നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകന്, അഭിനേതാവ്, മാതംഗശാസ്ത്രകുലപതി, സംസ്കൃത പണ്ഡിതന്, സാംസ്കാരിക പ്രവര്ത്തകന് തുടങ്ങി മാടമ്പ് കുഞ്ഞുകുട്ടന് നല്കാവുന്ന വിശേഷണങ്ങള്‍ പലതാണ്. പക്ഷേ ഇയൊന്നും മതിയാവില്ല ഈ മഹാഋഷിയെ വര്‍ണ്ണിക്കാന്‍. വിശേഷണങ്ങള്‍ മനുഷ്യനെ മറ്റൊന്നാക്കുന്നു, ഇതൊന്നും എനിക്ക് വേണ്ട. എനിക്ക് വിശേഷണങ്ങളില്ലാത്ത പച്ച മനുഷ്യനായാല്‍ മതി എന്നാവും നിസ്വനായി മാടമ്പ് പറയുക.
അഗാധമായ പാണ്ഡിത്യം മാടമ്പിന്റെ ഭാഷയെ മറ്റ് എഴുത്തുകാരില്‍ നിന്ന് വേറിട്ടതും ഗരിമയുള്ളതുമാക്കി. തൊട്ടതെന്തും പൊന്നാക്കിമാറ്റാന്‍ ഈ ഭാഷാ സ്വാധീനം സഹായിച്ചു. എഴുത്തില്‍ ഗദ്യമായിരുന്നു മാടമ്പിന് പത്ഥ്യം. ഭ്രഷ്ട് എന്ന ഒറ്റ നോവല്‍ നമ്പൂതിരി സമുദായത്തിനുള്ളിലും മലയാള സാഹിത്യത്തിലും അഴിച്ചുവിട്ട കൊടുങ്കാറ്റിന്റെ പ്രഹരം തടുക്കാവതായിരുന്നില്ല. വി.ടി.യുടെ പിന്മുറക്കാരനായി നാടകത്തിലൂടെയും എഴുത്തിലൂടെയും സ്വസമുദായത്തിലെ ഭ്രഷ്ടുകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മാടമ്പ് കലാപക്കൊടിയുയര്‍ത്തി. അതോടെ സമുദായവും സാഹിത്യലോകവും അദ്ദേഹത്തിന് തോന്ന്യാസി എന്ന പദവി ചാര്‍ത്തിക്കൊടുത്തു. തോന്ന്യാസി എന്നത് അധിക്ഷേപമായല്ല, അലങ്കാരമായാണ് മാടമ്പ് കൊണ്ടുനടന്നത്.
സാഹിത്യരംഗത്തെയും സാംസ്കാരിക രംഗത്തെയും ദുര്‍ന്നടപ്പുകളെ ശക്തിയുക്തം എതിര്‍ക്കുന്നതിന് തെല്ലും വിമുഖത കാണിച്ചിരുന്നില്ല മാടമ്പ്. മതരാഷ്ട്രീയ പ്രലോഭനങ്ങള്‍ക്കടിപ്പെട്ട്, ദേശീയധാരയോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്നവരെ അകറ്റിനിര്‍ത്തുന്ന പ്രവണത സാഹിത്യലോകത്ത് ശക്തിപ്പെടുത്താന്‍ ഒരുവിഭാഗം ആളുകള്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ പ്രതിരോധഭിത്തിയായിത്തീര്ന്നു മാടമ്പ്. 2001ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂരില്‍ നിന്ന് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായതിനെക്കുറിച്ച് പിന്നീടൊരഭിമുഖത്തില്‍ ചോദിച്ചപ്പോള്‍, അത് അന്ന് ആവശ്യമായിരുന്നു എന്നാണ് മറുപടി പറഞ്ഞത്. ചിലര്‍ക്കൊക്കെയുള്ള മറുപടിയായിരുന്നത്രെ അന്നത്തെ സ്ഥാനാര്‍ത്ഥിയാകാനുള്ള തീരുമാനം. ”ബിജെപിക്ക് വേണ്ടി മത്സരിച്ചാല്‍ ജയിക്കുമെന്ന് വിശ്വസിക്കാനുള്ള നൊസ്സൊന്നും എനിക്കുണ്ടായിരുന്നില്ല. പക്ഷേ സത്യം പറയുന്നവരെയും അതില്‍ ചരിക്കുന്നവരെയും സമൂഹത്തിലും രാഷ്ട്രീയത്തിലും ഒറ്റപ്പെടുത്താന്‍ പാടില്ലല്ലോ. അതാണ് ഞാന്‍ സ്ഥാനാര്‍ത്ഥിത്വം സ്വീകരിക്കാന്‍ കാരണം.” മാടമ്പ് മനയുടെ വരാന്തയില്‍ കാറ്റേറ്റിരുന്നുകൊണ്ട് ഒരിക്കല്‍ അദ്ദേഹം പറഞ്ഞു.
സാഹിത്യത്തിലും കലയിലും ബോധപൂര്‍വമായ സത്യധ്വംസനവും സംസ്കാരധ്വംസനവും അരങ്ങുതകര്ക്കുന്നതില് മാടമ്പ് കുഞ്ഞുകുട്ടന് ആകുലനായിരുന്നു. സ്വന്തം രചനകള്‍കൊണ്ട് അതിനൊരു പരിഹാരം കാണാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ദേശീയധാരയുടെയും ആദ്ധ്യാത്മികതയുടെയും പ്രേരണാസ്രോതസ്സായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിതം മലയാളി വായനക്കാര്‍ക്കും സാഹിത്യ സാംസ്കാരിക ലോകത്തിനും സഹൃദയര്‍ക്കും പരിചയപ്പെടുത്തിക്കൊടുക്കുക എന്നതായിരുന്നു അതിനായി സ്വീകരിച്ച മാര്‍ഗ്ഗം. ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിതത്തെയും ആശയത്തെയും ആദര്‍ശത്തെയും അവലംബിച്ചുകൊണ്ട് ചരിത്രയാഥാര്‍ത്ഥ്യങ്ങളെ ഉള്‍ച്ചേര്‍ത്ത് അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം എന്നീ നോവല്‍ ത്രയം മാടമ്പ് രചിക്കുകയുണ്ടായി. ഭാരതത്തിന്റെ ദേശീയതാസ്വത്വം നിലനില്‍ക്കുന്നത് അതിന്റെ ആദ്ധ്യാത്മിക പാരമ്പര്യത്തിലാണെന്നും, സര്വ്വസമഭാവനയോടെയുള്ള ജീവിതരീതിയാണത് മുന്നോട്ടുവയ്ക്കുന്നതെന്നും ഈ നോവല്‍ ത്രയത്തിലൂടെ മാടമ്പ് മലയാളികളോട് ഉറക്കെ പറഞ്ഞു.
ജയരാജിന്റെ കരുണം എന്ന സിനിമയുടെ തിരക്കഥയിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ മാടമ്പ് സിനിമാമേഖലയ്ക്ക് നല്കിയ സംഭാവനകള്‍ ചെറുതല്ല. ദേശാടനം എന്ന സിനിമയിലൂടെ മുന്നോട്ടു വച്ച കേരളീയ വേദപാരമ്പര്യത്തിന്റെയും ജീവിത ശൈലിയുടെയും ദര്‍ശനം, അതിനുള്ളിലെ മാനുഷിക വൈകാരിക വിഷയങ്ങളിലൂടെ പുതിയൊരുള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു. അഭിനേതാവ് എന്ന നിലയിലും അഭ്രപാളികളില്‍ നിറഞ്ഞുനിന്നുകൊണ്ട് പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കാനദ്ദേഹത്തിന് സാധിച്ചു. വടക്കുംനാഥ ക്ഷേത്രത്തിനു മുന്നില്‍ ആനയെക്കാള്‍ തലപ്പൊക്കമുള്ള ആനക്കാരനായി മാടമ്പ് കുഞ്ഞുകുട്ടന് നില്‍ക്കുമ്പോഴാണ് തൃശൂര്‍ നഗരം കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി മാറുന്നത്. കൊവിഡ് കവര്‍ന്നെടുത്ത എഴുത്തിന്റെ ലോകത്തെ പ്രതിഭാശാലികളില്‍ സുഗതകുമാരി ടീച്ചര്‍ക്ക് ശേഷം മറ്റൊരു തീരാനഷ്ടമായി മാടമ്പിന്റെ മരണം.
മാടമ്പിന്റെ വാക്കുകള്‍ കടമെടുത്തുകൊണ്ട് അവസാനിപ്പിക്കാം. ”ഭാരതത്തിന്റെ ദേശീയത ഹിന്ദുത്വമാണ്. അത് സനാതനമാണ്. അത് ആരും സൃഷ്ടിച്ചതല്ല. അതുകൊണ്ടുതന്നെ ആരാലും നശിപ്പിക്കാനും സാധിക്കില്ല. പക്ഷേ ആ സാംസ്കാരിക ജ്യോതിസ്സിന്റെ തെളിച്ചം സാധാരണക്കാര്‍ക്ക് മനസ്സിലാവുകയും, അവര്‍ക്ക് വഴികാട്ടിയുമാകണമെങ്കില് അവരുടെ ഭാഷയില്‍ പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നു. ഞാനെന്റെ സാഹിത്യത്തിലും കലയിലും ചെയ്തത് അതാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: