കൊല്ലം: ലോക് ഡൗണ്‍ ഇളവുകള്‍ വ്യാപാര മേഖലയ്ക്ക് പൊതുവെ ആശ്വാസമായെങ്കിലും വഴിയോരക്കച്ചവടക്കാരുടെ ദുരിതമൊഴിയുന്നില്ല. വഴിയോരങ്ങളില്‍ പഴം, പച്ചക്കറി, തുണിത്തരങ്ങള്‍, ചെരുപ്പ് വില്‍പ്പനക്കാര്‍, കുട നന്നാക്കുന്നവര്‍, മറ്റു വഴിയോര വിപണിക്കാര്‍ തുടങ്ങിയ നിരവധി തൊഴിലാളികള്‍ ഇന്ന് ദൈനം ദിന ചെലവുകള്‍ക്ക് വകയില്ലാതെ വലയുകയാണ്.
കൊല്ലം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലും വഴിയോര കച്ചവടങ്ങള്‍ ഉണ്ടെങ്കിലും ചില ഭാഗങ്ങളില്‍ വഴിയോരക്കച്ചവടം നടത്താന്‍ അധികൃതര്‍ അനുവാദം നല്‍കിയിട്ടില്ല. വഴിയോര കച്ചവട കേന്ദ്രങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം. എന്നാല്‍ കൂടുതല്‍ ദുരതത്തിലായിരിക്കുന്നതും ഈ വിഭാഗക്കാര്‍ തന്നെയാണ്. അധികൃതര്‍ കച്ചവടത്തിനു വിലക്ക് കല്പ്പിക്കുമ്പോള് ഉപജീവനത്തിനായി നേട്ടോട്ടം ഓടുകയാണിവര്‍. കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ തൊഴില്‍ നഷ്ടമായവരില്‍ പലരും ഉപജീവനമാര്‍ഗമായി വഴിയോര കച്ചവടത്തെ സ്വീകരിച്ചു. സാധാരണക്കാര്‍ മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ജോലി നഷ്ടപ്പെട്ടവരെല്ലാം ഈ ഗണത്തില്‍ പ്പെടും.
മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ചതുപോലെ കൊവിഡ് മാനദണ്ഡം പാലിച്ച് തൊഴിലെടുക്കുന്നതിന് തങ്ങള്‍ക്കും അവസരം നല്‍കണമെന്നാണ് വഴിയോര കച്ചവക്കാരുടെ ആവശ്യം. ചെറുവാഹനങ്ങളിലും മറ്റും വീടുകള്‍ കയറിയിറങ്ങി, മീന്‍, പച്ചക്കറി വിപണനം നടത്തിയാണ് ചിലരെങ്കിലും ഇന്ന് നിത്യ ചെലവ് നടത്തുന്നത്. എങ്കിലും ഭൂരിഭാഗം പേരും തൊഴില്‍ നഷ്ടപ്പെട്ട നിലയിലാണ്. വീടുകയറി കച്ചവടം നടത്തുന്നതിലും നിയന്ത്രണങ്ങള്‍ വന്നതിനാല്‍ ദുരതത്തിലാണ് ഇവര്‍. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധിയില്‍ അംഗമായിട്ടുള്ളവര്‍ക്ക് സര്‍ക്കാര്‍ 1000 രൂപ പ്രഖ്യാപിച്ചെങ്കിലും വഴിയോര കച്ചവടക്കാരില്‍ പലര്‍ക്കും ഇത് ലഭ്യമായിട്ടില്ല. കൊവിഡ് കാരണം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന മറുപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: