കൊവിഡ് കാലത്ത് രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു സാമ്പത്തിക പാക്കേജു കൂടി നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. കൊവിഡ് പ്രതികൂലമായി ബാധിച്ചിട്ടുള്ള ആരോഗ്യം, ടൂറിസം, സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍, കൃഷി എന്നീ മേഖലകള്‍ക്ക് ഗുണകരമാകുന്ന വിധത്തിലാണ് ആറ് ലക്ഷത്തിലേറെ കോടി രൂപയുടെ പ്രത്യേക പാക്കേജ് ധനകാര്യമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചത്. കൊവിഡിനെ തുടര്‍ന്ന് ഉപജീവന മാര്‍ഗങ്ങള്‍ തടസ്സപ്പെട്ടവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നിനുപുറകെ ഒന്നായി സ്വീകരിക്കുകയുണ്ടായി. ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനു വേണ്ടിയുള്ള ഇത്തരം ശ്രമങ്ങള്‍ വന്‍തോതില്‍ വിജയം കാണുകയും ചെയ്തു. നിരവധി മേഖലകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും, ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുകയുമുണ്ടായി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം പകരുന്നതിനുള്ള സത്വരമായ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു. കുടിയേറ്റ തൊഴിലാളികളുടെ വരുമാനം ഉറപ്പുവരുത്തുന്നതിനായി പ്രഖ്യാപിച്ച പദ്ധതികള്‍ വന്‍തോതില്‍ ലക്ഷ്യം കണ്ടു. ഈ വിഭാഗത്തെ ഉപയോഗിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു.
ടൂറിസം മേഖലയ്ക്ക് ഇപ്പോഴത്തെ പാക്കേജ് വലിയ ശ്രദ്ധയാണ് നല്‍കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആയിരക്കണക്കിന് ടൂറിസ്റ്റ് ഗൈഡുകള്‍, ട്രാവല്‍ ഏജന്‍സികള്‍ തുടങ്ങിയവര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും. വിവിധ സംസ്ഥാനങ്ങളില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പാക്കേജിന്റെ പരിധിയില്‍ വരും. ടൂറിസം മേഖലയില്‍നിന്ന് വലിയ വരുമാനം പ്രതീക്ഷിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത് നേട്ടമാകും. അടുത്ത വര്‍ഷം മാര്‍ച്ച് മാസം വരെ രാജ്യം സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ക്കായി അഞ്ച് ലക്ഷം സൗജന്യ വിസയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇതുവഴി ഒരു തവണ ഭാരതം സന്ദര്‍ശിക്കാനാണ് അനുവദിക്കുക. കൊവിഡ് ബാധിത മേഖലയ്ക്കായി അനുവദിക്കുന്ന ഒരുലക്ഷം കോടിയിലേറെ വരുന്ന തുകയില്‍ 50,000 കോടി രൂപ മെഡിക്കല്‍ മേഖലയിലാണ് ചെലവഴിക്കുക. മഹാനഗരങ്ങള്‍ക്കു പുറത്തുള്ള ചെറുനഗരങ്ങളിലെ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിന്റെ അടിയന്തരഫലമായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടും. വിവിധ മേഖലകളില്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്നതിനും തുക നീക്കിവച്ചിരിക്കുന്നത് പുത്തനുര്‍ണവ് സൃഷ്ടിക്കും.
കൊവിഡ് മഹാമാരി പല ലോകരാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയെ തകരാറിലാക്കിയിരുന്നു. വികസിത രാഷ്ട്രങ്ങള്‍ക്കുപോലും പിടിച്ചുനില്‍ക്കാനായില്ല. ഈ സാഹചര്യത്തിലാണ് ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥ കാര്യമായ പരിക്കുകളൊന്നുമില്ലാതെ അതിജീവിച്ചത്. കഷ്ടകാലത്തും നമ്മുടെ സമ്പദ്വ്യവസ്ഥ കരുത്തോടെ നിലകൊണ്ടത് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട സമയോചിതമായ നടപടികള്‍ കാരണമാണ്. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ആരംഭിച്ച സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനം വളര്‍ച്ച എന്ന ലക്ഷ്യത്തിലേക്കാണ് ഭാരത സമ്പദ്വ്യവസ്ഥ കുതിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ഇത് വലിയ വെല്ലുവിളിയായാണ് ചില സാമ്പത്തിക വിദഗ്ദ്ധര്‍ കാണുന്നതെങ്കിലും നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുന്നതോടെ ജനങ്ങള്‍ പഴയതുപോലെ പണം ചെലവഴിക്കാന്‍ തുടങ്ങുമെന്ന് ഇവര്‍ കരുതുന്നു. കഴിഞ്ഞ വര്‍ഷം ഇങ്ങനെ സംഭവിക്കുകയും സമ്പദ്വ്യവസ്ഥ മുന്നോട്ടു പോവുകയും ചെയ്തു. അന്ന് മൊബൈല്‍ ഫോണുകള്‍ മുതല്‍ കാറുകള്‍ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുകയുണ്ടായി. ഇപ്പോഴത്തെ സാമ്പത്തിക പാക്കേജിലൂടെ സമ്പദ്വ്യവസ്ഥയില് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: