ന്യൂദല്‍ഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് പഠനം. യുഎസ് ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ ഡെല്‍റ്റ ആല്‍ഫ വകഭേദങ്ങള്‍ക്കെതിരെ കൊവാകസിന് ഫലപ്രദമെന്ന് കണ്ടെത്തിയിരിക്കുന്നത്.
കൊവാക്സിന് സ്വീകരിച്ചവരുടെ രക്തമെടുത്ത് രണ്ട് തരത്തിലുള്ള പഠനങ്ങളാണ് കൊവാക്സിനുമായി ബന്ധപ്പെട്ട് എന്‍ഐഎച്ച് നടത്തിയത്. ഇതില്‍ കൊവാക്സിന് സ്വീകരിച്ചവരുടെ ശരീരത്തില്‍ ഉത്പ്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
കോവിഡിന്റെ ഈ വകഭേദങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ആശങ്ക ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊവാക്സിന് ഫലപ്രദമാണെന്ന കണ്ടെത്തല്‍ ഏറെ ആശ്വാസം നല്‍കുന്നതാണ്. കൊവാക്സിന് നിര്‍മാണത്തിന് എന്‍ഐഎച്ചിന്റെ ഫണ്ടുകളുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത അഡ്ജുവന്റും സഹായിച്ചിരുന്നു. ഇതുവരെ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി 25 മില്യണ്‍ ആളുകളാണ് കൊവാക്സിന് സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: