പ
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ ഒരു ഹെക്ടറിന് 1,25,000 രൂപ വരെ ഇന്‍ഷുറന്‍സ് കിട്ടും. 3% (3750 രൂപ) ആണ് പ്രീമിയം തുക.
2. വാഴ
വാഴ ഏതിനമായാലും ഹെക്ടറിന് 3 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പ്രകാരം കിട്ടും. 9000 രൂപയാണ് പ്രീമിയം. ഇടക്കാല നഷ്ടത്തിന് മാത്രമാണ് പരിഹാരം ലഭിക്കുക. നഷ്ടം സംഭവിച്ചാല്‍ 3 ദിവസത്തിനകം അധികൃതരെ അറിയിക്കണം. പ്രകൃതിക്ഷോഭം നടന്ന പ്രദേശമെന്ന സര്‍ക്കാര്‍ വിജ്ഞാപനം വന്നാല്‍ നഷ്ടം സംഭവിച്ചില്ലെങ്കിലും തുക ലഭിക്കും. വാഴയുടെ പ്രായവും ചെലവും കണക്കാക്കിയാണ് തുക നിശ്ചയിക്കുക. കൃഷിഭൂമിക്കു പരിധിയില്ല.
നഷ്ടപരിഹാര നിര്‍ണയം- വാഴയ്ക്കും മരച്ചീനിക്കും ഇടിമിന്നല്‍, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ആലിപ്പഴമഴ, മേഘവിസ്ഫോടനം എന്നിവ മൂലമുണ്ടാകുന്ന നഷ്ടത്തിനാണ് പരിഹാരം കിട്ടുന്നത്.
കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി
കേന്ദ്രത്തിന്റെ കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സും ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭ്യമാണ്. നെല്ല്, കുരുമുളക്, ഇഞ്ചി, കരിമ്പ്, ഏലം, മഞ്ഞള്‍, പൈനാപ്പിള്‍, വാഴ, ജാതി, കൊക്കോ, പച്ചക്കറി വിളകള്‍ (പടവലം, പാവല്‍, പയര്‍, കുമ്പളം, മത്തന്‍, വെള്ളരി, വെണ്ട, പച്ചമുളക്) എന്നിവയ്ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. നെല്ലിന് 80,000 രൂപ, കുരുമുളക് 50,000, ഇഞ്ചി 1 ലക്ഷം, കരിമ്പ്, മഞ്ഞള്‍, പൈനാപ്പിള്‍ 60,000 വീതം, ഏലം 45,000, വാഴ 1,75,000, ജാതി 55,000, കൊക്കോ 60,000, പച്ചക്കറി വിളകള്‍ 40,000 എന്നിങ്ങനെയാണ് ഹെക്ടറിന് ഇന്‍ഷുറന്‍സ് തുക ലഭിക്കുക. നെല്ലിന് 2 ശതമാനവും ബാക്കിയുള്ള ഇനങ്ങള്‍ക്ക് 5 ശതമാനവുമാണ് കര്‍ഷകര്‍ അടയ്ക്കേണ്ട പ്രീമിയം.
നഷ്ട പരിഹാര നിര്‍ണയം
വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ശക്തിയായ കാറ്റ് (വാഴ, ജാതി, കുരുമുളക്, ഏലം, കൊക്കോ എന്നിവയ്ക്കു മാത്രം) എന്നിവ മൂലമുണ്ടാകുന്ന വിള നഷ്ടങ്ങള്‍ക്ക് വ്യക്തിഗത ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. വിളയുടെ വളര്‍ച്ചാഘട്ടത്തെ അടിസ്ഥാനപ്പെടുത്തി ജോയിന്റ് കമ്മിറ്റിയുടെ ഇന്സ്പെക്ഷന് റിപ്പോര്‍ട്ട് പ്രകാരം നഷ്ടപരിഹാര നിര്‍ണയം
ചേരേണ്ട രീതി
1. വായ്പയെടുക്കാത്ത കര്‍ഷകര്‍
എസ്ബി അക്കൗണ്ടുള്ള ബാങ്ക് ബ്രാഞ്ച്/ പ്രാഥമിക സഹകരണ സംഘങ്ങള്‍/ അംഗീകൃത ബ്രോക്കിങ് സ്ഥാപനങ്ങള്‍/ അക്ഷയ കേന്ദ്രങ്ങള്‍/ ഡിജിറ്റല്‍ സേവാ കേന്ദ്ര/ മൈക്രോ ഇന്‍ഷുറന്‍സ് ഏജന്റ് വഴിയോ നേരിട്ട് പദ്ധതി നിര്‍വഹണ ഏജന്‍സിക്കോ നിശ്ചിത തീയതിക്കുള്ളില്‍ പൂരിപ്പിച്ച അപേക്ഷയും പ്രീമിയം തുകയും മറ്റ് അനുബന്ധ രേഖകളും നല്കി പദ്ധതിയില്‍ ചേരാം.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബാങ്ക് പാസ് ബുക്ക്(ആദ്യ പേജ്), ആധാര്‍ കാര്‍ഡ്, നികുതി/ പാട്ടച്ചീട്ട് എന്നിവയുടെ കോപ്പി കരുതണം. www.pmfby.gov.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായും അപേക്ഷിക്കാം.
2. വായ്പയെടുത്ത കര്‍ഷകര്‍
പ്രസ്തുത വിളകള്‍ക്ക് വായ്പാ പരിധി അനുവദിച്ചിട്ടുള്ള എല്ലാ കര്‍ഷകരെയും അതത് ബാങ്കുകളാണ് പദ്ധതിയില്‍ ചേര്‍ക്കേണ്ടത്. കര്‍ഷകര്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല.
കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും ബന്ധപ്പെടുക- 9995681025, 9037138382
ടോള്‍ ഫ്രീ നമ്പര്‍: 1800 425 7064
പ്രതികരിക്കാൻ ഇവിടെ എഴുതുക: