മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ സിനിമയായ ‘ചതുര്‍മുഖം’ ഇരുപത്തിഅഞ്ചാമത് ബുച്ചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്ന് ആകെ മൂന്നു സിനിമകളാണ് ഫെസ്റ്റിവലില്‍ ഉള്ളത്. പ്രഭു സോളമന്റെ ‘ഹാത്തി മേരാ സാത്തി’, മിഹിര്‍ ഫഡ്നാവിസിന്റെ ച്യൂയിങ് ഗം എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങള്‍. വേള്‍ഡ് ഫന്റാസ്റ്റിക്ക് റെഡ് കാറ്റഗറിയിലാണ് ചതുര്‍മുഖം പ്രദര്‍ശിപ്പിക്കുന്നത്.
ദി വെയ്ലിങ് എന്ന കൊറിയന്‍ സിനിമയുടെ സംവിധായകനായ നാ ഹോങ്ജിനും ‘ഷട്ടര്‍’ എന്ന ഹൊറര്‍ സിനിമയുടെ സംവിധായകനായ ബാഞ്ചോങ് പിസന്‍തനാകുനും ചേര്‍ന്നൊരുക്കിയ ‘ദി മീഡീയം’ ഉള്‍പ്പടെ 47 രാജ്യങ്ങളില്‍ നിന്നായി 258 സിനിമകളാണ് ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
രഞ്ജീത് കമല ശങ്കര്‍, സലില്‍ വി. എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖം ഏപ്രില്‍ എട്ടിനാണ് റിലീസായത്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കേ തന്നെ റിലീസായ ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം തന്നെ നേടിയെടുക്കുകയും ചെയ്തിരുന്നു. മഞ്ജുവാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവര്‍ ചേര്‍ന്നാണ്.
ബിഫാന്‍ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള മറ്റുചില അന്താരാഷ്ട ഫിലിം ഫെസ്റ്റിവലുകളിലെ പ്രദര്‍ശനത്തിനു ശേഷം ജൂലൈ രണ്ടാം വാരത്തില്‍ ‘ചതുര്‍മുഖം’ സീ5 എച്ച്ഡി എന്ന ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: