സുജിത് വല്ലൂര്‍
കൊച്ചി: കൊവിഡ് ബാധിച്ച് മരിച്ച, എന്നാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടാത്ത എല്ലാവരെയും വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല. ഔദ്യോഗിക ലിസ്റ്റ് പുനപ്പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞെങ്കിലും അത് പൂര്‍ണ്ണമായും പാലിക്കാനാവില്ലെന്ന് ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.
ജില്ലകളില്‍ തയ്യാറാക്കിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് (ഡിഐആര്‍) പ്രകാരമുള്ള കണക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ആവശ്യപ്രകാരം പുനപ്പരിശോധിക്കുകയാണിപ്പോള് ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലകളില്‍ പിടിച്ചുവച്ച കണക്ക് പുനപ്പരിശോധിച്ച് പ്രസിദ്ധീകരിക്കാനാണ് നീക്കം. എന്നാല്‍, ഈ കണക്കിന്റെ മൂന്നിരട്ടിയെങ്കിലും ആശുപത്രി തലത്തില്‍ തന്നെ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
കൊവിഡ് ആശുപത്രിയില്‍നിന്നും ജില്ലയിലേക്ക് എത്തുന്ന ഡെത്ത് ബുള്ളറ്റിന് പ്രകാരം ജില്ലയിലാണ് ഡിഐആര്‍ തയ്യാറാക്കുന്നത്. ജില്ലയില്‍ നിന്ന് അയച്ച പല കണക്കുകളും സംസ്ഥാന തലത്തില്‍ അംഗീകരിക്കാതെ മടക്കി അയച്ചിട്ടുണ്ട്. ഈ കണക്കുകളാണ് പുനപ്രസിദ്ധീകരിക്കുക. അതായത് മുമ്പ് വെട്ടിയ പേരുകള്‍ കൂടി ചേര്‍ക്കും. എന്നാല്‍ ഡെത്ത് ബുള്ളറ്റിനില്‍ കൊവിഡ് മരണം എന്ന് രേഖപ്പെടുത്താത്തവയൊന്നും പുതിയ ലിസ്റ്റിലും വരില്ല. അതായത് ആദ്യം തന്നെ പട്ടികയില്‍നിന്നും പുറത്തായവര്‍ പുറത്തു തന്നെ തുടരും. കൊവിഡ് ബാധിച്ച് മരിച്ച നൂറുകണക്കിനു പേരെ ഡെത്ത് ബുള്ളറ്റിനില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
കൊവിഡ് ബാധിച്ചാണ് മരിച്ചതെങ്കിലും മറ്റ് രോഗങ്ങളുണ്ട് എന്ന അനുമാനത്തിലാണ് ഇവരെ പുറത്താക്കിയിരുന്നത്. കൊവിഡ് ബാധിച്ച ക്യാന്‍സര്‍ രോഗി ശ്വാസതടസം മൂലമല്ലാ മരിക്കുന്നതെങ്കില്‍ അത് കൊവിഡ് മരണമായി കണക്കാക്കില്ല. ശ്വാസതടസം മൂലം രക്ത സമ്മര്‍ദ്ദം ഉയര്‍ന്ന് ഹൃദയാഘാതം വന്നാല്‍ അതും കൊവിഡ് മരണമായി കണക്കാക്കില്ല.
മരണകാരണം ഡെത്ത് ബുള്ളറ്റിനില്‍ വ്യക്തമാക്കേണ്ടത് ചികിത്സിച്ച ഡോക്ടര്‍മാരാണ്. എന്നാല്‍, കൊവിഡ് മരണസംഖ്യ കുറച്ചു കാണിക്കാന്‍ ആദ്യം മുതലേ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാരില്‍നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇതോടെ പല മരണങ്ങളും ഡെത്ത് ബുള്ളറ്റിനില്‍ ഇടം കിട്ടാതെ പുറത്താക്കപ്പെട്ടു. ഇങ്ങനെ പുറത്തായവര്‍ മന്ത്രിയുടെ ലിസ്റ്റിലും വരില്ല.
കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംസ്കരിച്ച മൃതദേഹങ്ങള്‍ വീണ്ടും പരിശോധിക്കാനും പറ്റില്ല. അതിനാല്‍, കോടതി ഇടപെട്ടാല്‍ പോലും ഡെത്ത് ബുള്ളറ്റിനില്‍ പരാമര്‍ശം ഇല്ലാത്തവര്‍ക്ക് നീതി കിട്ടില്ല. മരണ കാരണം പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്താമെങ്കിലും വൈറസ് ബാധയേറ്റവരുടെ മൃതദേഹം കീറിമുറിച്ച് പരിശോധിക്കുന്നതിന് തടസമുണ്ട്. ഇതുമൂലം കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടും. കുട്ടികള്‍ക്കുള്ള പത്ത് ലക്ഷം രൂപ ധനസഹായം പിന്നാക്കക്കാര്‍ക്കുള്ള, വായ്പ, സബ്സിഡി മറ്റ് ധനസഹായങ്ങള്‍ തുടങ്ങിയവ എല്ലാം നിഷേധിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: