കൊട്ടാരക്കര: അറിവുകളും അക്ഷരങ്ങളും പുസ്തകക്കൂടുകളാക്കി ഗ്രാമം നിറച്ച പെരുംകുളം കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായി. ഇന്നലെ നടന്ന വായന പക്ഷാചരണ പരിപാടിയില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്.
ഗ്രാമത്തിന്റെ മുക്കിലും മൂലയിലും പുസ്തകക്കൂടുകള്‍ ഒരുക്കിയും, നോട്ടു എഴുതി നല്‍കിയും, ആട്ടോറിക്ഷയിലും മറ്റും കുട്ടികളുടെ അടുത്ത് പുസ്തകം എത്തിച്ചും കാര്‍ഷിക കൂട്ടായ്മ സംഘടിപ്പിച്ചും ഗ്രാമത്തെ ആകെ മാറ്റിയ ബാപ്പുജി വായനശാലയുടെ പ്രവര്‍ത്തനത്തിന്റെ മികവാണ് പുസ്തക ഗ്രാമം. കൊവിഡ് പ്രതിസന്ധിയില്‍ പെട്ടുപോയ കുട്ടികളുടെ നിലവാരം നിലനിര്‍ത്താന്‍ വായനാശീലം കൊണ്ട് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയായിരുന്നു വായന പക്ഷാചരണം.
കഴിഞ്ഞ വര്‍ഷം എം.ടി. വാസുദേവന്‍ നല്കിയ പേരാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ യഥാര്‍ഥ്യമായത്. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന 11 പുസ്തക കൂടുകളും അലങ്കരിച്ചു ഹാരം അര്‍പ്പിച്ചാണ് ബാപ്പുജി വായനശാല പ്രവര്‍ത്തകര്‍ ചടങ്ങ് ആഘോഷമാക്കിയത്. പെരുംകുളം ഗ്രാമത്തിനും ബാപ്പുജി വായനശാലയ്ക്കും ആശംസകള്‍ നേര്‍ന്നാണ് മുഖ്യമന്ത്രി വായനാദിനസന്ദേശം അവസാനിപ്പിച്ചത്.
ഞങ്ങളുടേത് വിശാലമായ കാഴ്ചപ്പാട്
വായനയിലൂടെ സാധാരണ മനുഷ്യനേക്കാള്‍ ബോധം എല്ലാവരിലും എത്തിക്കാനാണു ബാപ്പുജി വായനശാലയുടെ പുസ്തകകൂടുകള് കൊണ്ട് ലക്ഷ്യമിടുന്നത്. പുതിയ തലമുറ മൊബൈലും, കമ്പ്യൂട്ടറിലേക്കും ഒതുങ്ങുമ്പോള്‍ വീടിനു അടുത്ത്തന്നെ പുസ്തകങ്ങള്‍ എത്തിക്കാനും വായിക്കാനും പുസ്തക കൂടുകള്‍ക്ക് കഴിയും. കേവലം പെരുംകുളം മാത്രമല്ല കേരളത്തെ തന്നെ പുസ്തക സംസ്ഥാനമാക്കി മാറ്റാനുള്ള കാഴ്ചപാടാണ് ഉള്ളത്.
ഇത് ആനന്ദ നിമിഷങ്ങള്‍
വായിച്ചു വളരുക എന്ന ആശയത്തോടെ എന്റെ നാട് ഒരു പുസ്തകഗ്രാമം എന്ന വിശേഷണത്തിന് ഉടമയായി തീര്‍ന്നിരിക്കുകയാണ്. ബാപ്പുജി വായനശ്ശാല പ്രവര്‍ത്തകരുടെ നല്ലൊരു പരിശ്രമം ഇതിനു പിന്നിലുണ്ട്. വായനശാലയുടെ ഓരോ പ്രവര്‍ത്തങ്ങളും പ്രശംസനീയമാണ്, പ്രചോദനമാണ്. പുസ്തകഗ്രാമത്തിന്റെ ഒരു ഭാഗമാകാന്‍ സാധിച്ചതില്‍ വാര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ ഞാന്‍ അങ്ങേയറ്റം അഭിമാനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: