ക്രൈസ്തവ വിശ്വാസിയായ മലപ്പുറം സ്വദേശിയുടെ ഭാര്യയെയും മകനെയും നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും മതംമാറ്റിയെന്ന പരാതിയില്‍ ഇരുവരെയും ഒരാഴ്ചയ്ക്കുള്ളില്‍ കോടതിക്കു മുന്നില്‍ ഹാജരാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിര്‍ണായകമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഡിവിഷന് ബഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തന്റെ ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും, കോഴിക്കോട്ടെ തര്‍ബിയത്ത് ഇസ്ലാം സഭയിലെത്തിച്ച് ഭാര്യയെ മതംമാറ്റിയെന്നും, വീടും 25 ലക്ഷം രൂപയും വാഗ്ദാനം ചെയ്താണ് മതം മാറ്റിയിട്ടുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു. സംഭവം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സിബിഐ, എന്‍ഐഎ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് മാധ്യമങ്ങള്‍ തമസ്കരിക്കുകയോ വേണ്ടത്ര പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാതിരിക്കുകയോ ചെയ്ത ഈ വാര്‍ത്ത ‘ജന്മഭൂമി’യാണ് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്ത് ജനമധ്യത്തിലെത്തിച്ചത്. നിര്‍ബന്ധിത മതംമാറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന സുപ്രധാന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമുള്ള മതംമാറ്റം മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കണക്കാക്കാനാവില്ലെന്ന് ഷഹന്‍ഷാ കേസില്‍ ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മതേതരത്വത്തിന്റെ പേരില്‍ വാഴ്ത്തപ്പെടുന്ന കേരളം അഭിമുഖീകരിക്കുന്ന കഠിനമായ ഒരു വിപത്തിലേക്കാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്. അനിസ്ലാമിക ജനവിഭാഗങ്ങളില്‍പ്പെടുന്ന വ്യക്തികളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് സംഘടിതവും ആസൂത്രിതവുമായ മതംമാറ്റങ്ങള്‍ വര്‍ഷങ്ങളായി നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിനൊക്കെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുമുണ്ട്. ഒരിക്കല്‍ ഈ മതമാഫിയയുടെ കെണിയില്‍ വീണുപോകുന്നവരെ പിന്നീടൊരിക്കലും രക്ഷിച്ചെടുക്കാന്‍ കഴിയാതെ വരുന്നു. ഇത്തരമൊരു ദുര്‍വിധിയാണ് ഗില്‍ബര്‍ട്ട് എന്ന കുടുംബനാഥനും നേരിടുന്നത്. താന്‍ ആവലാതിയുമായി ചെന്നിടത്തൊക്കെ തനിക്ക് നേരിടേണ്ടിവന്ന ദുര്യോഗങ്ങളെക്കുറിച്ചും ഈ യുവാവ് പറയുന്നുണ്ട്. നിയമവാഴ്ച നോക്കുകുത്തിയാവുകയും, നിയമപാലകര്‍ നിസ്സഹായത പ്രകടിപ്പിക്കുകയും ചെയ്യുന്നു. ചില വ്യക്തികളും സംഘടനകളുമൊക്കെയാണ് മതംമാറ്റങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നതെങ്കിലും ഇസ്ലാമിന്റെ പേരില്‍ ഇക്കൂട്ടര്‍ക്ക് വ്യാപകമായ പിന്തുണ ലഭിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. ലൗ ജിഹാദിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഉത്തരവിട്ട ന്യായാധിപന് പോലും വലിയ ഭീഷണിയാണല്ലോ നേരിട്ടത്. തന്റെ ഭാര്യയെയും മകനെയും മതംമാറ്റിയ കാര്യം സിപിഎമ്മുകാരനായ ഗില്‍ബര്‍ട്ട് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയതിന് പാര്‍ട്ടി ആ മനുഷ്യനെ സഹായിക്കുന്നതിനു പകരം പുറത്താക്കുകയാണുണ്ടായത്. മതംമാറ്റത്തിന്റെ ഇരകള്‍ക്ക് ഒരിടത്തുനിന്നും രക്ഷ കിട്ടാത്ത രാഷ്ട്രീയ-ഭരണ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് ഇത് കാണിക്കുന്നു.
ഒരു മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ ഇത് മറ്റൊരാളെ നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റാനുള്ള അവകാശമല്ലെന്ന് പറയുന്ന കോടതി വിധികള്‍ പലതുണ്ടായിട്ടുണ്ട്. ഇത് കാര്യമാക്കാതെ മതംമാറ്റം തങ്ങളുടെ മൗലികാവകാശമാണെന്ന ധാര്‍ഷ്ട്യത്തോടെ അത് നിര്‍ബാധം തുടരുന്ന രീതി പല സംസ്ഥാനങ്ങളിലുമുണ്ട്. ഇതേ തുടര്‍ന്നാണ് നിരവധി സംസ്ഥാനങ്ങള്‍ ഇപ്പോള്‍ കുത്സിതമാര്‍ഗങ്ങളിലൂടെയുള്ള മതംമാറ്റത്തെ കുറ്റകൃത്യമായി കണക്കാക്കി നിയമം കൊണ്ടുവന്നിട്ടുള്ളത്. ഇത് കേരളമാണെന്നും, തങ്ങളുടെ മതപരമായ സ്ഥാപിത താല്‍പ്പര്യത്തിന് എതിരുനില്‍ക്കാന്‍ ഒരു നിയമത്തെയും അനുവദിക്കില്ലെന്നുമുള്ള മട്ടിലാണ് ചില സംഘടിത മതശക്തികള്‍ പെരുമാറുന്നത്. കോടതി ഇടപെട്ടിട്ടുപോലും ലൗ ജിഹാദിനെതിരായ അന്വേഷണങ്ങള്‍ ഇവിടെ ശരിയായി നടക്കുന്നില്ല. പ്രണയത്തിന്റെ വലയില്‍ കുടുങ്ങി മതംമാറി തീവ്രവാദ സംഘടനകളില്‍ എത്തിപ്പെട്ട മലയാളികളായ ചില ക്രൈസ്തവ-ഹിന്ദു യുവതികളുടെ അവസ്ഥ ഇപ്പോള്‍ ഏവര്‍ക്കുമറിയാമല്ലോ. തങ്ങള്‍ക്കുണ്ടായ ദുരനുഭവം വിവരിച്ച് നിരവധി പെണ്‍കുട്ടികള്‍ പരസ്യമായി രംഗത്തുവന്നിട്ടും പൊതുസമൂഹം ഒട്ടകപ്പക്ഷി നയം സ്വീകരിക്കുകയാണ്. ഈ ദുരവസ്ഥയ്ക്ക് അന്ത്യം കുറിക്കേണ്ടിയിരിക്കുന്നു. മതവിശ്വാസമായാലും മതപ്രചാരണമായാലും മതംമാറ്റായാലും അവയൊക്കെ സുതാര്യവും നിയമാനുസൃതവുമാണെന്ന് ഉറപ്പു വരുത്തിയേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: