കൊച്ചി : ലഹരി- ആയുധക്കടത്ത് കേസില്‍ ശ്രീലങ്കന്‍ പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച പ്രതികള്‍ കൊച്ചിയില്‍ പിടിയില്‍. ശ്രീലങ്കയിലെ തമിഴ് വംശജനായ സുരേഷ് രാജാണ് അറസ്റ്റിലായത്. ശ്രീലങ്കയില്‍ നിരവധി ആയുധ- ലഹരികടത്ത് കേസില്‍ പ്രതിയാണ് ഇയാള്‍. സുരേഷിന്റെ സഹോദരന് ശരവണന്, സുഹൃത്ത് രമേശ് എന്നിവരും തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്.
തമിഴ്നാട്ടിലായിരുന്ന മൂവരും പോലീസില്‍ നിന്നും രക്ഷപ്പെടാനായി കേരളത്തിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ക്യൂബ്രാഞ്ച് ഇവരെ എടിഎസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ മിന്നല്‍ പരിശോധനയിലാണിവരെ പിടിച്ചത്. ലോക്കല്‍ പോലീസിനെ അറിയിക്കാതെയായിരുന്നു തെരച്ചില്‍.
കിടങ്ങൂര്‍ കപ്പേള കവലയ്ക്ക് സമീപം ഓക്സിലീയം സ്കൂളിനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന സുരേഷ് രാജിനെയാണ് ആദ്യം പിടിച്ചത്. ഇയാളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അത്താണി എയര്‍പോര്‍ട്ട് റോഡില്‍ പെട്രോള്‍ പമ്പിന് പിന്‍വശത്ത് വാടകയ്ക്കു താമസിച്ചിരുന്ന രമേശിനെയും ശരവണനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശ്രീലങ്കന്‍ പൗരന്മാരാണെന്നത് മറച്ചുവെച്ച് തമിഴ്നാട്ടുകാരാണെന്ന് പറഞ്ഞാണ് ഇവര്‍ കഴിഞ്ഞിരുന്നത്.
സുരേഷ് രാജിനെ ശനിയാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി. ഞായറാഴ്ച തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും. ശരവണനേയും രമേശിനേയും നെടുമ്പാശ്ശേരി എടിഎസ് ആസ്ഥാനത്ത് ചോദ്യം ചെയ്തു വരികയാണ്.
അതേസമയം സുരേഷ് രാജ് കുടുംബമായാണ് കിടങ്ങൂരില്‍ താമസിച്ചിരുന്നത്. ഇയാള്‍ കസ്റ്റഡിയിലായതോടെ തമിഴ്നാട് രജിസ്ട്രേഷനുള്ള രണ്ട് കാറുകളില്‍ ബന്ധുക്കളെത്തി സുരേഷ് രാജിന്റെ കുടുംബത്തെ കൂട്ടിക്കൊണ്ടുപോയി. വിമാനത്താവളത്തില്‍ എക്സ്പോര്ട് ബിസിനസാണെന്ന് പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ താമസിച്ചിരുന്നത്. കഴിഞ്ഞമാസമാണ് ഇയാള്‍ കിടങ്ങൂരിലേക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: