തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തു കേസില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് സ്വയം കേസെടുത്തു. ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും കേസ് ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചപോലെ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ആശങ്ക.
സ്വര്‍ണ്ണക്കടത്തില്‍ സിപിഎം നേതാക്കളുടെയും പാര്‍ട്ടിയുടെ തന്നെയും പങ്ക് പുറത്തുവന്നതോടെയാണ്, തിരക്കിട്ട്, പത്രവാര്‍ത്തകളുടെയും മറ്റും അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. മോഷണം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെ.വി. സന്തോഷ്കുമാറിനാണ് അന്വേഷണ ചുമതല.
സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അക്രമങ്ങളും തട്ടിക്കൊണ്ടു പോകലും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിനോട് കേസ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുന്‍പ് നടന്ന തട്ടിക്കൊണ്ടുപോകലും അക്രമങ്ങളും അന്വേഷിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് കസ്റ്റംസും, ഇ ഡിയും ഫലപ്രദമായി അന്വേഷിക്കുന്നുണ്ട്. അന്വേഷണം ചെന്നെത്തി നില്‍ക്കുന്നതാകട്ടെ സിപിഎം നേതാക്കളിലേക്കും. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി അര്ജ്ജുന് ആയങ്കിയെയും സഹായി സജേഷിനെയും ചോദ്യം ചെയ്തതിലൂടെ നിരവധി സിപിഎം നേതാക്കളുടെ പങ്ക് പുറത്തുവരുന്നുണ്ട്. അന്വേഷണം മുറുകുന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലുമാകും. എങ്ങനെയെങ്കിലും ഇത് ചെറുക്കുക എന്നതിന്റെ ഭാഗമാണ് ക്രൈംബ്രാഞ്ച് അന്വേഷണം. കേസന്വേഷണം പരമാവധി വൈകിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിലുണ്ട്.
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണം എത്തിയത് സര്‍ക്കാരിലേക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കുമായിരുന്നു. സര്‍ക്കാര്‍ പ്രതിരോധത്തിലായതോടെ പ്രതികളില്‍ ഒരാളായ സന്ദീപ്നായരെ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് പ്രേരിപ്പിച്ചു എന്ന് കാട്ടി ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനായിരുന്നു.
എന്നാല്‍, കേസ് നിലനില്‍ക്കില്ലെന്നായതോടെ ഇ ഡിക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ ജസ്റ്റിസ് വി.കെ. മോഹനനെ അധ്യക്ഷനാക്കി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. ഇതിനെതിരെ ഇ ഡി ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതിയുടെ പരിഗണനയിലുമാണ്. ഇതോടെ കേസ് അന്വേഷണത്തില്‍ ഇ ഡിക്ക് കാര്യമായി മുന്നോട്ട് പോകാന്‍ സാധിച്ചില്ല. ഇതേ കുതന്ത്രമാണ് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലും സര്‍ക്കാര്‍ പയറ്റാന്‍ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: