രാജ്യത്ത് ഇപ്പോള്‍ ബദല്‍ മുന്നണിയെക്കുറിച്ചുള്ള ചര്‍ച്ച നടക്കുകയാണല്ലോ. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് ആവുമ്പോഴേക്ക് നരേന്ദ്രമോദിക്കും ബിജെപിക്കും അഥവാ എന്‍ഡിഎക്കും ബദലാവാനുള്ള തിടുക്കം. പ്രധാനമന്ത്രിയാവാന്‍ തയ്യാറെന്ന് മമത ബാനര്‍ജിയും ശരദ് പവാറും പറയുന്നു. ലോകസഭ തെരഞ്ഞെടുപ്പിന് 2024 വരെ കാത്തിരിക്കണം. അതിനു മുന്‍പ് ഗംഗയിലൂടെ ജലം ഏറെ ഒഴുകിപ്പോകും. ഇവരൊക്കെ എന്താണ് പ്രതീക്ഷിക്കുന്നത്? എന്താണിവരുടെ കണക്കുകൂട്ടലുകള്‍? രാഷ്ട്രീയ കണക്കുകള്‍ നല്കുന്ന സൂചനകള്‍ എന്താണ്? പരിശോധിക്കാം.
പ്രതിപക്ഷത്ത് വല്ലാത്ത പ്രതിസന്ധിയാണ്. കോണ്‍ഗ്രസിന് ഒരു അധ്യക്ഷനെ കണ്ടെത്താന്‍ കഴിയുന്നില്ല. വിശ്വസ്തരെന്ന് രാഹുല്‍ ഗാന്ധി കരുതിയ പലരും പാര്‍ട്ടിവിട്ടുപോകുന്നു. രാഹുലിനെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ പറ്റില്ല എന്ന് കുറേപ്പേരെങ്കിലും പരസ്യമായി പറയുന്നു. കപില്‍സിബല്‍, ആനന്ദ് ശര്‍മ്മ തുടങ്ങിയവര്‍ അക്കൂട്ടത്തിലുണ്ട്. ഗുലാം നബി ആസാദ് മര്യാദകൊണ്ട് അത്രയ്ക്ക് പറഞ്ഞില്ലെന്ന് മാത്രം. ആ തലത്തിലുള്ള നേതാക്കള്‍ പോലും ഹൈക്കമാന്റില്‍ വിശ്വാസമില്ലാത്തവരായിരിക്കുന്നു. കര്‍ണാടകത്തിലും പഞ്ചാബിലും രാജസ്ഥാനിലുമൊക്കെ കോണ്‍ഗ്രസുകാര്‍ ചേരിതിരിഞ്ഞു തമ്മിലടിക്കുന്നു. ജിതിന് പ്രസാദ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങി ഒട്ടേറെപ്പേര്‍ പാര്‍ട്ടി വിട്ടു. ദേശീയ പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് വേണ്ടതുണ്ടോ എന്നുവരെ ചിന്തിക്കാന്‍ പവാറും മമതയുമുള്പ്പടെയുള്ളവര് തയാറായി. ബദല്‍ മുന്നണി ഉണ്ടാവണം എന്ന് പവാര്‍ പറയുന്നത്, സോണിയ അധ്യക്ഷയായുള്ള യുപിഎ പറ്റില്ലെന്ന വ്യക്തമായ പ്രഖ്യാപനം കൂടിയാണ്. ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം മമത ദേശീയ രാഷ്ട്രീയത്തിലേക്ക് നീങ്ങുമെന്ന് കരുതിയാവണം പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം വിളിക്കാനും നേതാവ് താനാണ് എന്ന് വരുത്തിത്തീര്ക്കാനുമൊക്കെ പവാര്‍ ശ്രമിച്ചത്. അത് വിജയിച്ചില്ല. എന്നാല്‍ അതുകൊണ്ട് അടങ്ങിയിരിക്കുന്ന ആളാണ് പവാര്‍ എന്നൊന്നും കരുതിക്കൂടാ. അദ്ദേഹം ശ്രമങ്ങള്‍ തുടരും.
എന്താണ് പ്രതിപക്ഷത്തിന്റെ ആഗ്രഹങ്ങള്‍, പ്രതീക്ഷകള്‍? പ്രധാനമന്ത്രിയാവാന്‍ നേതാക്കള്‍ അനവധിയുണ്ട്. രാഹുല്‍ ഗാന്ധിക്ക് അതേയുള്ളു ചിന്ത. അദ്ദേഹത്തിന്റെ മാതാവിന്റെ ആകെയുള്ള ലക്ഷ്യവും അതാണ്. മമത ബാനര്‍ജി ഇപ്പോള്‍ പ്രതിപക്ഷത്തെ താരമാണ്. പിന്നെ ശരദ്പവാര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ദേവ ഗൗഡ, ചന്ദ്രബാബു നായിഡു എന്നിവരൊക്കെ കുപ്പായം തയ്പ്പിച്ചു കാത്തിരുന്നു. അവര്‍ക്ക് ഇന്നും പ്രതീക്ഷകളുണ്ടെന്ന് കരുതിക്കൂടാ. കിംഗ് മേക്കറാവാന്‍ സീതാറാം യെച്ചൂരിയുണ്ടാവും. സ്വന്തം പാര്‍ട്ടിയെ തകര്‍ത്തു തരിപ്പണമാക്കിയ നേതാവിന് ഇനി അതല്ലേ ആഗ്രഹിക്കാനാവൂ.
കണക്കുകള്‍, പ്രതീക്ഷകള്‍
ബിജെപി ഇതര പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നോക്കാം. ദല്‍ഹി, രാജസ്ഥാന്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, തമിഴ്നാട്, ബംഗാള്‍, പഞ്ചാബ്, കേരളം. മിസോറാം പോലുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഒഴിവാക്കാം. അവര്‍ക്ക് ലോകസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞുള്ള രാഷ്ട്രീയത്തില്‍ അത്രക്കൊക്കെയേ റോളുണ്ടാവാനിടയുള്ളൂ. ഒറീസ, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെ ഭരണകക്ഷി യുപിഎയുടെയോ ഏതെങ്കിലും ബിജെപി വിരുദ്ധ സഖ്യത്തിന്റെയോ ഭാഗമല്ല. പല വിഷയങ്ങളിലും അവര്‍ നരേന്ദ്രമോദി സര്‍ക്കാരുമായി സഹകരിച്ചാണ് പോകുന്നതും. അതാത് സംസ്ഥാനങ്ങളില്‍ ബിജെപി സ്വതന്ത്രമായ നിലപാടാണ് കൈക്കൊള്ളുന്നതെങ്കിലും അവര്‍ മോദിക്കെതിരാണെന്നോ ബിജെപിയെ തകര്‍ക്കാന്‍ അവര്‍ കൂട്ടുനില്‍ക്കുമെന്നോ കരുതേണ്ടതില്ല. ഇനി ഇന്നത്തെ യുപിഎ ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവരെത്തന്നെ വിജയിപ്പിക്കും എന്ന് കരുതാനാവുമോ? ഒരിക്കലുമില്ല.
ഈ സംസ്ഥാനങ്ങള്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും യുപിഎ ബിജെപി വിരുദ്ധ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കും എന്ന് തന്നെ കരുതുക. എങ്കില്‍ ഇവര്‍ക്ക് എത്ര സീറ്റു കിട്ടും? കണക്ക് വീണ്ടുമെടുക്കാം. ദല്‍ഹി7, രാജസ്ഥാന്25, മഹാരാഷ്ട്ര48, ഛത്തീസ്ഗഡ് 11, ജാര്‍ഖണ്ഡ് 14, തമിഴ്നാട് 39, ബംഗാള്‍ 42 , പഞ്ചാബ് 13, കേരളം 20. ഇതെല്ലാം കൂടിയാല്‍ വെറും 219. ഇതാണ് ഇവര്‍ കൊട്ടിഘോഷിക്കുന്ന കണക്ക്. ജമ്മു കശ്മീര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒക്കെയുമുണ്ട്. അതടക്കം പ്രതിപക്ഷത്തെ വിജയിപ്പിച്ചാലും ഭരിക്കാന്‍ വേണ്ടുന്ന 272 സീറ്റ് ഉണ്ടാക്കാനാവില്ല. കാശ്മീരില്‍ വലിയ മാറ്റമുണ്ട് എന്നോര്‍ക്കുക. അവിടെ മോദിക്ക് അനുകൂലമായി വലിയ രാഷ്ട്രീയ മാറ്റം പ്രതീക്ഷിക്കാം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ന് പ്രതിപക്ഷത്തിന് ബാലികേറാമലയാണ് എന്നതും മറക്കരുത്.
മോദിയുടെ കരുത്ത്
ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് വലിയ വീഴ്ചകള്‍ ഒന്നും സംഭവിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍ ശിവസേന കാലുവാരുകയും കോണ്‍ഗ്രസിനും എന്സിപിക്കുമൊക്കെയൊപ്പം കൈകോര്‍ക്കുകയും ചെയ്തു എന്നതു ശരിയാണ്. പഞ്ചാബില്‍ അകാലിദള്‍ കാര്‍ഷിക നിയമ പരിഷ്കാരത്തിന്റെ പേരില്‍ എന്‍ഡിഎ വിട്ടുപോയി. ഇത് രണ്ടും 2024ല്‍ ബിജെപിയെ കാര്യമായി ബാധിക്കാന്‍ പോകുന്നില്ല. പിന്നെ, സിഎഎ, കാര്‍ഷിക സമരങ്ങളാണ്. പ്രതിപക്ഷം തലയിലേറ്റിയ കേന്ദ്രവിരുദ്ധ പ്രക്ഷോഭങ്ങള്‍. പൗരത്വ സമരം തീര്‍ന്നത് ആരുമറിഞ്ഞില്ല. കര്‍ഷകസമരം വല്ലാത്ത പ്രതിസന്ധിയിലാക്കിയത് പ്രതിപക്ഷത്തെത്തന്നെയാണ്. പവറിന്റെയും മറ്റും പുതിയ പ്രസ്താവനകള്‍ ശ്രദ്ധിച്ചാല്‍ അതുതിരിച്ചറിയാം.
ബിജെപിയുടെയും നരേന്ദ്രമോദിയുടെയും കരുത്ത് എന്താണ് എന്നു പരിശോധിക്കാം. 2019ല്‍ 303 സീറ്റുകളുമായാണ് ബിജെപി അധികാരത്തിലേറിയത്. 37.7 % വോട്ടും നേടി. ഇവിടെനിന്ന് ബിജെപി എത്രത്തോളം പിന്നാക്കം പോയാലാണ് പ്രതിപക്ഷത്തിന് എന്തെങ്കിലും സാധ്യതയുള്ളത്? 2019ല്‍ ബിജെപി ലക്ഷ്യമിട്ടത് കഴിയുന്നത്ര സംസ്ഥാനങ്ങളില്‍ അന്‍പത് ശതമാനം വോട്ട് കരസ്ഥമാക്കുക എന്നതായിരുന്നു. പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചാല്‍ പോലും ജയിക്കാന്‍ കഴിയണം എന്നവര്‍ തീരുമാനിച്ചിരുന്നു. ഏതാണ്ട് 17 സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അന്‍പത് ശതമാനത്തിലേറെ വോട്ട് കരസ്ഥമാക്കാനുമായി. ഗുജറാത്ത് 63. 08, ഹിമാചല്‍ 69.71, ഹരിയാന 58.21, രാജസ്ഥാന് 59.07, മധ്യപ്രദേശ് 58.54, ഗോവ 51.94, ബീഹാര്‍ (എന്‍ഡിഎ) 55, അരുണാചല്‍ പ്രദേശ് 58.9, ഛത്തീസ്ഗഡ് 51.44, ഉത്തരാഖണ്ഡ് 61.66, ജാര്‍ഖണ്ഡ് 51.61, കര്‍ണാടകം 51.75, ഡല്‍ഹി 56. 86, ചണ്ഡീഗഢ് 51.12. ഉത്തര്‍പ്രദേശിലും തൃപുരയിലും കിട്ടിയത് 50 ശതമാനത്തിന് തൊട്ട് താഴെ 49.98 %. മഹാരാഷ്ട്രയിലും അന്ന് ബിജെപി ശിവസേന സഖ്യം 50 ശതമാനത്തിലേറെ വോട്ടു നേടി.
പ്രശ്നമുണ്ടാവാനിടയുണ്ടെന്ന് പലരും കരുതുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞതവണ അവിടെ ഏറെക്കുറെ പകുതി സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്. തനിച്ച് മുഴുവന്‍ സീറ്റുകളിലും മത്സരിച്ചാല്‍ വിജയിക്കാനാവുന്ന രാഷ്ട്രീയ സാഹചര്യം ഇന്ന് അവിടെയുണ്ട്. പവാറിന്റെ മുന്നണിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലമാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും നരേന്ദ്ര മോദിക്ക് അടുത്ത തെരഞ്ഞെടുപ്പിലും 2019 ലേതിനേക്കാള്‍ മികച്ച നേട്ടം കൊയ്യാനാവും. കാരണം 50 ശതമാനത്തിലേറെ വോട്ട് അദ്ദേഹത്തിനും പാര്‍ട്ടിക്കും ലഭിക്കുന്നു എന്നതുകൊണ്ടുതന്നെ. കൊവിഡ് പ്രതിസന്ധി അടക്കം ദേശീയ പ്രശ്നങ്ങളൊക്കെ ഭംഗിയായി കൈകാര്യം ചെയ്ത ഭരണകൂടം എന്നതും മോദി സര്‍ക്കാരിന്റെ അംഗീകാരം വര്ധിപ്പിച്ചിട്ടുണ്ടല്ലോ.
ഈ പശ്ചാത്തലത്തില്‍ വേണം പ്രതിപക്ഷ കക്ഷികളുടെ പ്രതീക്ഷകളെ കാണാന്‍. ഒന്ന് അവര്‍ ഇന്ന് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ സീറ്റുകളും ജയിച്ചാല്‍ മാത്രമേ അവര്‍ക്ക് കഷ്ടിച്ച് 219 സീറ്റുകള്‍ നേടാനാവൂ. അതില്‍തന്നെ അഞ്ചു സംസ്ഥാനങ്ങളില്‍ കഴിഞ്ഞതവണ ബിജെപി എന്‍ഡിഎ 50 % ലേറെ വോട്ട് നേടിയിരുന്നു. അവിടെ ഭരണം ബിജെപിക്ക് നഷ്ടപ്പെട്ടത് സംസ്ഥാനത്തെ വിഷയങ്ങള്‍ കൊണ്ടാണുതാനും. അതുകൊണ്ട് 2024നെക്കുറിച്ചുള്ള പ്രതിപക്ഷ പ്രതീക്ഷകള്‍ എവിടെയെത്തും എന്നു പറയേണ്ടതില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: