പുനര്ജന്മം ഉണ്ടെന്നും ഇല്ലെന്നും തീഷ്ണമായി വിശ്വസിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്നവരുണ്ടല്ലോ. ആത്മാവിനെയും ശരീരത്തെയും വകതിരിച്ചു കാണാന്‍ കഴിയാത്ത അവിവേകികള്‍ തമ്മിലുള്ള നിരര്‍ത്ഥക വാദപ്രതിവാദങ്ങളവ. തീര്‍ത്തും വ്യക്തിഗതങ്ങളാണ്, യുക്തിസഹങ്ങളല്ല.
രണ്ടുകൂട്ടരും ആത്മാവിനെ ശരീരമായും, ശരീരത്തെ ആത്മാവായും മാറിമാറി തെറ്റിദ്ധരിച്ച് ദുഃഖിക്കുന്നവരാണ്. മനുഷ്യന്റെ സമസ്തപ്രശ്നങ്ങള്‍ക്കും, അതുപോലെത്തന്നെ പ്രത്യാശകള്‍ക്കും സ്വാര്‍ത്ഥതയ്ക്കുമെല്ലാം മൂലകാരണമായിരിക്കുന്നത് പ്രസ്തുത അവിവേകമാണെന്ന് നമ്മുടെ പൂര്‍വ്വ ആചാര്യന്മാര് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുതന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇന്നേവരെ ഉപദേശം ആരും ചെവിക്കൊണ്ട മട്ടില്ല. പാശ്ചാത്യരും സമാനചിന്താഗതിക്കാരും അവിവേകത്തെ മഹത്ശാസ്ത്രമായും മാനവികതയായും കൊണ്ടാടിക്കൊണ്ടിരിക്കുന്നു.
മൃതദേഹങ്ങള്‍ ഒരു പ്രത്യേക കാലഘട്ടത്തില്‍ സജീവമായി ഉയിര്ത്തെഴുന്നേല്ക്കുമെന്ന് വിശ്വസിക്കുന്ന മതങ്ങളുണ്ട്. ശരീരത്തിന്റെ മരണത്തോടെ മനുഷ്യന്റെ വ്യക്തിജീവിതം അവസാനിച്ചു എന്നുകരുതുന്ന ചാര്‍വാകമതക്കാരും യുക്തിവാദികളുമുണ്ട്. അവര്‍ക്ക് ശരീരംതന്നെ വ്യക്തി; പുനര്‍ജന്മമില്ല; ജനനമരണങ്ങള്‍ പുണ്യപാപബന്ധങ്ങളോ പരസ്പരബന്ധങ്ങളോ ഇല്ലാതെ ഇവിടെ തീര്‍ത്തും ഭൗതികപ്രക്രിയകളിലൂടെ സംഭവിക്കുന്നു.
സ്ഥൂലശരീരത്തിന്റെ നാശസമയത്ത് വ്യക്തിയുടെ പ്രത്യേകമായ സൂക്ഷ്മശരീരം വേര്‍പെട്ട് ജീവനോടെ തുടര്‍ന്നു നിലനില്‍ക്കുന്നതായി ബഹുഭൂരിപക്ഷം ഹൈന്ദവമതവിശ്വാസികളും കരുതുന്നു. ഭൗതികപ്രത്യുത്പാദനം വഴി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും ഭ്രൂണത്തില്‍ സൂക്ഷ്മശരീരം പ്രവേശിക്കുന്നതാണ് ആസ്തികര്‍ക്കു പുനര്ജന്മം. അവരുടെ ആസ്തികമതത്തിന്റെ നിര്‍വചനം തന്നെ പ്രസ്തുത വിശ്വാസമാകുന്നു.
വ്യക്തി ഏതെങ്കിലും പ്രാണിയായി തന്റെ ജീവിതം തുടരുന്നു. തന്റെ മുജ്ജന്മപുണ്യപാപങ്ങളുടെ ഫലം അനുഭവിക്കുന്നു. കര്‍മ്മങ്ങള്‍ ചെയ്യുന്നു, വീണ്ടും മരിക്കുന്നു, വീണ്ടും ജനിക്കുന്നു. ഇതാണ് സംസാരചക്രം. അത് തിരിഞ്ഞുകൊണ്ടേയിരിക്കും.
ജന്മങ്ങളും പലകഴിഞ്ഞാലുമില്ലവധി
കര്‍മ്മത്തിനും പര നാരായാണായ നമഃ
വിടുതലിന് പാപം പൂര്‍ണ്ണമായി നശിച്ചാല്‍ മാത്രം പോരാ, വ്യക്തി ആത്മജ്ഞാനം നേടുകതന്നെ വേണം, ഈശ്വരാനുഗ്രഹം തന്നെ വേണം. ആത്മജ്ഞാനിക്ക് പുണ്യപാപങ്ങളോ ബന്ധനമോക്ഷങ്ങളോ ഇല്ല.
ആധുനിക ശാസ്ത്രപ്രകാരം എല്ലാ ജൈവകോശങ്ങളിലും ഒരു ഭൗതികസൂക്ഷ്മശരീരം കൂടി ഉണ്ട്. അത് കോശത്തിന്റെ കേന്ദ്രം (ിൗരഹലൗ)െ ആകുന്നു. ശരീരനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, സന്തത്യുദ്പാദനത്തിലും അത് പങ്കുവഹിക്കുന്നുണ്ട്. ഒരാളുടെ ജ്ഞാനസ്മരണയുടെ ഭൗതിക ഇരിപ്പിടമായ മസ്തിഷ്കത്തിന്റെ ഗുണവിശേഷങ്ങള്‍ ഭൗതികതലത്തില്‍ പിന്‍തലമുറയിലേക്ക് കൈമാറുന്നത് പ്രസ്തുത കോശകേന്ദ്രത്തിലെ ജനിതകസ്മരണ വഴിയാകുന്നു. ഇതിനെയാണ് നാം പാരമ്പര്യമെന്നും പ്രാരാബ്ധമെന്നും പൂര്‍വ്വജന്മസംസ്കാരം എന്നും മറ്റും കരുതുന്നത്.
ശാസ്ത്രങ്ങള്‍ എന്തുതന്നെ പറഞ്ഞാലും, പുത്രന് പിതൃക്കളോടെന്നപോലെ പിതാക്കള്‍ക്ക് വരുംതലമുറകളോടും കടമകളുണ്ട്. വരുംതലമുറകളുടെ യോഗക്ഷേമങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്.
ലിംഗഭേദമുള്ള മനുഷ്യനില്‍, സ്ത്രീയുടേയും പുരുഷന്റേയും ഭൗതികസൂക്ഷ്മശരീരാര്‍ദ്ധങ്ങള്‍ പലവിധങ്ങളില്‍ കൂടിച്ചേര്‍ന്ന് സന്തതിവൈവിധ്യങ്ങള്‍ കാണപ്പെടുന്നു, പരമ്പരകള്‍ കൂടിക്കലരുന്നു. ഒരേയൊരു വ്യക്തിയുടെ ശരീരകോശത്തിന്റെ ഇരട്ടിപ്പുവഴി അയാളുടെ ശരിപ്പകര്‍പ്പുകള്‍ നിര്‍മ്മിച്ചെടുക്കാനുള്ള സാങ്കേതികവിദ്യകളും നിലവിലുണ്ട്. ഇവയെ എല്ലാം പ്രത്യേകതരങ്ങളിലുള്ള പുനര്‍ജന്മവിധികളായി കണക്കാക്കാവുന്നതാണ്. ഇത്തരം പുനര്ജന്മങ്ങള് തലമുറകളുടെ കാലഗണനയില്‍ നടക്കുന്നു.
ശുദ്ധവിവരങ്ങളുടെ (സങ്കല്പങ്ങളുടെ) തലത്തില്‍ നില്ക്കുന്ന ആസ്തികരുടെ സൂക്ഷ്മശരീരം മേല്പറഞ്ഞതില് നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. ആസ്തികരുടെ പുനര്ജന്മം മന്വന്തരങ്ങളുടെ കാലഗണനയില്‍ നടക്കുന്നു. ഇന്ദ്രിയപ്രത്യേക്ഷപ്രമാണങ്ങളൊന്നും തന്നെ ഇവിടെ പ്രസക്തങ്ങളല്ല, പ്രായോഗികങ്ങളുമല്ല.
തത്വങ്ങളുടെ അടിസ്ഥാനത്തില്‍ വേണം നമ്മുടെ പൗരാണികശാസ്ത്രങ്ങളെ വിലയിരുത്താന്‍. ആധുനിക ശാസ്ത്രജ്ഞര്‍ക്ക് അത് ഒരു കുറവായി തോന്നാം. എന്നാല്‍ ഇന്ദ്രിയങ്ങള്‍ ഇടപെടാത്ത തത്വചിന്തയ്ക്കാണ് കൂടുതല്‍ വൈപുല്യവും സാമാന്യതയും അവകാശപ്പെടാവുന്നത്. നമ്മുടെ പുരാണങ്ങള്‍ അനന്തകോടി മനുഷ്യവര്‍ഷങ്ങളുടെ കാലഗണന കൈകാര്യം ചെയ്യുന്നുണ്ട്. ആധുനികശാസ്ത്രത്തിലെ സഹസ്രകോടി വര്‍ഷങ്ങളുടെ കാലഗണനയാണ് ബാലിശം.
ആധുനികശാസ്ത്രത്തിലെ അടിസ്ഥാന പോരായ്മകളെ അവരുടെതന്നെ ഗദ്യശൈലിയില്‍, എന്നാല്‍ ഭാരതീയ തത്വശാസ്ത്രസങ്കേതങ്ങളുപയോഗിച്ച് പരിഹരിച്ചുകാണിച്ചാലേ ഇന്നത്തെ തലമുറയുടെ കണ്ണുകള്‍ തുറക്കുകയുള്ളൂ.
അദൈ്വതത്തിലെ പുനര്ജന്മം പഠിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം അതീവവിചിത്രമെന്നു തോന്നിക്കും. എന്നാല്‍ പഴുതടച്ച ശാസ്ത്രീയതയാണെന്ന് ആഴത്തിലിറങ്ങുമ്പോള്‍ ബോധ്യമാവും. മുന്‍പേ പറഞ്ഞ പുനര്‍ജന്മസിദ്ധാന്തങ്ങള്‍ ഉള്‍ക്കൊള്ളുന്നുമുണ്ട്.
അദൈ്വതത്തിന്റെ അടിസ്ഥാനം കാലഗണനയ്ക്കപ്പുറത്തുള്ള, ഉല്പത്തിനാശങ്ങളും ജനനമരണങ്ങളുമില്ലാത്ത, നിത്യമായി നിലനില്‍ക്കുന്ന ബ്രഹ്മം എന്ന ഏക ഉണ്മയാകുന്നു.
ബ്രഹ്മത്തില്‍ യാതൊരുവിധ കുറവോ മാറ്റമോ (പരിണാമം) വരാതെ ഏകം പലതായി സ്വയം പുനരാവിഷ്കാരം (പകര്‍ച്ച, അവതാരം, വിവര്‍ത്തം) ചെയ്യുന്നു. പകര്‍പ്പുകള്‍ക്ക് ഉത്പത്തിനാശങ്ങളും ജനനമരണങ്ങളും പുനര്‍ജന്മവുമാവാം. ഇതാണ് മായാസ്പര്‍ശം വന്ന പരമാത്മാവിന്റെ സംസാരചക്രം. അതില്‍ തിരിയുമ്പോള്‍, ക്ലോക്കിലെന്നപോലെ ‘കാലം’ എന്ന ഉപാധി ഉള്ളതെന്നു തോന്നിക്കുന്നു. അവിടെ മറ്റുപാധികളില്ല, ശരീരബോധവുമില്ല.
കാലത്തിന്റെ കണ്ണടയില്‍ കൂടി കണ്ടുകണ്ട് കാലം ശീലമാകുമ്പോള്‍ കൂടുതല്‍ ഉപാധികള്‍ മേല്ക്കുമേല് വന്നുചേര്‍ന്ന് പൂര്‍ണ്ണമായും മായാമോഹിതനായ ജീവാത്മാവിന്റെ സംസാരചക്രത്തിലെത്തുന്നു. പരിണാമം (കാലത്തില്‍ നടക്കുന്ന മാറ്റം) മായ. ഇവിടെ നടക്കുന്നത് അവതാരങ്ങളും പുനര്‍ജന്മമരണങ്ങളും. ഇവിടെയുള്ളത് ‘ഏകം’.
ആദ്യക്ഷരത്തിലുളവായൊന്നിതൊക്കയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി-
കീര്‍ത്തിപ്പതിന്നരുള്‍ക! നാരായണായ നമഃ
പ്രതികരിക്കാൻ ഇവിടെ എഴുതുക: