പാലക്കാട്: കൊവിഡ് 19 വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ചിട്ടുള്ള ഡെല്‍റ്റ പോസിറ്റീവ് വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി ഗ്രാമപഞ്ചായത്തുകള്‍ ഇന്നുമുതല്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണമായും അടച്ചിടാന്‍ കളക്ടര്‍ ഉത്തരവിട്ടു. ന്യൂദല്‍ഹിയിലെ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയില്‍ നടത്തിയ ജനിതക (ജീനോമിക്) പഠനത്തിലാണ് ഏപ്രില്‍, മെയ് മാസങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ സ്രവത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. പ്രസ്തുത രോഗികളും, ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരും നിലവില്‍ രോഗമുക്തി നേടിയിട്ടുണ്ട്.
രോഗവ്യാപന ശേഷി കൂടുതലുള്ള വകഭേദം മൂലം നിലവില്‍ ഭീതിജനകമായ അന്തരീക്ഷമില്ലെങ്കിലും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത സ്വീകരിക്കേണ്ടതിന്റെ ഭാഗമായാണ് പറളിയിലും പിരായിരിയിലും ഈ നടപടി. പൊതുജനങ്ങള്‍ ഒത്തുചേരുന്ന സാഹചര്യങ്ങള്‍ കുറയ്ക്കുകയും, സാമൂഹിക അകലം, മാസ്ക് ധരിക്കല്‍ എന്നിവ കര്‍ശനമായി പാലിക്കണം. അതിര്‍ത്തികള്‍ അടച്ചിടും. പൊതുജന സഞ്ചാരം, ഗതാഗത നിയന്ത്രണം എന്നിവ കര്‍ശനമാക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് രണ്ടുവരെ മാത്രമെ തുറക്കാവൂ. ഹോം ഡെലിവറി മാത്രമെ അനുവദിച്ചിട്ടുള്ളത്.
ടിപിആര്‍ വീണ്ടും ഉയരുന്നു
പാലക്കാട് ജില്ലയില്‍ വീണ്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു. 13.04 ശതമാനമാണ് ഇന്നലത്തെ ടിപിആര്‍. 9232 പേര് പരിശോധന നടത്തിയതില്‍ 1204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1391 പേര് രോഗമുക്തരായതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 5506 ആയി.
സമ്പര്‍ക്കരോഗികള്‍ 670, ഉറവിടം അറിയാത്തവര്‍ 529,5 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. ഇതിന് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലും, 2 പേര് വയനാടും, 3 പേര് കോട്ടയത്തും, 5 പേര് വീതം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും, 7 പേര് വീതം കോഴിക്കോട്, ഇടുക്കി ജില്ലകളിലും, 20 പേര് എറണാകുളത്തും, 51 പേര് തൃശ്ശൂരും,108 പേര് മലപ്പുറത്തും ചികിത്സയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: