1861ല്‍ തലശ്ശേരിയില്‍ എഡ്വേഡ് ബ്രണ്ണന്‍ എന്ന സായിപ്പ് സ്ഥാപിച്ച ഫ്രീസ്കൂളാണ് പിന്നീട് ഇന്നത്തെ ബ്രണ്ണന്‍സ് കോളേജായി മാറിയത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്താണ് ഇപ്പോള്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോടിനും മംഗലാപുരത്തിനുമിടയില്‍ മതിയായ വിദ്യാഭ്യാസ സൗകര്യങ്ങളില്ല എന്ന് കണ്ടതിനെതുടര്ന്നാണത്രെ അന്ന് ഇന്ത്യ ഭരിച്ചിരുന്ന ഈസ്റ്റ്ഇന്ത്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന എഡ്വേഡ് ബ്രണ്ണന്‍ ഈ വിദ്യാലയം ആരംഭിച്ചത്. തലശ്ശേരിയ്ക്കടുത്ത് കടലില്‍ കപ്പല്‍ തകര്‍ന്നപ്പോള്‍ നീന്തിക്കയറിയാണ് അദ്ദേഹം കരയ്ക്കെത്തിയതെന്ന് ചില ചരിത്രകാരന്മാര് പറയുന്നു. അദ്ദേഹത്തിന് ഇന്ത്യക്കാരിയായ സ്ത്രീയില്‍ ഒരു മകളുണ്ടായിരുന്നുവെന്നും ഇപ്പോള്‍ വാര്‍ത്തവരുന്നു. ഇന്ത്യക്കാര്‍ക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹം വിദേശിയായിരുന്ന ബ്രണ്ണന്‍ സായിപ്പിന് ഉണ്ടായിരുന്നത് കൊണ്ടാകാം അദ്ദേഹം ഈ വിദ്യാലയം ആരംഭിച്ചത്.
എന്നാല്‍ ഇപ്പോള്‍ ബ്രണ്ണന്‍സ് കോളേജ് ചര്‍ച്ചയാകുന്നത് കേരളാ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും തമ്മിലുള്ള വിവാദങ്ങളിലൂടെയാണ്. ഈ വിവാദങ്ങള്‍ ആരോഗ്യകരമല്ല. കേരളത്തെ അവഹേളിക്കുന്ന തരത്തിലാണ് വിവാദം മുന്നേറുന്നത്. കൊറോണ മൂലം ആളുകള്‍ മരിക്കുകയും തൊഴിലും വരുമാനവുമില്ലാതെ ജനങ്ങള്‍ ദുരിതത്തിലാവുകയും ചെയ്യുമ്പോഴാണ് സമയത്താണ് നേതാക്കളുടെ വാക്ക്യുദ്ധം നടക്കുന്നത്. കേരളം നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളില്‍ നിന്നും ഇടതു-വലതു മുന്നണികള്‍ നേരിടുന്ന തിരിച്ചടികളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ആസൂത്രണമാണ് ഇതിന് പിന്നില്‍.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാണ്. നല്‍കിയവാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്ന് ഭരണമുന്നണിയ്ക്കും മുഖ്യമന്ത്രിക്കും വ്യക്തമായി അറിയാം. 2500 രൂപ പ്രതിമാസം ക്ഷേമ പെന്‍ഷനുകള്‍ നല്‍കാമെന്ന് പറഞ്ഞിട്ട് നാളിതുവരെ വര്‍ധിപ്പിച്ച് നല്‍കിയില്ല. ഇപ്പോഴും 1600 രൂപവച്ചാണ് പെന്ഷന് നല്‍കുന്നത്. 29 റോഡുകള്‍ പുതുക്കി പണിയുമെന്ന് പൊതുമരാമത്ത് മന്ത്രിപറയുന്നുണ്ടെങ്കിലും കരാറുകാര്‍ക്ക് പണം നല്കാന് കഴിയുമെന്ന് ഉറപ്പില്ല. സംസ്ഥാനത്തിന്റെ കടം കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അടക്കം നാലുലക്ഷം കോടിയിലധികമാണ്. കേരളത്തിന്റെ ജി.ഡി.പി എട്ടുലക്ഷം കോടിയാണ്. ഇങ്ങനെ പോയാല്‍ അടുത്ത 5 വര്‍ഷത്തിനകം കടം എട്ടുലക്ഷം കോടിയിലെത്തും. അപ്പോള്‍ ശമ്പളവും പെന്‍ഷനും മുടങ്ങും.
സ്വര്‍ണ്ണക്കള്ളക്കടത്ത് അടക്കമുള്ള കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത്, ഈന്തപ്പഴക്കടത്ത്, ഖുറാന്കടത്ത്, ലൈഫ്മിഷന്അഴിമതി എന്നിവയില്‍ നടക്കുന്ന അന്വേഷണങ്ങളും കേസുകളും തടസ്സപ്പെടുത്താനാണ് കേരളസര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതെന്ന് നിയമവിദഗ്ധരും കേന്ദ്രഅന്വേഷണ ഏജന്‍സികളും സംശയിക്കുന്നു. ജസ്റ്റിസ്.വി.കെ.മോഹന്കമ്മീഷനെതിരെ കസ്റ്റംസും ഇ.ഡി.യും ഉന്നതാധികാര കോടതികളെ സമീപിക്കാനൊരുങ്ങുന്നതായി വാര്‍ത്തവരുന്നു. ഇ.ഡി.യ്ക്കെതിരെ കേരളാ ക്രൈംബ്രാഞ്ച് എടുത്ത രണ്ട് കേസുകള്‍ കേരളാഹൈക്കോടതി റദ്ദാക്കുകയുണ്ടായി. അത് സംബന്ധിച്ച് എറണാകുളം സെഷന്‍സ് കോടതിയില്‍ വിചാരണ നടക്കുന്നു. ജൂണ്‍ 28 ന് സുപ്രീം കോടതി തുറന്നാല്‍ ഏത് സമയവും മുഖ്യമന്ത്രിയ്ക്കെതിരെയുള്ള ലാവലിന്‍ കേസില്‍ വിധിയുണ്ടാകാന്‍ സാധ്യതയുണ്ട്. വിധി മുഖ്യമന്ത്രിയ്ക്കെതിരായാല് അദ്ദേഹത്തിന്റെ നിലകൂടുതല്‍ പരുങ്ങലിലാകും. കിഫ്ബിയ്ക്കെതിരെയുള്ള സി.എ.ജി.യുടെ ഓഡിറ്റ്റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളാ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ കേരളാസര്‍ക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാകാനാകില്ല. ഇന്ത്യന്‍ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രമാണ് കേരള ജനസംഖ്യയെങ്കിലും ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ 20 ശതമാനവും സംസ്ഥാനത്താണ്. കേരളത്തിന്റെ ആരോഗ്യ സുരക്ഷയെ സംബന്ധിച്ചുള്ള എല്ലാ അവകാശവാദങ്ങളും തെറ്റാണെന്ന് തെളിയുന്നു. വാക്സിന് നിര്‍മ്മാണത്തിനായി കേരളം നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. സ്ഥാനമൊഴിഞ്ഞ ധനമന്ത്രി ഐസക് പറഞ്ഞത് ആലപ്പുഴ കെ.എസ്.ഡി.പി.യില്‍ വാക്സിന് നിര്‍മ്മിക്കുമെന്നാണ്. ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന് നിര്‍മ്മിക്കാന്‍ വിദഗ്ധസമിതിയെ നിയമിച്ചു എന്നാണ്.
തിരുവനന്തപുരം – കാസര്‍കോട് അതിവേഗ റെയില്‍ പദ്ധതിയ്ക്ക് വേണ്ടി പരിസ്ഥിതി ആഘാതപഠനം നടത്തിയ ഏജന്‍സി അംഗീകരിക്കപ്പെട്ട പട്ടികയില്‍ ഉള്ളതല്ലെന്ന് ആക്ഷേപമുണ്ട്. അതിനാല്‍ പദ്ധതിക്ക് കേന്ദ്രപരിസ്ഥിതി വകുപ്പിന്റെ അനുമതിലഭിയ്ക്കാന് സാധ്യതയില്ല. ഇന്ത്യന്‍ റെയില്‍വേക്ക് 49% ഓഹരി പങ്കാളിത്തമുള്ള പദ്ധതിയാണിത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളുടെയും റിസര്‍വ്ബാങ്കിന്റെയും അനുമതിലഭിച്ചാല്‍ മാത്രമേ കേരളത്തിലെ ഭൂമി ഏറ്റെടുക്കാവൂ എന്ന് കോടതിയുടെ ഉത്തരവുണ്ട്. ആര്.വി.ജി.മേനോനെ പോലെയുള്ളവര്‍ ഈ പദ്ധതിയ്ക്കെതിരെ രംഗത്തുവന്നു. പദ്ധതി എന്നാരംഭിക്കാന്‍ കഴിയും എന്നതിന് ഒരുറപ്പുമില്ല. റബ്ബര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പുതിയ കമ്പനിയുടെ പ്രവര്‍ത്തനം എങ്ങുമെത്തിയില്ല.
20 ലക്ഷം പേര്‍ക്ക് 5 വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞാണ് ഇടതുമുന്നണി അധികാരത്തിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തിലും ബജറ്റിലും പറയുന്നത് യുവാക്കള്‍ സ്വയംതൊഴില്‍ കണ്ടെത്തണമെന്നാണ്. പലിശയിളവോടുകൂടി 25 ലക്ഷം മുതല്‍ രണ്ട് കോടിവരെ വായ്പ്പ നല്കുമത്രെ. അങ്ങനെപുതുതായി 160000 ചെറുകിട – ഇടത്തരം യൂണിറ്റുകള്‍ തുടങ്ങുമെന്നാണ്. കഴിഞ്ഞ 64 വര്‍ഷം കൊണ്ട് 140000 യൂണിറ്റുകള്‍ മാത്രമാണ് തുടങ്ങിയത്. അവയില്‍ നാമ മാത്രമായെങ്കിലും പ്രവര്‍ത്തിക്കുന്നത് 50000 ല്‍ താഴെമാത്രം യൂണിറ്റുകളാണ്. എത്രശ്രമിച്ചാലും അടുത്ത 5 വര്‍ഷത്തിനുള്ളില്‍ പി.എസ്.സി. നല്കുന്ന നിയമനങ്ങളടക്കം 5 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍നല്‍കാന്‍ കഴിയില്ല.
ഗള്‍ഫില്‍നിന്നും കൊറോണമൂലം കഴിഞ്ഞ 16 മാസമായി 12 ലക്ഷം ആളുകള്‍ തിരികെവന്നു. ചില സര്‍വേകളില്‍ 15 ലക്ഷം ആളുകള്‍ തിരികെവന്നതായി പറയുന്നു. ഇവരുടെ പുനരധിവാസത്തിന് ഉതകുന്ന പദ്ധതികളൊന്നുമില്ല. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് വേണ്ടിയുള്ള സ്മാര്‍ട്ട്ഫോണും ലാപ്ടോപ്പും ലഭിക്കാത്തതുമൂലം 20% വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന് പുറത്താണ്. വിവിധ പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്കിയ സഹായധനം നഷ്ട്ടപ്പെടുത്തിയതിന്റെ കണക്കുകള്‍ കേരളാനിയമസഭയില് അവതരിപ്പിച്ച സി.എ.ജി.യുടെ ഓഡിറ്റ്റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. പ്രധാനമന്ത്രി ഭവനപദ്ധതിയ്ക്ക് വേണ്ടി നല്കിയ 302 കോടിരൂപ ചെലവഴിക്കാതെ നഷ്ടപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ഭക്ഷ്യ – ധാന്യങ്ങളും പയറുവര്‍ഗങ്ങളും സമയത്ത് എടുത്ത് വിതരണം നല്‍കാത്തതു മൂലം ഗോഡൗണുകളില്‍ കെട്ടിക്കിടന്ന് നശിക്കുന്നതായി വാര്‍ത്തവരുന്നു.
ഇത്രയും പ്രതിസന്ധികള്‍ നേരിടുന്ന കേരളാസര്ക്കാറിന് സ്വീകരിക്കാവുന്ന ഏകമാര്‍ഗം കേന്ദ്രസര്‍ക്കാരിന്റെയും പ്രതിപക്ഷങ്ങളുടെയും പിന്തുണയോടെ സമഗ്രവും സുസ്ഥിരവും സുതാര്യവുമായവികസനം നടപ്പാക്കുക എന്നതാണ്. അത് വളരെ ശ്രമകരമായ ജോലിയാണ്. ആധുനിക സാങ്കേതിക വിദ്യ സ്വീകരിച്ച് കൊണ്ട് മാത്രമേ ഇത് സാധ്യമാകൂ. അടിസ്ഥാന കാര്‍ഷിക മേഖലയിലും കാര്‍ഷികാധിഷ്ഠിത വ്യവസായമേഖലയിലും ആനുപാതികമായി ഐ.ടി, വിദ്യാഭ്യാസം, ആരോഗ്യരക്ഷ എന്നീ മേഖലകളിലും സന്തുലിതമായ വികസനം നടപ്പാക്കണം.അതിന് നേതൃത്വം കൊടുക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയല്ല സി.പി.എം. സമരം ചെയ്തും അക്രമം നടത്തിയും പരിചയമുള്ള ഒരു പാര്‍ട്ടിയ്ക്കും അതിന്റെ നേതാക്കള്‍ക്കും സമഭാവനയോടെയുള്ള സമഗ്രവികസന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയില്ല. അഴിമതിയുടെ ചെളിക്കുണ്ടില്‍ മുങ്ങിയ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ കേരളാസര്‍ക്കാര്‍. അതിന്റെ തെളിവാണ് മരംമുറി എന്ന ലഘൂകരിക്കപ്പെടുന്ന വനം കൊള്ള. വന നിയമങ്ങളുടെ പരിധിയില്‍വരുന്ന വിലപിടിപ്പുള്ള മരങ്ങള്‍ നിയമ വിരുദ്ധമായി വെട്ടിനശിപ്പിക്കുന്നത് വനം കൊള്ള തന്നെയാണ്. കടല്‍ക്കൊള്ളയും ഇപ്പോള്‍ വനംകൊള്ളയും ഇടതുമുന്നണി സര്‍ക്കാരിന്റെ മുഖമുദ്രയായി.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വിവാദങ്ങള്‍ അത്യാവശ്യമാണ്. ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥികാലത്തെ വീരപരാക്രമങ്ങളുമായി മുഖ്യമന്ത്രി രംഗത്തുവന്നതും കെ.പി.സി.സി. പ്രസിഡന്റിന്റെ വെല്ലുവിളികളും ഇതിന്റെ ഭാഗമാണ്.
വിവാദം കൊഴുപ്പിക്കാന്‍ 25 മിനിറ്റ് നേരമുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. തന്റെ മക്കളെ തട്ടികൊണ്ട് പോകാന്‍ സുധാകരന് ശ്രമിച്ചൂവെന്നും പിണറായി ആരോപിക്കുന്നു. പഴയസ്റ്റണ്ട് സിനിമകളെ ഓര്‍മിപ്പിക്കുന്ന വാര്‍ത്തകളാണ് നിറയുന്നത്. ആക്ഷന്‍ മുറകളും മെയ്വഴക്കങ്ങളും വിവരിച്ച് മുഖ്യമന്ത്രിയും പകവീട്ടലിന്റെ കഥയുമായി സുധാകരനും രംഗത്തെത്തുമ്പോള്‍ തെറ്റുപറ്റിയത് ബ്രണ്ണന്‍ സായിപ്പിനാണോ? വോട്ടുനല്‍കി വിജയിപ്പിച്ച ജനത്തിനോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: