ആലപ്പുഴ: എല്ലാ ഹൗസ് ബോട്ട് ഉടമകളെയും ലൈസന്‍സ് എടുക്കുന്ന സ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള നടപടികളാണ് തുറമുഖ വകുപ്പ് സ്വീകരിച്ചു വരുന്നതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഹൗസ് ബോട്ട് ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രജിസ്ട്രേഷന്, ലൈസന്‍സ് എടുക്കുന്നതിനുള്ള തടസ്സങ്ങള്‍ പരിശോധിക്കും. ഹൗസ് ബോട്ട് ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നതിന് നിലവില്‍ ഭീമമായ തുക കൊടുക്കേണ്ടി വരുന്നു. ഇവര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണിക്കും. സാഗര്‍മാല പദ്ധതിയില്‍ മറീന പദ്ധതി ആലപ്പുഴ തുറമുഖത്ത് നടപ്പാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൂടാതെ ആലപ്പുഴ തുറമുഖത്ത് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം, അഡ്വഞ്ചര്‍ വാട്ടര്‍ സ്പോര്‍ട്സ്, ഡോക്കിങ് യാഡ്സ് തുടങ്ങിയ പദ്ധതികളും പരിഗണനയിലാണ്. ഹൗസ് ബോട്ടുകളിലെ അനധികൃത യാനങ്ങള്‍ കണ്ടുപിടിക്കുന്നതിന് ജിപിഎസ് സംവിധാനം നടപ്പാക്കും.
ഹൗസ് ബോട്ടുകള്‍ക്കുള്ള രജിസ്ട്രേഷനും ലൈസന്‍സും ഓണ്‍ലൈന്‍വഴി സുഗമമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍തന്നെ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ആലപ്പുഴയില്‍ 786 ബോട്ടുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 350 എണ്ണം മാത്രമാണ് ലൈസന്‍സ് പുതുക്കിയത്. ലൈസന്‍സും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം കോവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഹൗസ് ബോട്ടുകള്‍ക്ക് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിശോധിച്ച് നടപടിയെടുക്കും. ഹൗസ് ബോട്ടുകളിലെ സീവേജ് കളക്ഷന്‍ രണ്ട് ബാര്‍ജറുകള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പോര്‍ട്ട് ഓഫീസര്‍ യോഗത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: